മല കയറി കുടുങ്ങിയ ബാബുവിനെ സൈന്യം തിരിച്ചെത്തിച്ചത് അതിജീവനത്തിന്റെ ആഘോഷമാവുമ്പോൾ… നടുക്കടലിൽ ദിക്കറിയാതെ ദിശയറിയാതെ കുടിക്കാൻ വെള്ളമില്ലാതെ മരണത്തോട് മല്ലടിച്ച് അതിജീവനത്തിന്റെ കരയിലേക്ക് കയറിയ ക്രിസ്റ്റിയുടെയും മറ്റ് മൂന്ന് മത്സ്യത്തൊഴിലാളികളുടെയും തിരിച്ചുവരവ് ആഘോഷമാക്കിയ കാലം ശക്തികുളങ്ങരയുടെ ഓർമയിലുമുണ്ട്. അത് പങ്കുവെക്കാൻ ക്രിസ്റ്റിയുമുണ്ട്. ആ ഓർമകളിതാ…..
മുപ്പത്തിയാറ് വർഷം മുമ്പ് ഒരു ജൂൺ 23നായിരുന്നെന്നാണ് ഓർമ. സിന്ധുസുധ എന്ന ബോട്ടിലായിരുന്നു ഞങ്ങൾ മീൻ പിടിക്കാൻ പോയത്. അന്നൊക്കെ പുലർച്ചെ പോയി ഉച്ചയ്ക്ക് തിരിച്ചുവന്ന് വീട്ടിൽ വന്ന് ചോറ് കഴിക്കുന്നതാണ് പതിവ്. ഒരു കന്നാസ് വെള്ളവും കുറച്ച് അരിയും കരുതലായി കൊണ്ടുപോവും. പാചകം ചെയ്യാറില്ല.
പുലർച്ചെയാണ് പുറപ്പെട്ടത്. ഞാൻ ആ ബോട്ടിൽ ആദ്യമായി പോവുകയായിരുന്നു. മറ്റ് മൂന്നുപേരിൽ ഒരാൾ മാത്രമാണ് ഈ ബോട്ടിൽ നേരത്തെ പോയി പരിചയമുള്ളത്. ബോട്ട് അത്ര കണ്ടീഷൻ ആയിരുന്നില്ല. ഏതാണ്ട് 20 നോട്ടിക്കൽ മൈൽ പോയികാണും. ഒരു തവണ വലയിട്ട് കയറ്റി. സമയം എട്ടുമണിയായി കാണും. പെട്ടെന്ന് എൻജിൻ നിശ്ചലമായി. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ശരിയാവുന്നില്ല. ചാറ്റൽ മഴയുണ്ടായിരുന്നു. അത് പെട്ടെന്ന് കാറ്റും കോളുമായി മാറി. ബോട്ട് കാറ്റിനനുസരിച്ച് ഒഴുകാൻ തുടങ്ങി. വെള്ളക്കേടുള്ള ബോട്ടായതിനാൽ വെള്ളം കയറാനും തുടങ്ങി. നാലുപേരും ചേർന്ന് വെള്ളം കോരാൻ തുടങ്ങി.
ഇന്നത്തെ പോലെ വയർലസും ജി.പി.എസും ഒന്നുമില്ല. വേറെ ഏതെങ്കിലും ബോട്ട് വരുമെന്ന് നോക്കിയെങ്കിലും ഒന്നിനേയും കാണാനുമില്ല. അന്ന് പൊതുവെ ബോട്ട് കുറവാണ്. കാലവസ്ഥ മോശമായതു കൊണ്ട് അന്നാരും ഇറങ്ങിയില്ലെന്നും തോന്നുന്നു. ഇളകിമറിയുന്ന കടലിൽ ഞങ്ങൾ നാലും ബോട്ടും മാത്രം. ഏതെങ്കിലും ബോട്ട് വരുമെന്ന പ്രതീക്ഷയോടെ വർത്തമാനവും പറഞ്ഞിരുന്നു. ബോട്ട് ഒരു ലക്ഷ്യവുമില്ലാത്ത പോലെ ഒഴുകി കൊണ്ടിരുന്നു. രാത്രിയായി. എട്ടുമണി വരെ തങ്കശ്ശേരി ലൈറ്റ് ഹൗസിന്റെ വെളിച്ചം കാണുന്നുണ്ടായിരുന്നു. പിന്നെ അതും മറഞ്ഞു.
പിറ്റേ ദിവസം രാവിലെ നല്ല വെയിൽ. കന്നാസിൽ ഉണ്ടായിരുന്ന ഇത്തിരി വെള്ളം തട്ടിമറിഞ്ഞ് അരിയെല്ലാം നനഞ്ഞു. ചെറിയ ടെൻഷൻ തോന്നിതുടങ്ങി. ആരെങ്കിലും വരുമെന്ന പ്രതീക്ഷ അപ്പോഴുമുണ്ടായിരുന്നു. മൂന്നാം ദിവസം ദിവാകരേട്ടൻ നിലവിളിച്ച് കൊണ്ട് ഒറ്റ വീഴ്ചയായിരുന്നു. എനിക്ക് രണ്ട് പെൺമക്കളാണെന്നും പറഞ്ഞ് കമിഴ്ന്നടിച്ചങ്ങ് കരയാൻ തുടങ്ങി. ഞങ്ങൾ മൂന്നു പേരും ചേർന്ന് ആശ്വസിപ്പിച്ചു.
നാലാം ദിവസം മുതലാണ് വെള്ളം കിട്ടാത്തതിന്റെ പ്രാണ വെപ്രാളം തുടങ്ങിയത്. കൂട്ടത്തിൽ ഒരാൾ ഞങ്ങളോടൊന്നും പറയാതെ സ്വന്തം മൂത്രം എടുത്ത് കുടിച്ചു. ഇതിനിടയിൽ വെള്ളം കോരിക്കളയണം. ഇടയ്ക്ക് വർത്തമാനം പറഞ്ഞിരിക്കും. അങ്ങിനെ ഒഴുകികൊണ്ടേയിരുന്നു. അഞ്ചാം ദിവസം മുതലാണ് എന്റെയുള്ളിലും ടെൻഷൻ തുടങ്ങിയത്. അതുവരെ ആരെങ്കിലും വരും കാണും എന്നൊക്കെയായിരുന്നു പ്രതീക്ഷ. ഇടയ്ക്ക് കാറ്റിന്റെ ശക്തി കണ്ടപ്പോ ഞങ്ങൾ ടാർപ്പായ അഴിച്ച് കാറ്റിന് അനുകൂലമായി പിടിച്ചു. കുറേ ദൂരം കിഴക്കോട്ട് പോയെന്നു തോന്നുന്നു. പെട്ടെന്ന് കാറ്റ് മാറി വീണ്ടും പോയ ദിശയിലേക്ക് തന്നെ തിരിച്ചുപോന്നു. അതോടെ ആ പരിപാടി നിർത്തി.
ആറാം ദിവസം എല്ലാവരും കരയാൻ തുടങ്ങി. പ്രാർഥിക്കാനും. അന്ന് ഒരു കപ്പൽ കണ്ടു. ഒഴുകിയൊഴുകി ഞങ്ങൾ കപ്പൽ ചാലിൽ എത്തിയിരിക്കുകയാണെന്ന് മനസിലായി. കപ്പലു കണ്ടപ്പോ ഒരു ഉത്സാഹം വന്നു. അവർ ഞങ്ങളെ രക്ഷിക്കും എന്നു പ്രതീക്ഷിച്ചു. പക്ഷെ ഇടിച്ചു ഇടിച്ചില്ലെന്ന മട്ടിൽ അതങ്ങ് കടന്നു പോയി. ഓളതള്ളലിൽ ബോട്ട് ഉലഞ്ഞു. മനസും. ഇനി രക്ഷയില്ലേ എന്നു തോന്നി തുടങ്ങി. വെള്ളം കോരി കോരി എല്ലാവരും തളർന്നു.
ഏഴാം ദിവസം ഒരു തുള്ളിവെള്ളമെങ്കിലും കിട്ടിയെങ്കിൽ എന്നു കരുതി ഞാൻ റേഡിയറ്റർ അഴിച്ചു നോക്കി. അതിലെ വെള്ളം ഓയിലൊക്കെ കലർന്ന് ഒരു മാതിരിയായിരുന്നു. എന്നാലും വരുംപോലെ വരട്ടെ എന്നു കരുതി അതങ്ങ് കുടിച്ചു. ഏഴും എട്ടും ദിവസങ്ങൾ ഇതേ അവസ്ഥയിൽ കടന്നു പോയി. ഇനി വെള്ളം കോരാൻ വയ്യ എന്ന അവസ്ഥയായി. വെള്ളം കയറി ബോട്ട് താഴ്ന്നു പോവാൻ സാധ്യതയുണ്ടെന്നും തോന്നി. ബോട്ടിലുണ്ടായിരുന്ന നാല് കന്നാസ് എടുത്ത് നന്നായി അടച്ചു. ബോട്ടിന്റെ മേലത്തെ പലക പറിച്ച് കന്നാസിനു മേലെ വെച്ച് കെട്ടി. വലയെടുത്ത് അതിന്റെ മേലെയിട്ടു. അവസാനത്തെ കച്ചിതുരുമ്പ് പോലെ ഒരു യാനം അങ്ങുണ്ടാക്കി. മരിക്കുന്നെങ്കിൽ ഇനി ഇതിൽ കിടന്നങ്ങ് മരിക്കാം. രക്ഷപ്പെടുകയാണെങ്കിൽ രക്ഷപ്പെടാം എന്നു മാത്രം വിചാരിച്ചു. ഞങ്ങളീ ബോട്ടിൽ തന്നെ കിടന്ന് മരിച്ചോളാം. നിങ്ങൾ അതിലേക്ക് മാറിക്കോ എന്നു പറഞ്ഞു ദിവാകരനും രാധാകൃഷ്ണനും അതിൽ കയറാൻ കൂട്ടാക്കിയില്ല. ഞാനും ക്ളീറ്റസ് ചേട്ടനും കന്നാസ് ബോട്ടിൽ കയറി കിടന്നു. കിടക്കാനേ പറ്റൂ. നിൽക്കാനൊന്നും പറ്റുന്ന അവസ്ഥയിലായിരുന്നില്ല അപ്പോൾ. അങ്ങിനെ വീണ്ടുമൊരു പൊങ്ങുതടിപോലെ ഞങ്ങളുടെ ജീവനിങ്ങനെ ഒഴുകി നടന്നു. രാവും പകലും കടലും തിരമാലകളും മാത്രം സത്യം. മറ്റൊന്നും മനസിലാവുന്നില്ല. ഒമ്പതാം ദിവസം രാവിലെ ഏഴുമണിയായി കാണും, കന്നാസ് തോണിയിൽ കിടന്ന ക്ളീറ്റസ് ചേട്ടൻ പറഞ്ഞു. ഒരു ബോട്ടിന്റെ ഒച്ച കേക്കുംപോലെ… എനിക്കൊന്നും കേക്കാൻ വയ്യ.
ചെവിയിൽ കടലിന്റെ ഇരമ്പം മാത്രം. ഒരു കാര്യം ചെയ്യ്. ക്ളീറ്റസ് ചേട്ടൻ ഒന്ന് നിക്ക്. ഞാൻ പിടിക്കാം. എന്റെ തോർത്തും ഊരി കൊടുത്തു. അതൊന്ന് വീശി കാണിക്കാൻ പറഞ്ഞു. ക്ളീറ്റസ് ചേട്ടൻ പാടുപെട്ട് എണീറ്റു നിന്നു. ശരിയാ ദൂരെ ഒരു ബോട്ട് കാണുന്നുണ്ട്. അത് ഞങ്ങളെ ലക്ഷ്യമാക്കിയാണ് വരുന്നത്. ബോട്ട് അടുത്തെത്തി. ശ്രീലങ്കകാരുടെ ചൂണ്ടബോട്ടാണ്. അതിന് നല്ല ഉയരമുണ്ട്. ഡ്രൈവർ ഇരിക്കുന്നത് ഉയരത്തിലാണ്. അയാൾ ഞങ്ങളെ ദൂരെ നിന്നേ കണ്ടു. ബോട്ട് അടുത്തെത്തിയപ്പോ ആശ്വാസം ആയി. അവർ റോപ്പിട്ട് തന്ന് ഞങ്ങളെ ബോട്ടിൽ കയറ്റി. ഞാൻ കുട്ടിക്കാലത്ത് അപ്പനോടൊപ്പം നെയ്വേലിയിൽ ആയിരുന്നതുകൊണ്ട് തമിഴ് അറിയാമായിരുന്നു. അവരോട് തമിഴിൽ സംഭവിച്ചതെല്ലാം പറഞ്ഞു. ഞങ്ങളുടെ ബോട്ട് ഒന്നു നോക്കണം. അതിൽ രണ്ട് പേരുകൂടെയുണ്ട്. അവരെ കൂടി കണ്ടെത്തണം. ഞാൻ പറഞ്ഞു. അങ്ങിനെ ഏതാണ്ടൊരു ലക്ഷ്യം വെച്ച് ബോട്ട് ഓടിച്ചുനോക്കി. ഒന്നരമണിക്കൂർ പോയപ്പോ ബോട്ട് കണ്ടു. മുങ്ങികൊണ്ടിരിക്കുന്ന ബോട്ടിൽ രണ്ടുപേരും ജീവനോടെയുണ്ടായിരുന്നു. അപ്പോ തോന്നിയ ഒരാശ്വാസം ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റില്ല. അവരു കൂടെയില്ലാതെ ജീവൻ തിരിച്ചുകിട്ടിയിട്ട് എന്തുകാര്യം. അവരെ കണ്ടതും ഞങ്ങളെല്ലാം കരയുകയായിരുന്നു. എവിടെ നിന്നോ കണ്ണുനീർ കുടുകുടാ ഒഴുകുന്നു. കണ്ട് നിന്നവരുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു.
ഞങ്ങളെന്താ ചെയ്യേണ്ടതെന്ന് അവര് ചോദിച്ചു. ശ്രീലങ്കയിൽ എൽ.ടി.ടി പ്രശ്നം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് അവർക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഏതെങ്കിലുമൊരു കരയിൽ ഞങ്ങളെ കൊണ്ടിട്ടാലും മതിയെന്നാണ് ആദ്യം പറഞ്ഞത്. ജീവൻ തിരിച്ചുകിട്ടിയല്ലോ. പിന്നെ നിങ്ങൾ ഇറങ്ങുന്നതിനടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിച്ചാൽ മതിയെന്നു പറഞ്ഞു. അവരുടെ കയ്യിലുള്ള വെള്ളവും പാതിയായിരുന്നു. അത് കുറേശ്ശെ കുടിച്ചു. അവര് ചായയിട്ടു തന്നു. ഭക്ഷണം തന്നെങ്കിലും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. വൈകീട്ട് അഞ്ചുമണിയോടെ ഞങ്ങൾ നീർകൊളമ്പ് ഹാർബറിൽ എത്തി.
ഞങ്ങൾ ഹാർബറിൽ ഇരുന്നു. അവര് പോലീസിനെ വിളിക്കാൻ പോയി. പെറ്റ തള്ള കണ്ടാൽ തിരിച്ചറിയാത്ത കോലത്തിലായിരുന്നു ഞങ്ങളെല്ലാം. മേലൊക്കെ പുള്ളി. വെയിലേറ്റ് തൊലിയെല്ലാം എന്തോ മാതിരി. ഓയിൽ പുരണ്ടതിന്റെ കോലക്കേട് വേറെയും. മലയാളം അറിയാവുന്ന ഒരാളും അവിടെ വന്നു. തൃശ്ശൂരുകാരനാണ്. എനിക്ക് തമിഴ് അറിയാമെങ്കിലും ഇനി തമിഴിലിൽ ഒന്നും പറയണ്ടെന്ന് അയാൾ പറഞ്ഞു. അത് വലിയ ഉപകാരമായി. അല്ലെങ്കിൽ അടി വേറെ കിട്ടിയേനേ. ആറരയായപ്പോ പോലീസ് എത്തി. വന്ന ഉടനെ ഞങ്ങളുടെ കൂട്ടത്തിൽ തടി കൂടുതലുണ്ടായിരുന്ന രാധാകൃഷ്ണനിട്ട് തോക്കിന്റെ പാത്തികൊണ്ട് ഒന്നു കൊടുത്തു. എല്ലാവരേയും ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി. സെല്ലിലിട്ട് പൂട്ടി. പിന്നീട് അവരുടെ കമ്മീഷണറെ അറിയിച്ചു. അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി. അദ്ദേഹം മലയാളം അറിയാവുന്ന ഒരാളെ വിളിപ്പിച്ചു. കാര്യങ്ങളെല്ലാം സംസാരിച്ചു. കമ്മീഷണർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. നാട്ടിൽ ഞങ്ങളെ തിരക്കികൊണ്ടിരിക്കുന്ന കാര്യം എംബസി ഉദ്യാഗസ്ഥർ പറഞ്ഞതോടെ ഇവർക്ക് കാര്യങ്ങൾ ബോധ്യമായി. ഹെലികോപ്റ്ററിൽ ഞങ്ങളെ തിരയുന്ന കാര്യമൊക്കെ അപ്പോഴാണ് ഞങ്ങളും അറിയുന്നത്.
അങ്ങിനെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞങ്ങളെ എംബസിക്ക് കൈമാറി. നടക്കുമ്പോൾ ആടിപോവുന്നുണ്ടായിരുന്നു. വെള്ളമല്ലാതെ ഒന്നും കഴിക്കാനും പറ്റുന്നുണ്ടായിരുന്നില്ല. ദിവാകരൻ എന്തോ എടുത്ത് കഴിച്ചു. ബോധവും പോയി. വെള്ളം തളിച്ചാണ് പിന്നെ എഴുന്നേൽപ്പിച്ചത്. ആശുപത്രിയിൽ കൊണ്ടുപോവുന്നത് പോലും സേഫല്ലെന്ന് അവർ പറഞ്ഞു. അത്രയ്ക്ക് രൂക്ഷമായിരുന്നു അവിടെ പ്രശ്നങ്ങൾ. പിന്നെ കുളിച്ചപ്പോ അൽപം ആശ്വാസം തോന്നി. അവിടുന്നു ഒരു പാർട്ടി ഓഫീസിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ടിക്കറ്റ് കിട്ടിയാൽ ഉടനെ കയറ്റി വിടാമെന്നും പറഞ്ഞു. കുറച്ച് കാശും തന്നു. പോവും വഴി ഞാനൊരു ജീൻസ് വാങ്ങി. കൂടെയുള്ളവർ ലുങ്കിയും ഷർട്ടും.
അന്ന് നാട്ടിലെ അവസ്ഥ ഞാൻ പറയാം. കഥ കേട്ടുകൊണ്ടിരുന്ന സമീപവാസിയും കാലടി സർവകലാശാല റിട്ടയേഡ് പ്രൊഫസറുമായ തോമസ് താമരശ്ശേരി പറഞ്ഞു. കാണാതായി ഒരു വിവരവും കിട്ടാതായതോടെ നാടാകെ സങ്കടത്തിലായി. ക്രിസ്റ്റിയുടെ ചില സുഹൃത്തുക്കൾ വെള്ളം പോലും കുടിച്ചില്ല. അവനിങ്ങ് വരുമെന്ന് അമ്മ മാത്രം പറയുന്നുണ്ടായിരുന്നു. മൂന്നാം പക്കം ഞങ്ങൾ തീരം മുഴുവൻ നടന്നു. എവിടെയെങ്കിലും അടിഞ്ഞിട്ടുണ്ടോ എന്നു നോക്കാൻ. ഏഴാം ദിവസം അടിയന്തര കർമ്മങ്ങളെ പറ്റി ആലോചി്ച്ചു. പുറത്തുള്ള സഹോദരനെ നാട്ടിലേക്ക് വരുത്തിക്കാൻ ഏർപ്പാടാക്കി. അങ്ങിനെയിരിക്കെ ഒരു ദിവസം രാവിലെ 7.30 ന്റെ ഡൽഹി ന്യൂസിലാണ് വാർത്ത വരുന്നത്. നാലു മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത. അതൊരു ഉണർവ്വായിരുന്നു. ഈ കര മാത്രമല്ല. കൊല്ലം മുഴുവൻ അങ്ങ് ഉണർന്നു. അന്നത്തെ കളക്ടർ സി.വി. ആനന്ദബോസ് നേരിട്ട് വന്ന് വാർത്ത വീട്ടിൽ അറിയിച്ചു. സഹോദരനോട് യാത്ര മാറ്റിവെച്ചോളാൻ അറിയിച്ചു.
ടിക്കറ്റ് കിട്ടാൻ പിന്നെയും രണ്ട് ദിവസം കഴിഞ്ഞു. അപ്പോഴേക്കും കുറേശ്ശേ ഭക്ഷണം കഴിച്ചു തുടങ്ങി. ക്രിസ്റ്റി കഥ തുടർന്നു. പോയതിന്റെ 14-ാം നാൾ തിരുവനന്തപുരത്ത് വന്നിറങ്ങുമ്പോൾ എയർപോർട്ടിൽ തന്നെ വലിയ ഉത്സവമായിരുന്നു. ബൊക്കെ തന്നാണ് സ്വീകരിച്ചത്. നാട്ടുകാർ അവിടെ ഒത്തുകൂടി. ഇവിടെയെത്തിയപ്പോ പറയണ്ട വലിയ മേളം തന്നെയായിരുന്നു. ശരിക്കും അതൊരു രണ്ടാം ജൻമം തന്നെയായിരുന്നു. പിന്നീട് ആനന്ദബോസ് സാർ ഞങ്ങളെ പ്രത്യേകം പരിഗണിച്ചു. എനിക്ക് ഡി.ടി.പി.സി.യിൽ ജോലി തന്നു. ക്ളീറ്റസിന് മത്സ്യഫെഡിലും. മറ്റുള്ളവർക്കും ജോലി കൊടുത്തു. എപ്പോ വേണമെങ്കിലും അദ്ദേഹത്തെ പോയി കാണാം. എന്തും പറയാം എന്ന രീതിയിലുള്ളബന്ധമായി അത്. ഡി.ടി.പി.സി.യിലെ ജോലികൊണ്ടു കുടുംബം പുലർത്താൻ പറ്റില്ലെന്ന് മനസിലായി ഞാൻ ഗൾഫിലേക്ക് വിട്ടു. ഖത്തറിലും ദുബായിലുമെല്ലാം പോയി. അവിടെയൊക്കെ കടലിൽ തന്നെയായിരുന്നു ജീവിതം. ആഡംബര നൗകകളിൽ. ഇപ്പോൾ ഹൗസ്ബോട്ട് ഓടിക്കാൻ പോവാറുണ്ട്. ജീവിതം ഇങ്ങനെ തുടരുന്നു. ബാബുവിന്റെ അതിജീവനം നാട് ആഘോഷിക്കുമ്പോൾ ഇതൊക്കെ ഓർത്തുപോയി. അല്ലെങ്കിലും അതങ്ങിനെ മറക്കാൻ പറ്റുന്നതല്ലല്ലോ…. ക്രിസ്റ്റി പറഞ്ഞു.
ഇതെല്ലാം കേട്ട് കൊച്ചുമകൻ അപ്പാപ്പനെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. അവസാനശ്വാസം വരെ മനസാന്നിധ്യം വിടാതിരിക്കുക, ആപത്ഘട്ടത്തിലെ ആപ്തവാക്യം അതാണ്. ക്രിസ്റ്റിയുടെ ജീവിതവും ഈ പാഠമാണ് പകർന്നു തരുന്നത്. ഒറ്റിത്തോട്ടിൽ അലക്സ് ഫ്രെഡിനാ ദമ്പതികളുടെ മകനാണ് ക്രിസ്റ്റി. ഭാര്യ ബ്രിജിറ്റ്. മക്കൾ ബെൻസിറ്റി. ക്രിസ്റ്റീന.
Content Highlights: Fisherman,survival story,Lost at Sea