കണ്ണൂർ: തോട്ടടയിൽ ബോംബേറിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. കൊല്ലപ്പെട്ട ജിഷ്ണു,ബോംബെറിഞ്ഞ സംഘത്തിൽപ്പെട്ടയാൾ തന്നെയാണെന്ന് ദൃക്സാക്ഷി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വിവാഹത്തലേന്നുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണമുണ്ടായതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
അതേസമയം ബോംബ് പൊട്ടുന്ന സമയത്തെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. ബാൻഡ് മേളത്തിനിടയിൽ ബോംബ് പൊട്ടുന്നതും ആളുകൾ ഓടി മാറുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പോലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. ബോംബ് എറിഞ്ഞുവെന്ന് കരുതുന്ന ഒരാളെ പോലീസിന് ഇനിയും പിടികിട്ടാനുണ്ട്.
ഈ സംഘത്തിൽ പതിനെട്ടോളം പേരുണ്ടായിരുന്നു. ഇവരിൽ പലർക്കും ബോംബ് എറിയുന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ബോംബ് പൊട്ടുമ്പോൾ ഇവരിൽ പലരും ഭയന്ന് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.
ജിഷ്ണുവിന്റെ കയ്യിൽ ബോംബ് ഉണ്ടായിരുന്നോ എന്ന് പോലീസിനും ദൃക്സാക്ഷികൾക്കും സംശയമുണ്ട്.ആസൂത്രിതമായാണ് സംഘം ബോംബെറിഞ്ഞതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നാണ് പോലീസ് നൽകുന്ന സൂചന.
Content Highlights: kannur bomb explosion