കൊച്ചി > കലൂർ പാവക്കുളം ക്ഷേത്രത്തിനുമുന്നിൽ കാറിടിച്ച് മാലിന്യശേഖരണ തൊഴിലാളി മരിച്ച കേസിൽ പ്രതികളായ യുവാക്കൾക്കെതിരെ പോക്സോ കേസും. കാർ ഓടിച്ചിരുന്ന എരൂർ അരഞ്ഞാണിൽ വീട്ടിൽ ജിത്തു (28), തൃപ്പൂണിത്തുറ ഫാക്ട് നഗർ പെരുമ്പിള്ളിൽ വീട്ടിൽ സോണി സെബാസ്റ്റ്യൻ (25) എന്നിവർക്കെതിരെയാണ് കേസ്.
കാറിലുണ്ടായിരുന്ന മൂന്നു പെൺകുട്ടികളെ കൗൺസലിങ്ങിന് വിധേയരാക്കി. അവരിൽ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതോടെ യുവാക്കളുടെ പേരിൽ മൂന്നാമത്തെ കേസാണ് എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാറിടിച്ച് അപകടമുണ്ടാക്കിയതിന് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. കഞ്ചാവുബീഡുകളും സിന്തറ്റിക്ക് മയക്കുമരുന്ന് എംഡിഎംഎയും കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ട്. കാറിൽനിന്ന് അവ കണ്ടെടുത്തിരുന്നു.
കാറിടിച്ച് തലയ്ക്ക് ഗുരുതരപരിക്കേറ്റ കടവന്ത്ര ഗാന്ധിനഗർ ഉദയാകോളനി പ്രഭാകരന്റെ മകൻ വിജയൻ (40) മരിച്ചിരുന്നു. തോളെല്ലിനും വാരിയെല്ലിനും പരിക്കേറ്റ സ്കൂട്ടർ യാത്രികൻ എളമക്കര കൊല്ലാട്ട് രാജശേഖരൻ (63) ആശുപത്രിയിലാണ്. വ്യാഴം വൈകിട്ട് പെട്ടി ഓട്ടോറിക്ഷയും ഇലക്ട്രിക് സ്കൂട്ടറും ഇടിച്ചുതെറിപ്പിച്ചു പാഞ്ഞ കാർ കലൂർ ദേശാഭിമാനി ജങ്ഷനിലാണ് നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടിയത്.
അപകടസ്ഥലത്തെയും ദേശാഭിമാനി ജങ്ഷനിലെയും സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. ഒരാളുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റുള്ളവരുടെ മൊഴി അടുത്തദിവസം രേഖപ്പെടുത്തും.