കോഴിക്കോട്> ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎൻഎൽ) സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടു. നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി, സംസ്ഥാന കൗണ്‍സില്‍ എന്നിവ പിരിച്ചുവിടാൻ ഞായറാഴ്ച ഓണ്‍ലൈനായി ചേർന്ന ദേശീയ നിര്‍വഹക സമിതി യോഗം തീരുമാനിച്ചു. പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2022 മാര്‍ച്ച് 31ന് മുമ്പായി പുതിയ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി ചുമതലയേല്‍ക്കുന്ന വിധം അംഗത്വം കാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കുന്നതിന് ഏഴംഗ അഡ്ഹോക് കമ്മിറ്റിയെ അധികാരപ്പെടുത്തി. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലാണ് കമ്മറ്റി ചെയർമാൻ.
അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ എസ് ഫക്രൂദ്ദീന്‍, ദേശീയ ട്രഷറര്‍ ഡോ എ എ അമീന്, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പ്രൊഫ എ പി അബ്ദുല്‍ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി ഹംസ ഹാജി, വൈസ് പ്രസിഡന്റ് എം എം മാഹീന് എന്നിവരാണ് അഡ്ഹോക് കമ്മിറ്റി അംഗങ്ങള്‍.