തിരുവനന്തപുരം: ഡോക്ടർമാർ ചികിത്സാ രംഗത്തേക്ക് കടക്കുന്നതിന് മുൻപ് നടത്തുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം ചരക പ്രതിജ്ഞ ചൊല്ലണമെന്ന ദേശീയമെഡിക്കൽ കമ്മീഷൻ നിർദേശത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ).
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് രൂപംനൽകിയ പ്രതിജ്ഞ 1948-ൽ ലോകാരോഗ്യ സംഘടനപരിഷ്കരിക്കുകയും ആഗോളതലത്തിൽ ഉപയോഗിക്കാൻ തുടങ്ങിയതുമാണ്. അതുമാറ്റി പകരം ചരക പ്രതിജ്ഞ കൊണ്ടുവരുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന് യോജിച്ചതല്ലെന്ന് ഐ.എം.എ അഭിപ്രായപ്പെടുന്നു. ഹിപ്പോക്രാറ്റസ് പ്രതിജ്ഞ കാലാനുസൃതമായി പരിഷ്കരിച്ചതാണ്. 2017ലെ പതിപ്പാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ രൂപം നൽകിയതല്ലെന്നും പ്രസ്താവനയിൽ ഐ.എം.എ പറയുന്നു.
സ്ത്രീ രോഗികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കുന്നതും അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതും ശാസ്ത്രീയതയ്ക്ക് അനുയോജ്യമല്ലാത്തതുമായ പല കാര്യങ്ങളും ചരക പ്രതിജ്ഞയിൽ ഉൾപ്പെടുന്നുവെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.
ഈ പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആഗോള കൂട്ടായ്മയിൽ നിന്ന് നമ്മെ ഒറ്റപ്പെടുത്തുന്നതിനും ആധുനിക ചികിത്സാ മേഖലയെ തന്നെ പിന്നോട്ടടിക്കുന്നതിനും ഇടയാക്കുമെന്ന്ഭയപ്പെടുന്നതായും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. തെറ്റായ നിലപാടുകൾ തിരുത്താൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകണമെന്നും ഡോക്ടർമാരുടെ സംഘടനയുടെ കേരള ഘടകം ആവശ്യപ്പെട്ടു.
Content Highlights: ima against charaka oath for doctors















