കൊച്ചി > മോഡലുകൾ അപകടത്തിൽ മരിച്ച കേസിലെ പ്രതികളായ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ വയലാട്ട്, സൈജു എം തങ്കച്ചൻ എന്നിവർക്കെതിരെ കൂടുതൽ പീഡനപരാതികൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിന് ഇവർക്കെതിരെ കഴിഞ്ഞദിവസം പോക്സോ കേസ് എടുത്തിരുന്നു. ഇരുവർക്കുംപുറമേ പെൺകുട്ടികളെ കൊച്ചിയിലെത്തിച്ച് ഇവർക്ക് കൈമാറിയ കോഴിക്കോട് സ്വദേശിനി അഞ്ജലി റീമ ദേവിനുമെതിരായാണ് പരാതികൾ. ഇവരുടെ പീഡനത്തിന് ഇരയായ ഒമ്പതുപേരിൽനിന്ന് പൊലീസ് മൊഴിയെടുത്തു. ഹോട്ടലിൽവച്ച് റോയിയിൽനിന്നും മറ്റു പ്രതികളിൽനിന്നും മോശം അനുഭവം നേരിട്ടവരാണ് പരാതിക്കാർ.
അഞ്ജലിയുടെ കോഴിക്കോട്ടെ സ്ഥാപനത്തിലെ ജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന് ലഭിച്ച പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഡലിങ്ങിലും മറ്റും താൽപ്പര്യമുള്ള പെൺകുട്ടികളെ പരിപാടികളിൽ പങ്കെടുപ്പിക്കാനെന്നപേരിൽ കൊച്ചിയിൽ കൊണ്ടുവന്ന് റോയിയുടെ ഹോട്ടലിലെ ലഹരി പാർടികളിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരുടെ മൊഴി. അഞ്ജലിയുടെ പക്കൽ വൻതോതിൽ ലഹരിമരുന്ന് ഉണ്ടായിരുന്നതായും മൊഴിയിലുണ്ട്.
മോഡലുകളുടെ അപകടമരണം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്. പ്രതികൾ മൂന്നുപേരും ഒളിവിലാണ്. ഇവരുടെ സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം. സൈജുവിനെതിരെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് ഏഴു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനുപുറമേയാണ് സംഘത്തിനെതിരെ പോക്സോ, പീഡന കേസുകളിൽ അന്വേഷണം ആരംഭിച്ചത്. ലൈംഗികമായി ദുരനുഭവമുണ്ടായ പെൺകുട്ടികളിൽ ഒരാളുടെ അമ്മയാണ് മൊഴി നൽകിയത്. കുട്ടിയുടെ മാനസികനില സാധാരണനിലയിലെത്തിയശേഷം നേരിട്ട് മൊഴി എടുക്കും. അതേസമയം താൻ തെറ്റു ചെയ്തിട്ടില്ലെന്നുപറഞ്ഞ് അഞ്ജലി ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തിയിരുന്നു.