തിരുവനന്തപുരം> തുമ്പ ആറാട്ടുവഴി കടപ്പുറത്ത് കൂറ്റന് സ്രാവ് കരയ്ക്കടിഞ്ഞു. ഉടുമ്പന് സ്രാവ് എന്ന് വിളിക്കുന്ന തിമിംഗല സ്രാവാണ് കരയ്ക്കടിഞ്ഞത്. രണ്ട് ടണ് ഭാരവും അഞ്ച് മീറ്റര് നീളവുമുണ്ട്.
തുമ്പയില്നിന്ന് പരമ്പരാഗത വെള്ളത്തില് മീന് പിടിക്കാന് പോയ ബീമാപള്ളി സ്വദേശി ഷാഹൂലിന്റെ കമ്പവലയിലാണ് സ്രാവ് പെട്ടത്. വേളാപ്പാര ഇനത്തില്പ്പെട്ട മീനായിരിക്കുമെന്ന് കരുതി തീരക്കടലില് എത്തിച്ചപ്പോഴാണ് സ്രാവാണെന്ന് മനസ്സിലായത്. കരയ്ക്കടിഞ്ഞ സമയത്ത് ജീവനുണ്ടായിരുന്നു. അല്പ്പസമയത്തിനുള്ളില് ചത്തു.
സ്രാവ് വലയില് കുടുങ്ങിയതോടെ വലയുടെ ഒരുഭാഗം നശിച്ചു. വലയുടെ ബാക്കി ഭാഗം അറുത്താണ് മീനിനെ പുറത്തെത്തിച്ചത്. കരയിലെത്തിയ സ്രാവിനെ കടലിലേക്ക് തിരിച്ചുവിടാന് മത്സ്യത്തൊഴിലാളികള് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സ്രാവിന്റെ ചെകിളയില് വന്തോതില് മണല് അടിച്ചുകയറിയതാണ് മരണകാരണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള് പറഞ്ഞു.
തീരദേശ സേനയും വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തി മീന് ചത്തെന്ന് ഉറപ്പാക്കി. സംഭവസ്ഥലത്ത് കഠിനംകുളം പഞ്ചായത്ത് മെമ്പര് ഡൊറിന് ജേക്കബ് നടപടികള്ക്ക് നേതൃത്വം നല്കി.