തിരുവനന്തപുരം > തിരുവനന്തപുരം കോര്പറേഷൻ ചന്തവിള വാര്ഡ് കൗണ്സിലര് ബിനുവിനെ എസ്ഡിപിഐ പ്രവര്ത്തകര് മര്ദ്ദിച്ചു. കൂടെയുണ്ടായിരുന്ന പ്രവര്ത്തകനും മര്ദനമേറ്റു. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് ബിനുവിനുനേരെ ആക്രമണമുണ്ടായത്.
കാറില് യാത്ര ചെയ്യുകയായിരുന്ന ബിനുവിനെ മൂന്ന് ബൈക്കുകളിലെത്തിയ എസ്ഡിപിഐ സംഘം വാഹനം തടഞ്ഞ് നിര്ത്തി മര്ദ്ദിക്കുകയായിരുന്നു. ആക്രമണം ഉണ്ടായ ആലൂമൂട് കവലക്ക് രണ്ട് കിലോമീറ്റര് അകലെയുള്ള മറ്റൊരു സ്ഥലത്ത് വെച്ച് കാര് പാര്ക്ക് ചെയ്യുന്നതിനെ ചൊല്ലി എസ്ഡിപിഐ പ്രവര്ത്തകരുമായി നിസാര വാക്ക് തര്ക്കം ഉണ്ടായിരുന്നു.
ഇതിനെ തുടര്ന്നാണ് ബൈക്കിലെത്തിയ സംഘം ബിനുവിനേയും സിപിഐ പ്രവര്ത്തകന് ആയ ജസീമിനെയും ആക്രമിച്ച് പരിക്കേല്പ്പിച്ചത്. കണിയാപുരം മസ്താന് മുക്ക് സ്വദേശികള് ആയ എസ്ഡിപിഐ സംഘം ആണ് ആക്രമിച്ചതെന്ന് ബിനു പറഞ്ഞു. മര്ദ്ദനത്തില് ബിനുവിന്റെ കൈക്ക് പരിക്കേറ്റതിനെ തുടര്ന്ന് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സ തേടി. ബിനുവിനെ കഴക്കൂട്ടം എംഎല്എ കടകംപള്ളി സുരേന്ദ്രന് വീട്ടിലെത്തി സന്ദര്ശിച്ചു. എസ്ഡിപിഐ ക്രിമിനലുകളെ ഉടന് അറസ്റ്റ് ചെയ്യണമെന്ന് കടകംപ്പള്ളി ആവശ്യപ്പെട്ടു. നഗരസഭ ഡെ. മേയര് പി കെ രാജുവും കടകംപള്ളിയോടൊപ്പം ഉണ്ടായിരുന്നു.















