കണ്ണൂര്> ബോംബ് സ്ഫോടനത്തിന്റെ നടുക്കത്തില് പകച്ച് തോട്ടട പന്ത്രണ്ടുകണ്ടി പ്രദേശം. ഉഗ്രശേഷിയുള്ള നാടന്ബോംബിനൊപ്പം ഇരുപത്തിയാറുകാരന്റെ തലച്ചോറും ചിന്നിച്ചിതറിയതിന്റെ ഭീതിയിലാണ് നാട്ടുകാര്. ഏച്ചൂര് സ്വദേശിയായ ജിഷ്ണുവാണ് ബോംബ് സ്ഫോടനത്തില് മരിച്ചത്.
ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില് വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപ്പാര്ടി വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സ്ഫോടനം. വധൂവരന്മാര് ഉള്പ്പെടെ അമ്പതോളംവരുന്ന ആളുകള് നടന്നുനീങ്ങുമ്പോഴായിരുന്നു ബോംബേറ്. ആളുകള് ചിതറിയോടി. ജിഷ്ണുവിന്റെ തലയോട്ടി ചിതറി നടുറോഡില് മരിച്ചുവീണു. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത രണ്ട് ബോംബ് കണ്ടെടുത്തു.
ചാല പന്ത്രണ്ടുകണ്ടിയിലെ ഷമലിന്റെ കല്യാണവുമായി ബന്ധപ്പെട്ട് ജിഷ്ണുവും സുഹൃത്തുക്കളും ശനിയാഴ്ച രാത്രി മുതല് വിവാഹവീട്ടിലെത്തിയിരുന്നു. വിവാഹത്തലേന്ന് രാത്രി വൈകി ഉച്ചത്തില് പാട്ട് വച്ചതുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ചിലരുമായി വാക്കേറ്റമുണ്ടായി. ഇത് നാട്ടുകാര് ഇടപെട്ട് പരിഹരിച്ചിരുന്നു. ഇതിന്റെ വിദ്വേഷം ബോംബേറില് കലാശിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. വിവാഹവീടിന് 150 മീറ്റര് അകലെ മനോരമ പ്രസിന്റെ പിറകുവശത്തെ ഗേറ്റിനടുത്താണ് സംഭവം.
വിവാഹപ്പാര്ടി വരുന്നതുകാണാന് സമീപത്തെ വീട്ടുമതിലിലിരുന്ന സ്ത്രീകളടക്കമുള്ളവര് സംഭവം കണ്ടിരുന്നു. പുകപോലുള്ള സ്പ്രേ അന്തരീക്ഷത്തില് പടര്ന്നതിനാല് ബോംബെറിഞ്ഞതാരെന്ന് വ്യക്തമായില്ല. സ്ഫോടനം നടന്നയുടന് ഒരുസംഘം ഓടി രക്ഷപ്പെടുന്ന ദൃശ്യം സിസിടിവിയില്നിന്ന് ലഭിച്ചിട്ടുണ്ട്. കണ്ണൂര് സിറ്റി അസി. പൊലീസ് സൂപ്രണ്ട് പി പി സദാനന്ദന്റെ നേതൃത്വത്തില് ഇന്ക്വസ്റ്റ് നടത്തി.