ന്യൂയോർക്ക്
മഹാമാരിക്കും എണ്ണമറ്റ സംഘർഷങ്ങൾക്കുമൊടുവിൽ വിവാഹവും പ്രണയവും ആഘോഷമാക്കി ലോകം. ഞായറാഴ്ച ലോക വിവാഹ ദിനമായിരുന്നു. തിങ്കൾ പ്രണയദിനവും. പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവർ ലോക വിവാഹദിനം ആഘോഷിച്ചു. പ്രണയദിന ഓർമകളും പ്രതീക്ഷകളുമായി സമൂഹ മാധ്യമങ്ങളും സജീവം.
കീശകാലിയാക്കുന്നതെങ്കിലും പറന്നുനടന്ന് പ്രണയം ആഘോഷിക്കാൻ കമിതാക്കൾക്കും ദമ്പതികൾക്കും അവസരം നൽകുകയാണ് അമേരിക്കൻ സ്റ്റാർട്ട് അപ് ലവ് ക്ലൗഡ്. വടക്കൻ ലസ് വേഗാസ് വിമാനത്താവളത്തിൽനിന്ന് പങ്കാളിക്കൊപ്പം ചാർട്ടേഡ് വിമാനത്തിൽ 45 മിനിറ്റ് പറന്നുനടക്കാൻ ഫീസ് 995 ഡോളർ (74,971 രൂപ). പൂർണ സ്വകാര്യതയാണ് കമ്പനി ഉറപ്പുനൽകുന്നത്. വിമാനത്തിൽ വിവാഹിതരാകണമെങ്കിൽ 1195 ഡോളർ. നൂറുഡോളർ കൂടി കൊടുത്താൽ ഭക്ഷണവും ലഭിക്കും.