കൊച്ചി > അടുത്ത അധ്യയനവർഷവും സ്കൂൾ തുറക്കുന്നതിനുമുമ്പ് പാഠപുസ്തകങ്ങൾ എത്തിക്കാൻ വിദ്യാഭ്യാസവകുപ്പ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ (കെബിപിഎസ്)നിന്ന് പാഠപുസ്തകങ്ങൾ ജില്ലകളിലെ ടെക്സ്റ്റ്ബുക്ക് ഹബുകളിലേക്ക് അയച്ചുതുടങ്ങി. വെള്ളി, ശനി ദിവസങ്ങളിൽ ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിലേക്കാണ് അയച്ചത്. എറണാകുളത്ത് കഴിഞ്ഞദിവസംതന്നെ പുസ്തകം എത്തിച്ചുതുടങ്ങി.
മാർച്ച് ആദ്യം സംസ്ഥാനത്തെ 3300 സൊസൈറ്റികളിൽ പുസ്തകങ്ങൾ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെബിപിഎസ് അധികൃതർ പറഞ്ഞു. ആദ്യഘട്ടത്തിൽ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലേക്ക് 261 ടൈറ്റിലുകളിലായി 2,68,75,000 പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. രണ്ടാംഘട്ടത്തിൽ 1,23,41,666 പുസ്തകങ്ങൾ എത്തിക്കും. ഇത്തവണ ആകെ 3,92,16,666 പാഠപുസ്തകങ്ങളാണ് കെബിപിഎസിന് അച്ചടിക്കാനുള്ളത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പുസ്തകങ്ങൾ ടെക്സ്റ്റ്ബുക്ക് ഹബുകളിൽ എത്തിക്കുമെന്ന് കെബിപിഎസ് അധികൃതർ പറഞ്ഞു.
കെഎസ്ആർടിസി ബസുകൾ വാടകയ്ക്ക് എടുത്താണ് പുസ്തകം എത്തിക്കുന്നത്. പാഠപുസ്തകവിതരണത്തിൽ കെഎസ്ആർടിസി ആദ്യമായാണ് പങ്കാളിയാകുന്നത്. ഹബുകളിൽ പാഠപുസ്തകം വേർതിരിച്ച് സ്കൂൾ സൊസൈറ്റികളിൽ എത്തിക്കുന്നത് കുടുംബശ്രീയാണ്.