കൊച്ചി> ‘ഇതാണോ തകര്‍ച്ച? എങ്കില്‍ എന്റെ പാര്‍ടി ഇതുപോലെ തകരണേ എന്നാണ് എന്റെ ആഗ്രഹം’. സിപിഐ എം പന്ത്രണ്ടാം പാര്‍ടി കോണ്‍ഗ്രസിനുമുന്നോടിയായി 1985ല്‍ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളന വേദിയില്‍ മുഴങ്ങുകയാണ് ഇ എം എസിന്റെ വാക്കുകള്‍. കലൂര്‍ മണപ്പാട്ടിപ്പറമ്പിലെ പി സുന്ദരയ്യ നഗറില്‍ ഇ എം എസിലേക്ക് കാതുകൂര്‍പ്പിച്ച് പതിനായിരങ്ങള്‍.
”നിങ്ങള്‍ (മാധ്യമങ്ങള്‍) എഴുതിയതുപോലെ, പാര്‍ടി എത്രത്തോളം ‘പിന്നോട്ടടി’ച്ചിട്ടുണ്ടെന്ന് ഇവിടെ നടന്ന പ്രകടനം കണ്ടാല്‍ മനസ്സിലാകും. പാര്‍ടി ആശയക്കുഴപ്പത്തിലാണെന്നും തകര്‍ന്നെന്നും എഴുതിവിടേണ്ടത് ചിലരുടെ ആവശ്യമായിരിക്കാം. ഇതാണ് ആ തകര്‍ച്ചയെങ്കില്‍ എന്റെ പാര്‍ടി ഇതുപോലെ തകരണേ എന്നാണ് എന്റെ ആഗ്രഹം”. കായല്‍പ്പരപ്പുപോലെ ശാന്തമായിരുന്ന ജനാവലി ഇ എം എസിന്റെ വാക്കുകളില്‍ കടല്‍പോലെ ഇരമ്പിയാര്‍ത്തു. സമ്മേളനനാളുകളില് നിരന്തരം വ്യാജവാര്‍ത്തകള്‍ ചമച്ച മാധ്യമങ്ങളെയാണ് ഇ എം എസ് അന്നവിടെ പരാമര്‍ശിച്ചത്.
വിഘടനവാദികള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ പോരാട്ടം ശക്തമാക്കാനുള്ള തീരുമാനത്തോടെയാണ് സംസ്ഥാന സമ്മേളനം സമാപിച്ചത്. അതേച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ നിരത്തിയാണ് സമ്മേളനനാളുകള്ക്കുമുമ്പേ മാധ്യമങ്ങള്‍ വാര്‍ത്ത ചമച്ചുതുടങ്ങിയത്. രണ്ടു വര്‍ഷത്തിനുശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം തകര്ന്നടിയുമെന്നമട്ടിലും വാര്‍ത്തകള്‍ നിറഞ്ഞു. സമ്മേളനത്തില്‍ അതിന്റെ ഭിന്നിപ്പുകള്‍ കാണാമെന്നും അച്ചുനിരത്തി. എന്നാല്‍, സമ്മേളനം വമ്പന്‍ വിജയമായി. അതില്‍ നിരാശയിലായവരെയാണ് ജനറല്‍ സെക്രട്ടറി ഇ എം എസ് തന്റെ പ്രസംഗത്തില്‍ പരിഹസിച്ചത്. കൊച്ചി കണ്ട വലിയ ജനമുന്നേറ്റങ്ങളിലൊന്നായിരുന്നു അന്നത്തെ ബഹുജനറാലി.
ഏഴ് വ്യത്യസ്ത കേന്ദ്രങ്ങളില്‍നിന്നാണ് സമാപനറാലി പൊതുസമ്മേളന നഗറിലേക്ക് എത്തിയത്. രണ്ട് കേന്ദ്രങ്ങളില്‍നിന്നുള്ള റാലി എത്തിയപ്പോള്‍ത്തന്നെ സുന്ദരയ്യ നഗര്‍ നിറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ബഹുജനങ്ങള്‍ പങ്കെടുത്ത മഹാറാലി നഗരചരിത്രത്തില്‍ ആദ്യമെന്നാണ് അന്നത്തെ മാധ്യമറിപ്പോര്‍ട്ടുകള്‍. കൊച്ചി വീണ്ടും സംസ്ഥാന സമ്മേളനത്തിന് വേദിയാകുമ്പോള്‍ കോവിഡ് നിയന്ത്രണത്തിലാണ് നാട്. അതുകൊണ്ടുതന്നെ ബഹുജനറാലിയും കൊടിമര, പതാക ജാഥകളും ഒഴിവാക്കിയിട്ടുണ്ട്.