പാലക്കാട്> ഏറ്റവും സുരക്ഷിതമാകേണ്ട പാളം അറ്റകുറ്റപ്പണിപോലും സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ച് മനുഷ്യജീവന് പുല്ലുവില നൽകി റെയിൽവേ. റെയിൽവേയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കമാണ് ജനങ്ങളുടെ ജീവനും സമയത്തിനും ഭീഷണിയാകുന്നത്. അടുത്തിടെയുണ്ടായ അപകടങ്ങൾക്കെല്ലാം കാരണം ട്രാക്ക് അറ്റകുറ്റപ്പണിയും സുരക്ഷാ പരിശോധനയും സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചതിന്റെ നിലവാരമില്ലായ്മയിലേക്കാണ് വിരൽചൂണ്ടുന്നത്. സ്വകാര്യ ഏജൻസികൾ നിയമിക്കുന്ന കരാർ തൊഴിലാളികളാണ് പാളത്തിന്റെ ഉൾപ്പെടെ സുരക്ഷ പരിശോധിക്കുന്നത്. ഇത് ഫലപ്രദമല്ലെന്ന് വെള്ളി, ശനി ദിവസങ്ങളിലെ രണ്ടപകടങ്ങളും ഉയർത്തുന്ന ചോദ്യം.
അപകടങ്ങളുണ്ടാകുമ്പോൾ വിദേശങ്ങളിലുള്ളതുപോലെ അതിവേഗം തടസ്സം നീക്കാനുള്ള സംവിധാനവും ഇല്ല. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ, ഉള്ള ജീവനക്കാർക്ക് വിശ്രമംപോലും നൽകാതെ ജോലിയെടുപ്പിക്കുന്നു. മൂന്ന് ലക്ഷത്തിലേറെ ഒഴിവ് നിലവിലുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗാർഡുമാരുടെ നിയമനം നടന്നിട്ട് വർഷങ്ങളായി. ലോക്കോ പൈലറ്റുമാരുടെ കുറവുകാരണം ചരക്കുഗതാഗതം നിലയ്ക്കുകയാണ്.
സ്വകാര്യ ഏജൻസികളെയും കരാറുകാരെയും ഏൽപ്പിക്കുന്നതിനാൽ അപകടമുണ്ടായാൽ ഉത്തരവാദിത്വം റെയിൽവേക്കില്ല. അച്ചടക്കത്തിന്റെ വാളോങ്ങി പണിയെടുക്കുന്നവരെ മടുപ്പിക്കുന്ന സ്ഥിതിയുമുണ്ട്. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ യൂണിയൻ നേതാക്കളെ സസ്പെൻഡ് ചെയ്യുകയും സ്ഥലംമാറ്റുകയും ചെയ്യുന്നു. അമിത ജോലിഭാരവും സമ്മർദവുംമൂലം ജോലി ഉപേക്ഷിച്ച് സ്വയം വിരമിക്കുന്നവരുടെ എണ്ണവും കൂടി.