Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

യാത്രകള്‍ നമ്മോട് ചെയ്യേണ്ടത്… ഷൗക്കത്ത് എഴുതുന്നു

by News Desk
February 12, 2022
in TRAVEL
0
യാത്രകള്‍-നമ്മോട്-ചെയ്യേണ്ടത്…-ഷൗക്കത്ത്-എഴുതുന്നു
0
SHARES
52
VIEWS
Share on FacebookShare on TwitterShare on Whatsapp

എന്നോട് പലരും ചോദിക്കാറുണ്ട് എങ്ങനെ ജീവിക്കാനാണ് ഇഷ്ടമെന്ന്. അപ്പോൾ ഞാൻ പറയാറുള്ളത് കാറ്റുപോലെ ജീവിക്കാനാണെന്നാണ്. എന്തുകൊണ്ടാണ് കാറ്റുപോലെയെന്ന് ചോദിച്ചാൽ കാറ്റ് എവിടെയും തങ്ങിനിൽക്കാതെ ഒഴുകിക്കൊണ്ടേയിരിക്കും എന്നാണ് പറയുക…

‘യാത്രികരില്ലാതാകും വരെ യാത്ര തുടരണം. യാത്രയില്ലാതാകും വരെ യാത്രികര് തുടരണം’.

ഒന്ന്

അതിജീവനത്തിനും ഉപജീവനത്തിനും വേണ്ടിയുള്ള നിരന്തരമായ അലച്ചിലുകളുടെ ചരിത്രമാണ് മനുഷ്യന്. കുറച്ചുപേരെങ്കിലും ഒരിടത്ത് അടങ്ങിയൊതുങ്ങി സമാധാനത്തോടെ ജീവിക്കാന് തുടങ്ങിയിട്ട് അധികനാളായിട്ടില്ല.

ഷൗക്കത്ത്  ഹിമാലയ യാത്രക്കിടെ

ഷൗക്കത്ത് ഹിമാലയ യാത്രക്കിടെ

അരക്ഷിതത്വത്തിന്റെ ഭീതിദമായ അവസ്ഥകളിലൂടെത്തന്നെയാണ് മനുഷ്യന്റെ ജീവിതം കടന്നുപോകുന്നതെങ്കിലും അസ്വസ്ഥമായ യാത്രകള്ക്ക് കുറച്ചൊക്കെ ശമനം കിട്ടിത്തുടങ്ങിയിട്ടുണ്ടെന്ന് പറയാം. ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ടെങ്കിലും യാത്രകള് കുറെയൊക്കെ വെളിച്ചം കണ്ടെത്തിയിട്ടുണ്ടെന്നുതന്നെയാണ് മനുഷ്യന്റെ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കുമ്പോള് ബോധ്യമാകുന്നത്. യുദ്ധങ്ങളുടെ കഥകള് മാത്രം ചരിത്രമായിരുന്നിടത്തുനിന്ന് നയതന്ത്രജ്ഞതയിലൂടെ യുദ്ധങ്ങള് ഒഴിവാക്കാനും ലോകത്തെവിടെയും യാത്ര ചെയ്യാനും മനുഷ്യന് ഇന്നാകുന്നുണ്ട്.

രണ്ടാം ലോകയുദ്ധത്തിനു ശേഷം ആയിരം മഹായുദ്ധങ്ങളുണ്ടാകാനുള്ള സാഹചര്യങ്ങള് ഉണ്ടായിട്ടും അതെല്ലാം ഒഴിവായിപ്പോയത് ഭൂതകാലാനുഭവങ്ങളില്നിന്ന് മനുഷ്യന് പാഠം ഉള്ക്കൊണ്ടതുകൊണ്ടുതന്നെയാണ്. മനുഷ്യന്റെ ജീവിതയാത്രകള് അന്ധതയില്നിന്നും കാഴ്ചയിലേക്ക് നയിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. രണ്ടു വ്യക്തികള്ക്കിടയില്, രണ്ടു ചെറിയ ഗോത്രങ്ങള്ക്കിടയില് എപ്പോഴും ഭയവും മരണവും മണത്തിരുന്ന അവസ്ഥയില്നിന്നാണ് നാം ഇതുവരെയെത്തിയതെന്നോര്ക്കുമ്പോള് വെളിച്ചത്തില്നിന്ന് വെളിച്ചത്തിലേക്ക് യാത്ര തുടരുന്ന ജീവിയായിത്തന്നെ നമുക്ക് മനുഷ്യരെ വായിച്ചെടുക്കാനാകും.

രണ്ട്

എന്നോട് പലരും ചോദിക്കാറുണ്ട് എങ്ങനെ ജീവിക്കാനാണ് ഇഷ്ടമെന്ന്. അപ്പോൾ ഞാൻ പറയാറുള്ളത് കാറ്റുപോലെ ജീവിക്കാനാണെന്നാണ്. എന്തുകൊണ്ടാണ് കാറ്റുപോലെയെന്ന് ചോദിച്ചാൽ കാറ്റ് എവിടെയും തങ്ങിനിൽക്കാതെ ഒഴുകിക്കൊണ്ടേയിരിക്കും എന്നാണ് പറയുക. കെട്ടിക്കിടക്കുന്നതൊക്കെ കെട്ടുപോകുമെന്നും ഒഴുകിക്കൊണ്ടിരിക്കുന്നത് എപ്പോഴും നവീകരിക്കപ്പെടുമെന്നുംഅറിഞ്ഞിട്ടുണ്ട്. ശാരീരികവും മാനസികവും ബുദ്ധിപരവുമായ യാത്രകള് ബോധത്തിലുണ്ടെങ്കിൽ നാം എപ്പോഴും ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കും.

ഹൃദ്യമായി ജീവിച്ചവരെയെല്ലാം ശ്രദ്ധിച്ചാലറിയാം അവർ നിരന്തരം യാത്ര ചെയ്തവരായിരുന്നെന്ന്. ഏതു തരത്തിലുള്ള യാത്രക്കാരായിരുന്നു അവര്? ശരീരംകൊണ്ടു മാത്രമുള്ള യാത്രികരല്ലായിരുന്നു. അവർ ഒരിടത്തും തങ്ങിനിൽക്കില്ലായിരുന്നു. ഏതെങ്കിലും ആശയത്തിലോ വ്യവസ്ഥയിലോ ചിന്തയിലോ തങ്ങിനിൽക്കില്ലായിരുന്നു. അവർ ജീവിതം കുറച്ചുകൂടി വെളിച്ചമുള്ളതാക്കാൻ സഹായിക്കുന്ന മാറ്റങ്ങൾ എപ്പോഴും ഉണ്ടാക്കിക്കൊണ്ടിരുന്നവരാണ്. സ്വയം പരിവര്ത്തനവിധേയമായവരാണ്. മാറ്റത്തെ ധീരമായി സ്വീകരിച്ചൊഴുകിയവരാണ്. അല്ലാതെ മുൻകാലങ്ങളിൽ വന്നുപോയവരെ അങ്ങനെതന്നെ പിന്തുടരുന്നവരായിരുന്നില്ല. പാരമ്പര്യത്തിൽ നിന്ന് സ്വീകരിക്കേണ്ടതിനെയൊക്കെ ഹൃദയത്തിൽ സ്വീകരിക്കുകയും മാറ്റപ്പെടുത്തേണ്ടതിനെ മാറ്റപ്പെടുത്തുകയും നാളത്തെ യാത്രയ്ക്ക് സ്വീകരിക്കേണ്ടതിനെ തന്റെ അവബോധത്തിൽ നിന്ന് സ്വീകരിക്കുകയും ചെയ്ത് യാത്ര ചെയ്തവരായിരുന്നു.

ഒരു സ്ഥലത്ത് താമസിച്ച് വളരുന്ന ഏതൊരാള്ക്കും ആ സാമൂഹിക‐സാംസ്കാരിക പശ്ചാത്തലത്തിൽ നിന്ന് ലഭിക്കുന്ന ഒരറിവുണ്ട്. അവിടത്തെ അറിവും സംസ്കാരവുമായി മാത്രം ബന്ധപ്പെട്ട് കഴിയുന്നവര്ക്ക് അതാണ് ശരിയായ ശരി. പക്ഷേ, ഞാൻ എന്റെ ശരീരവുമായി മറ്റൊരു ദേശത്തേക്ക് യാത്ര പോകുമ്പോൾ, വേറെ സാംസ്കാരിക പശ്ചാത്തലത്തിലുള്ള മനുഷ്യരെ കാണുമ്പോൾ ആദ്യം ഒരുതരം സംഘര്ഷമാണ് ഉണ്ടാവുക. കാരണം, നമുക്ക് അതിനോട് പെട്ടെന്ന് യോജിക്കാൻ പറ്റില്ല. പക്ഷേ, ആ ഒരു ഇടത്തെ കൂടി ചേർത്തുവയ്ക്കാൻ കഴിഞ്ഞാൽ നമ്മുടെ ഇടത്തിന്, നമ്മുടെ ആകാശത്തിന് വികാസമുണ്ടാകും.

സദാ പരിവർത്തനത്തിന് വിധേയരാവേണ്ടവരാണ് നമ്മളെന്ന അറിവ് യാത്ര സമ്മാനിക്കാറുണ്ട്. മാത്രമല്ല, എന്റെ ശരി പോലെ അനേകതരത്തിലുള്ള ശരികളുണ്ടെന്നും അതിലൊക്കെ ജീവിതമുണ്ടെന്നും എല്ലാ ശരികളെയും ചേർത്തുപിടിക്കേണ്ടതുണ്ടെന്നുമുള്ള അറിവ് നൽകിയിട്ടുള്ളത് സഞ്ചാരമാണ്.

സദാ പരിവർത്തനത്തിന് വിധേയരാവേണ്ടവരാണ് നമ്മളെന്ന അറിവ് യാത്ര സമ്മാനിക്കാറുണ്ട്. മാത്രമല്ല, എന്റെ ശരി പോലെ അനേകതരത്തിലുള്ള ശരികളുണ്ടെന്നും അതിലൊക്കെ ജീവിതമുണ്ടെന്നും എല്ലാ ശരികളെയും ചേർത്തുപിടിക്കേണ്ടതുണ്ടെന്നുമുള്ള അറിവ് നൽകിയിട്ടുള്ളത് സഞ്ചാരമാണ്. പ്രത്യേകിച്ച് ആശയപരമായ സഞ്ചാരം. വിശ്വാസങ്ങളും ചിന്തകളുമൊക്കെ പറയുന്നത് ഹൃദയശുദ്ധിയെക്കു റിച്ചാണ്. ഹൃദയശുദ്ധിയെ സഹായിക്കുന്ന തരത്തിലുള്ള എല്ലാ ചിന്തകളും വിശ്വാസങ്ങളും സ്വീകാര്യമാകുന്നത് നമ്മൾ വ്യത്യസ്തമായ ആശയങ്ങളിലൂടെ നിര്ബന്ധബുദ്ധിയില്ലാതെ യാത്രചെയ്യുമ്പോഴാണ്.

ഞാൻ ജനിച്ചുവളർന്നത് ഇസ്ലാമിക പശ്ചാത്തലത്തിലാണ്. ഖുർആൻ വായിച്ചാണ് വളര്ന്നത്. അതുമാത്രമാണ് ശരിയെന്നാണ് ഒരു കാലത്ത് ഞാൻ വിശ്വസിച്ചിരുന്നത്. പിന്നീട് അതിനപ്പുറത്തേക്ക് പോയി ബൈബിൾ വായിച്ച് ക്രിസ്തുവിനെ അറിഞ്ഞു. ബുദ്ധദർശനം വായിച്ച് ബുദ്ധനെ അറിഞ്ഞു. ആ യാത്ര ഇങ്ങ് നാരായണഗുരുവരെ എത്തി.

ശ്രീനാരായണ ഗുരു

ശ്രീനാരായണ ഗുരു

യേശുക്രിസ്തുവെന്ന് കേട്ടാല് ഉള്ളിൽ നിറയുന്നത് ബൈബിളല്ല. സ്നേഹം എന്ന വാക്കാണ്. ബുദ്ധനെന്നു കേട്ടാലോ കരുണ. മുഹമ്മദ് നബിയെന്നു കേട്ടാല് സാഹോദര്യം. നാരായണഗുരുവെന്നു കേട്ടാല് പലമതസാരവുമേകം. കരുണയും സ്നേഹവും സാഹോദര്യവും പലമതസാരവും ഏകമെന്ന സമഗ്രദര്ശനവും നമ്മളെല്ലാവരും ജീവിതത്തിൽ സ്വാംശീകരിക്കേണ്ടതാണ്. അതു പകര്ന്നുകിട്ടിയത് എന്റെ ശരികളില് തങ്ങിനിൽക്കാതെ ആശയപ്രപഞ്ചങ്ങളിലൂടെ യാത്ര ചെയ്തപ്പോഴാണ്.

ജീവിതത്തിൽ വ്യത്യസ്തമായ മേഖലകളിലുള്ള മനുഷ്യരുടെ മൂല്യബോധങ്ങളിൽ നിന്നും ജീവിതങ്ങളിൽ നിന്നുമൊക്കെ നമുക്ക് ജീവിതത്തിന് ഈർപ്പം നൽകുന്ന അനുഭവങ്ങളെ സ്വാംശീകരിക്കാൻ കഴിയുന്നത് വിവിധങ്ങളായ ദർശനങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴാണ്. വ്യത്യസ്തമായ സംസ്കാരവുമായുള്ള ശാരീരികവും മാനസികവും ബുദ്ധിപരമായതുമായ പരിചയം നമുക്ക് ഉണ്ടാകണമെങ്കിൽ നിൽക്കുന്നിടത്ത് നിന്ന് യാത്ര ചെയ്തു തുടങ്ങണം.

നിൽക്കുന്ന ഇടം മാത്രമല്ല അപ്പുറത്തും അനേകം ഇടങ്ങളുണ്ടെന്ന് മനസ്സിലാക്കി അതിലേക്കൊക്കെ യാത്ര ചെയ്ത് എല്ലാറ്റിന്റെയും സാരമായിരിക്കുന്ന, ജീവിതത്തിന്റെ ഈർപ്പമായിരിക്കുന്ന സ്നേഹത്തിലേക്ക്, വിശാലതയിലേക്ക് ഉണരാൻ നമുക്കാകുമ്പോൾ എല്ലാ യാത്രകളും ഉദാത്തമായിത്തീരും. ഉൽകൃഷ്ടമായിത്തീരും. ജീവിതത്തിന്റെ അന്തർധാര സംഗീതാത്മകമാകും. അത് നമ്മുടെ ജീവിതത്തിന് സ്വാസ്ഥ്യം പ്രദാനം ചെയ്യും.

ബുദ്ധനും യേശുക്രിസ്തുവും മുഹമ്മദ് നബിയും ഖലീൽ ജിബ്രാനും രവീന്ദ്രനാഥടാഗോറും നാരായണഗുരുവും അങ്ങനെ സർഗാത്മകമായി ലോകത്ത് ജീവിച്ച എല്ലാ മനുഷ്യരുടെയും ഇരിപ്പിടമായി നമ്മുടെ അകം മാറും. അവിടെ നമ്മുടെ യാത്ര ഉദാത്തമായ ഒരു പ്രവാഹമായി മാറും.

ഗുരു നിത്യചൈതന്യയതിക്കൊപ്പം ഷൗക്കത്ത്

ഗുരു നിത്യചൈതന്യയതിക്കൊപ്പം ഷൗക്കത്ത്

മനുഷ്യൻ ഒരു സംഘജീവിയാണ്. ഏതോ ഒരാളുടെ, ആശയത്തെ അന്ധമായി പിന്തുടരുകയാണ് ആ ജീവിക്ക് എളുപ്പം. ചിന്തിക്കുക എന്നത് അപൂർവമായി നടക്കുന്ന കാര്യമാണ്. നേതാവ് പറയുന്നതിലെ സത്യാസത്യങ്ങളും ന്യായാന്യായങ്ങളും പരിശോധിക്കുകയെന്നത് അവിടെയില്ല. പറഞ്ഞത് നേതാവാണോ, എങ്കിലത് ശരി എന്ന ഉറപ്പാണ് മനുഷ്യരിൽ പ്രവർത്തിക്കുക. പിന്നെ ആ വാക്കിനു വേണ്ടി ജീവൻ പോലും കളയാൻ അനുയായികൾ തയ്യാറാകും.

ഖുർആനും ബൈബിളും ഗീതയും വായിച്ചിട്ടല്ല ഒരാൾ മുസ്ലിമോ ക്രിസ്ത്യാനിയോ ഹിന്ദുവോ ആകുന്നത്. അത് വിശ്വസിക്കുന്ന കൂട്ടത്തിൽ ജനിച്ചതുകൊണ്ടു മാത്രമാണ്. രാഷ്ട്രീയവും ഏറെക്കുറെ അങ്ങനെ തന്നെ. അതുകൊണ്ടാണ് മതവും രാഷ്ട്രീയവും വിചാരത്തെക്കാൾ വികാരത്തിന് അടിമപ്പെട്ടുപോകുന്നത്. ഞങ്ങൾ എന്ന വികാരമാണ് അവിടെ മുഖ്യം. അല്ലാതെ അറിവ്, സത്യം എന്ന അന്വേഷണമല്ല (ശാസ്ത്ര, യുക്തി, സ്വതന്ത്രവാദക്കാരിലും ഈ സംഘബോധ വിധേയത്വം പ്രബലമാണ് എന്നോർക്കുമ്പോൾ നാം മനുഷ്യൻ എത്ര സങ്കീർണമായ സംഗതിയാണെന്ന് ബോധ്യമാകും).

ഇങ്ങനെയുള്ള ഒരു ലോകത്താണ് നമ്മുടെ ജീവിതം. നമ്മുടെ സംഘത്തിന്റെ ഇത്തിരി വെട്ടത്തിനും ചെറിയ, വലിയ കൂട്ടത്തിനും പുറത്തും വ്യത്യസ്തമായ കൂട്ടങ്ങളുണ്ടെന്നും അവർക്കും അവരുടേതായ ശരികളുണ്ടെന്നും മനസ്സിലാക്കി പരസ്പരം സഹകരിക്കാനുള്ള വഴികൾ ആരായുന്നിടത്താണ് നാം മനുഷ്യത്വമുള്ളവരാകുന്നത്. അല്ലാതെ അവരവരുടെ ശരികൾ മൈക്കു കെട്ടി ഉച്ചത്തിൽ ഘോഷിക്കുമ്പോഴല്ല.

അവരവരുടെ ശരി ജീവിക്കുന്നതിനെക്കാൾ മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തുവാനുള്ള ത്വരയാണ് മനുഷ്യന്റെ സ്വഭാവത്തിൽ മുന്നിട്ടുനിൽക്കുന്നത്. അതുതന്നെയാണ് മത രാഷ്ട്രീയ വിഷയങ്ങളിലും പ്രതിഫലിക്കുന്നത്.
എന്നാണാവോ നാം മനുഷ്യരിൽ നിന്ന് മനുഷ്യത്വത്തിലേക്ക് യാത്ര ചെയ്ത് വളരുക? എന്റെ ശരിയ്ക്കൊപ്പം അപരന്റെ ശരിയും മാനിച്ചു തുടങ്ങുക? അപ്പോഴല്ലേ നാം യഥാര്ത്ഥ യാത്രികരാവുക?

മൂന്ന്

ഈ ഭൂമിയിലേക്ക് വന്നിട്ട് അമ്പതു വർഷം കഴിഞ്ഞു. ഇത്രയും നാളത്തെ ജീവിതം പകർന്നുതന്നത് എന്താണ്? ജീവിതത്തിൽ നിന്ന് മനസ്സിലാക്കിയതെന്താണ്? ഞാനെന്നോട് പലവുരു ചോദിച്ചിട്ടുണ്ട്.
പലരെയും കണ്ടു. പല വഴിയിൽ സഞ്ചരിച്ചു. പലതും അറിഞ്ഞു. പലതും അറിഞ്ഞില്ല. ചില ശരികളിൽ മയങ്ങിവീണു. ചില ശരികളിൽ നിന്ന് തെളിഞ്ഞെണീറ്റു. മിന്നിയും മങ്ങിയും കത്തുന്ന വെളിച്ചത്തിലൂടെ വലിയ ക്ഷതങ്ങളൊന്നുമേൽക്കാതെ സഞ്ചരിച്ചു. ഇനിയും കുറച്ചുദൂരം നടക്കാനുണ്ട്. അതു കഴിഞ്ഞാൽ വിടപറയാനുള്ള സമയമാകും. പറഞ്ഞുവന്നത് മറ്റൊന്നാണ്. എന്താണ് ഇത്രയും നാളത്തെ ജീവിതം പഠിപ്പിച്ചത്? അല്ലെങ്കിൽ ജീവിതത്തിൽ നിന്ന് പഠിച്ചത്?.

ഒരൊറ്റ കാര്യമാണ് പ്രധാനമായി അറിഞ്ഞത്. പകർന്നുകൊടുക്കുന്നിടത്താണ് ജീവനും ജീവിതവും ജീവത്താകുന്നത്, ഹൃദ്യമാകുന്നത്. കൂട്ടിവയ്ക്കുന്നിടത്ത് അതെന്നും നിർജ്ജീവമാണ്. വിരസമാണ്. സമ്മർദമാണ്. ഭീതിയും ഭൂതവുമാണ്.
ഒഴുക്കില്ലാതെ നദിക്ക് എങ്ങനെ സാഗരത്തെ സ്വപ്നം കാണാനാകും? സാഗരോന്മുഖമായി ഒഴുകുക എന്നതുതന്നെയാണല്ലോ നദിയുടെ ആ സ്വപ്നം; സാക്ഷാത്ക്കാരവും.

ഷൗക്കത്ത്

ഷൗക്കത്ത്

അതെ. പങ്കുവയ്ക്കുന്നതാണ് ഒഴുക്ക്. കൊടുത്തുകൊണ്ടേയിരിക്കുന്നവർക്ക് എവിടെ നിന്നെങ്കിലും കിട്ടിക്കൊണ്ടേയിരിക്കും; നാം പ്രതീക്ഷിക്കുന്നിടത്തുനിന്നും കിട്ടിയില്ലെങ്കിലും. നൂറ്റാണ്ടുകളായി പേറിക്കൊണ്ടുനടക്കുന്ന ആ ഭാരമേറിയ ധാരണയിൽ നിന്നാണ് മോക്ഷം കിട്ടേണ്ടത്. വാരിക്കൂട്ടാനുള്ള ആർത്തിയിൽ നിന്ന്. ആ ആർത്തിയിലാണ് എല്ലാ വ്യാധിയും ആധിയും. ഇതൊക്കെയാണ് അറിഞ്ഞതിന്റെ സംക്ഷിപ്തം. അതിൽ ഇത്തിരി ജീവിക്കാൻ കഴിയുമ്പോൾത്തന്നെ എന്തൊരാശ്വാസമാണ്. സമാധാനമാണ്. ജീവിതയാത്ര പകരുന്ന ചെറിയ വലിയ മിന്നാമിനുങ്ങുവെട്ടങ്ങളാണ് ഇതെല്ലാം.

നാല്

ഹിമാലയം പോലെ പ്രകൃതിമനോഹരമായ അനേകം ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ജീവിതത്തിന്റെ ഭാഗമായിട്ടുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്. മലയാളികൾ ഇത്രയും സജീവമായി നിരന്തരയാത്രകൾ നടത്താൻ തുടങ്ങിയത് രണ്ടായിരത്തിന് ശേഷമാണെന്നാണ് തോന്നുന്നത്. ചെറിയ പ്രായം മുതൽ തന്നെ യാത്ര ചെയ്യുന്ന ഒരാളായിരുന്നു ഞാന്.

യാത്ര ചെയ്യുകയെന്ന് പറഞ്ഞാൽ ഹിമാലയത്തിലേക്കല്ല. മറ്റ് ദൂരസ്ഥലങ്ങളിലേക്കുമല്ല. നമ്മുടെ ചുറ്റുവട്ടേത്തേക്കിറങ്ങിയുള്ള കുഞ്ഞുകുഞ്ഞു യാത്രകള്. ഉമ്മയുടെ വീട്ടിലേക്കുള്ള യാത്രയായിരുന്നു അത്. എല്ലാ വെള്ളിയാഴ്ചയും സ്കൂൾ വിട്ട് കഴിഞ്ഞാൽ ഞങ്ങളെ നോക്കുന്ന മറിയക്കുട്ടിത്തയുടെ കയ്യും പിടിച്ച് മൂന്നു കിലോമീറ്റർ ദൂരം സന്തോഷത്തോടെ ആസ്വദിച്ച് പോകുമായിരുന്നു. അതിനുശേഷം ഏത് യാത്ര നടത്തുമ്പോഴും മറിയക്കുട്ടിത്തയെ ഓര്ക്കും. അവരുടെ കൈപിടിച്ച് തെങ്ങിൻ തോപ്പുകള്ക്കിടയിലൂടെ നടന്നതും ഉള്ളില് നിറയും. അന്നനുഭവിച്ച പലതരത്തിലുള്ള പക്ഷികളുടെ ചിലുചിലുക്കലുകളും അങ്ങിങ്ങായി തെങ്ങില് കെട്ടിയിട്ടിരിക്കുന്ന ആടുകളും പശുക്കളും തെളിയും.

തിരുവണ്ണാമലയ്ക്കടുത്തുള്ള അരുണാചല മല                  ഫോട്ടോ: ബിജു ഇബ്രാഹിം

തിരുവണ്ണാമലയ്ക്കടുത്തുള്ള അരുണാചല മല ഫോട്ടോ: ബിജു ഇബ്രാഹിം

പോകുന്ന വഴിയില് ഏതെങ്കിലും ബന്ധുവീട്ടിൽ കയറി ചായ കുടിക്കും. ചായയോടൊപ്പം പലഹാരങ്ങളും തരും. യാത്ര ചെറുതാണെങ്കിലും സ്ഥിരം കാണുന്ന മുഖങ്ങളെയും പ്രകൃതിയെയും മറ്റു ജീവികളെയുമൊക്കെ വിട്ട് പുതിയ മനുഷ്യരുടെ മുഖങ്ങൾ കാണുക, പ്രകൃതി കാണുക, പക്ഷികളെ കാണുക, മറ്റു ജീവികളെ കാണുക തുടങ്ങിയവയെല്ലാം അന്ന് വലിയ അനുഭവമായിരുന്നു. അതെല്ലാം നമ്മില് ഉണ്ടാക്കുന്ന പ്രസരിപ്പ് വളരെ വലുതായിരുന്നു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും അതുവഴി കടന്നുപോകുമ്പോഴും പുതിയ സ്ഥലത്തേക്ക് പോകുന്നതു പോലെയാണ് തോന്നുക. ആ യാത്ര പകർന്നുതന്നിട്ടുള്ള ഒരു നവോന്മേഷമുണ്ട്. വെളിച്ചമുണ്ട്. അതിന് നൂറ് കിലോമീറ്ററോ ആയിരം കിലോമീറ്ററോ ദൂരത്തേക്ക് യാത്ര ചെയ്യണമെന്നില്ല.

നമ്മുടെ ശരീരം സ്ഥിരമായി വ്യവഹരിക്കുന്ന അന്തരീക്ഷത്തില് നിന്ന് മാറിപ്പോകുമ്പോൾ ശരീരത്തിനും മനസ്സിനും ബുദ്ധിക്കും ബോധപൂർവമായ യാതൊരു പ്രയത്നവുമില്ലാതെതന്നെ ആഴത്തിലുള്ള നവോന്മേഷം ഉണ്ടാകുന്നത് അനുഭവിച്ചിട്ടുണ്ട്. ബോധത്തിന് പിരിമുറുക്കം അനുഭവപ്പെടുമ്പോഴും സങ്കുചിതമായ ലോകങ്ങളിലേക്ക് വീണുപോകുമ്പോഴും ഉണർന്നെഴുന്നേറ്റുവരാനുള്ള ഒരു വഴി അപ്പോള് നിൽക്കുന്ന ഇടത്തിൽ നിന്ന് ഇറങ്ങി നടക്കുക എന്നുള്ളതാണ്. കെട്ടിക്കിടക്കുന്ന ഇടത്തിൽ നിന്ന് ഇറങ്ങി വെറുതെ ഒഴുകുക എന്നുള്ളതാണ്.

സ്ഥിരമായി വ്യവഹരിക്കുന്ന സ്ഥലത്തുനിന്ന് പുറത്തേക്ക് പോയാൽ അറിയാതെ ഒരു സ്വസ്ഥത നമുക്കനുഭവിക്കാനാകും. സമാധാനം അനുഭവിക്കാനാകും.ദേഷ്യം വന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ ഒരു കുഞ്ഞുമോൾ പറഞ്ഞ ഒരു മറുപടിയുണ്ട്. നമുക്ക് വളരെ ദേഷ്യവും വെറുപ്പുമൊക്കെ പിടിച്ചുനിൽക്കുന്ന ആ ഇടത്തിൽ നിന്ന്, അവസ്ഥയില് നിന്ന് ഉടനെ മാറിനില്ക്കുകയാണ് വേണ്ടതെന്ന്. മാറിക്കഴിഞ്ഞാൽ ദേഷ്യം ഉണ്ടാക്കിയിട്ടുള്ള സമ്മർദത്തിൽ നിന്ന് നമുക്ക് പെട്ടെന്ന് മുക്തി കിട്ടും. താൽക്കാലികമായിട്ടാണെങ്കിലും സമാധാനം കിട്ടും.

അതെ. ഒഴുകിക്കൊണ്ടേയിരിക്കുക. ഒഴുകാതിരിക്കുന്നതെന്തും കെട്ടുപോകും. അത് ആശയത്തിന്റെ ലോകമായാലും ശരി, വിശ്വാസത്തിന്റെ ലോകമായാലും ശരി.ജീവിതം ഒരു ഒഴുക്കാണ്. പ്രവഹിച്ചുകൊണ്ടേയിരിക്കുന്ന ബോധാവസ്ഥയിലാണ് ജീവിക്കുന്നുവെന്ന അനുഭവം ഉണ്ടാകുക. ഒഴുകിക്കൊണ്ടിരിക്കാനാകണം നമ്മുടെ യാത്രകളെല്ലാം. അപ്പോൾ എല്ലാ യാത്രകളും ഒഴുക്കാണോ എന്ന് ചോദിച്ചാൽ പല യാത്രകളും ഒഴുക്കല്ല എന്നുള്ളതാണ് സത്യം.

ബദരീനാഥിലെ ഏറ്റവും മനോഹരമായിട്ടുള്ള ഒരനുഭവം ഉദയസൂര്യന്റെ കിരണങ്ങള് ശിവലിംഗ പർവതത്തിൽ തട്ടി പ്രതിഫലിക്കുമ്പോൾ തങ്കനിറത്തിൽ ആ പർവതാഗ്രം വെട്ടിത്തിളങ്ങിനിൽക്കുന്ന കാഴ്ചയാണ്. ക്ഷേത്രഭാഗത്തുനിന്നും കുറച്ചുമാറി ഹിമാലയത്തിലെ ആ തണുപ്പുനിറഞ്ഞ വിജനതയില് പുലര്കാലത്തെ മനോഹരവും പ്രശാന്തവുമായ അന്തരീക്ഷത്തിൽ ധ്യാനാത്മകമായിരുന്ന് ആ ഹിമവൽ ശൃംഗങ്ങളിൽ സൂര്യസ്പർശമേൽക്കുന്ന മനോഹരമായ കാഴ്ച കണ്ടിരിക്കുകയെന്നത് ബദരിയിൽ പോയിട്ടുള്ള ആളുകളുടെയൊക്കെ മറക്കാനാകാത്ത അനുഭവമായിരിക്കും.

ആദ്യമായി, രണ്ടായിരത്തിൽ ഞാനും സഹയാത്രികയായ ഗായത്രിയും ഹിമാലയത്തില് പോയ സമയത്ത് ഏതാണ്ട് ഇരുനൂറോളം പേര് തലേന്ന് രാത്രിയില് ബദരിയില് വന്നിട്ടുണ്ട്. പക്ഷേ, രാവിലെ നാലരയ്ക്ക് സൂര്യോദയം കാണാൻ ആ ക്ഷേത്രപരിസരത്ത് വന്നിരിക്കുന്ന ആളുകൾ കുറച്ചുപേര് മാത്രമാണ്. അതിൽ കൂടുതല്പേരും വിദേശികളാണ്. ബാക്കിയുള്ള ആളുകളൊക്കെ വേഗത്തിൽ ക്ഷേത്രദര്ശനം നടത്തി തിരിച്ച് മുറിയിലേക്ക് പോവുകയാണ് ചെയ്യുന്നത്. നാട്ടില് തിരിച്ചെത്തി അവർ പറയുന്നത് ഞങ്ങൾ ഹിമാലയത്തിൽ പോയി എന്നാണ്.

ഹിമാലയത്തിലേക്ക് പോകുന്നവരെല്ലാം ഹിമാലയം കാണുന്നുണ്ടോ എന്ന് ചോദിച്ചാൽ, ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. യാത്ര പോകുന്നതുകൊണ്ട് മാത്രം ആരും യാത്രികർ ആകുന്നില്ല. ക്ഷേത്രദര്ശനത്തോടൊപ്പം പ്രകൃതിക്ഷേത്രത്തെകൂടി സ്പര്ശിച്ചില്ലെങ്കില് ഹിമാലയയാത്ര അപൂർണമാണെന്നാണ് എന്റെ തോന്നല്. ഹിമാലയം തന്നെയാണല്ലോ യഥാര്ത്ഥ ക്ഷേത്രം!

ഹിമാലയത്തിലേക്ക് പോകുന്നവരെല്ലാം ഹിമാലയം കാണുന്നുണ്ടോ എന്ന് ചോദിച്ചാൽ, ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. യാത്ര പോകുന്നതുകൊണ്ട് മാത്രം ആരും യാത്രികർ ആകുന്നില്ല. ക്ഷേത്രദര്ശനത്തോടൊപ്പം പ്രകൃതിക്ഷേത്രത്തെകൂടി സ്പര്ശിച്ചില്ലെങ്കില് ഹിമാലയ യാത്ര അപൂർണമാണെന്നാണ് എന്റെ തോന്നല്. ഹിമാലയം തന്നെയാണല്ലോ യഥാര്ത്ഥ ക്ഷേത്രം!
ഇത് ഏതു യാത്രയുടെയും കാര്യമാണ്. ഇങ്ങ് ഊട്ടിയില് പോകുന്നവരും എവിടെയാണ് പോകുന്നത്. ഒരു വ്യൂ പോയന്റ്, പിന്നെ പാര്ക്ക്, ലേയ്ക്ക്. കഴിഞ്ഞു. എന്നാല് ഊട്ടിയിലെ പരിസരപ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് ആ പ്രദേശത്തിന്റെ മനോഹാരിത നാം തൊട്ടറിയുക. ടൂറിസ്റ്റ് സ്പോട്ടുകളില്നിന്ന് മുക്തി കിട്ടിയാലേ യാത്രയുടെ യഥാര്ത്ഥ സൗന്ദര്യത്തിലേക്ക് നമുക്ക് പ്രവേശിക്കാനാകൂ. ഊട്ടി നഗരത്തില്നിന്നും കുറച്ചു ദൂരം മാത്രമുള്ള അവലാഞ്ചി മലനിരകളിലൂടെയുള്ള യാത്ര ഒഴിവാക്കിയാല് നീലഗിരി യാത്ര എത്ര അപൂർണമാണെന്നോ? ചെറിയ തടാകങ്ങളും ചെറുദ്വീപുകളും കൊണ്ട് അത്രമാത്രം വശ്യമാണ് നാം കണ്ടുപോരുന്ന ഊട്ടിക്ക് പുറത്തുള്ള ഊട്ടി. അതാണ് നാം നേരത്തെ പറഞ്ഞത്, കെട്ടിക്കിടക്കുന്ന ഇടങ്ങളില്നിന്ന് ചുറ്റുപാടേക്ക് സഞ്ചരിച്ചാലേ നാം യാത്രികരാകൂ എന്ന്.

എപ്പോഴാണ് നമ്മൾ യാത്രികരാകുക? ലക്ഷ്യസ്ഥാനം ലക്ഷ്യമല്ലാതിരിക്കുന്നവരാണ് യഥാർത്ഥ യാത്രികൻ. അവരുടെ ലക്ഷ്യം വഴി തന്നെയാണ്. അതു മാത്രമാണ്. ഞാന് താമസിക്കുന്ന കാരമടയിൽ നിന്ന് ഹിമാലയത്തിലേക്ക് യാത്ര പുറപ്പെടുന്ന സമയം മുതൽ ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും പൂർണമായി തുറന്നുവെച്ചുകൊണ്ട് ഇറങ്ങുമ്പോൾ തൊട്ടുമുന്നിൽ നില്ക്കുന്ന ആടിനെയും മേയ്ക്കുന്ന ആട്ടിടയൻമാരെയും കാണും. ആ ആട്ടിടയന്മാരെയും ആട്ടിന്കൂട്ടങ്ങളെയും ഞാൻ കയറുന്ന ബസ്സിനെയും അതിലുള്ള മനുഷ്യരെയും എന്റെ ചുറ്റുപാടും സഞ്ചരിക്കുന്ന ആളുകളെയും വാഹനങ്ങളെയും കടകളെയും കെട്ടിടങ്ങളെയുമെല്ലാം കണ്ടുകണ്ട് യാത്ര ആരംഭിക്കുമ്പോഴാണ് ഞാൻ ഒരു യാത്രികനാവുന്നത്. പലപ്പോഴും അങ്ങനെയല്ല യാത്രികർക്ക് സംഭവിക്കുന്നത്. എനിക്കും അങ്ങനെയായിരുന്നില്ല. പിന്നീടെപ്പോഴോ ആണ് വഴിയെ കാണാതെ ലക്ഷ്യത്തെ ഉറ്റുനോക്കുന്ന മനസ്സില്നിന്ന് മുക്തി കിട്ടിയത്. അന്നുമുതലാണ് കണ്മുന്നിലുള്ളതെല്ലാം കണ്ടുതുടങ്ങിയത്, കേട്ടുതുടങ്ങിയത്, തൊട്ടു തുടങ്ങിയത്, ഞാനൊരു യാത്രികനായിത്തുടങ്ങിയത്.

പലപ്പോഴും യാത്രികർ പോകാൻ തീരുമാനിച്ചിട്ടുള്ള ഇടം എത്തുന്നതുവരെ കിടന്നുറങ്ങുകയാണ് പതിവ്. ശരീരം കിടന്നുറങ്ങുന്നില്ലെങ്കിലും ബോധം കിടന്നുറങ്ങുകയാണ്. ഒന്നും കാണുന്നില്ല.ഒന്നും കേൾക്കുന്നില്ല. ഒന്നും അനുഭവിക്കുന്നില്ല. ഒന്നും മനസ്സിലാക്കുന്നില്ല. പല യാത്രികരെയും ഞാനങ്ങനെ അനുഭവിച്ചിട്ടുണ്ട്. ഞാനും അങ്ങനെയായിരുന്നു. ശരീരംകൊണ്ട് ഒരുപാട് സ്ഥലങ്ങളിൽ യാത്ര പോയി വന്നതുകൊണ്ട് ഒരാളും യാത്രികരായിത്തീരുന്നില്ല.

ഞാൻ ഒരാളോട് ചോദിച്ചു; പുലർച്ചെ എഴുന്നേറ്റ് നീലകണ്ഠ പർവതത്തിന് മുകളിൽ സൂര്യോദയം പ്രസരിപ്പിക്കുന്ന മനോഹരമായ കാഴ്ചയിലേക്ക് സ്വയം വിട്ടുകൊടുക്കാൻ തയ്യാറാകുമ്പോൾ വന്നു ഭവിക്കുന്ന സൗന്ദര്യാനുഭൂതി കൂടി അനുഭവിക്കുമ്പോഴല്ലേ യാത്ര പൂർണമാകുന്നത്?

ഏയ്, എനിക്ക് അതിലൊന്നും താൽപപര്യമില്ല. ഇതൊരു പുണ്യഭൂമിയാണ്. ഈ ഭൂമിയിൽ ഒന്ന് സ്പർശിച്ചിട്ട് തിരിച്ചുപോവുക എന്നുള്ളത് മാത്രമാണ് കാര്യം. അദ്ദേഹത്തിന് അത് വലിയ സമാധാനം നൽകുന്നുണ്ടായിരിക്കും. എന്നാല് പ്രകൃതിയുടെ വിശ്വവശ്യമായ സൗന്ദര്യത്തെ ഹൃദയത്തിലേക്ക് സ്വാംശീകരിക്കാതെയുള്ള ആ തിരിച്ചിറക്കം ജീവനും ജീവിതത്തിനും ലഭിക്കാവുന്ന വലിയൊരു സാധ്യതയെ നഷ്ടപ്പെടുത്തലായാണ് എനിക്കു തോന്നിയത്.

യാത്ര എന്താണ് നമ്മളോട് ചെയ്യേണ്ടത്? ഞാനെന്നോട് ചോദിച്ചിട്ടുണ്ട്. യാത്രകള് എനിക്കു പകര്ന്ന ഉത്തരം എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് യാത്ര നമ്മെ പഠിപ്പിക്കണം എന്നാണ്. എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് യാത്ര നമ്മെ പഠിപ്പിക്കുന്നതെങ്ങനെ?.

സദാ തുറന്നുവെച്ച കണ്ണുകളോടുകൂടിയവരായിരിക്കും യാത്രികര്. കണ്ണുകൾ എന്നുവെച്ചാല് രണ്ട് കണ്ണ് മാത്രമല്ല. പഞ്ചേന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും പരിപൂർണമായി തുറന്നുവെച്ച് സഞ്ചരിക്കുക എന്നാണ്.അങ്ങനെയുള്ള ഒരാൾക്ക് ലക്ഷ്യസ്ഥാനം അയാൾ പോകുന്ന വഴി കൂടി ആയിരിക്കും. ലക്ഷ്യസ്ഥാനം ഏതൊരു യാത്രയുടെയും ഒരംശം മാത്രമാണ്. സഞ്ചരിക്കുന്ന ഇടങ്ങളെല്ലാം യാത്ര പുറപ്പെടുന്ന സമയം മുതൽ ആസ്വദിക്കുകയെന്ന അനുഭവം ഒരാൾക്കുണ്ടായെന്നിരിക്കട്ടെ. എന്നാല്, തിരിച്ചുവന്ന് ജീവിതയാത്രയിലെ ഓരോ നിമിഷത്തെയും ആസ്വദിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കാന് ആ യാത്ര സഹായിച്ചില്ലെങ്കില് ആ ആൾ യാത്രയിലൂടെ സംഭവിക്കേണ്ട മഹത്തായ ഒന്ന് ലഭിക്കാതെ പോയ ആളാണെന്ന് പറയേണ്ടി വരും. ഒരിക്കലും ഒരു നല്ല യാത്രികനല്ലെന്നു പറയേണ്ടി വരും.

പ്രതീകാത്മകമായി ഒരു നാമം എന്ന നിലയില് മാത്രമാണ് ഇവിടെ ഹിമാലയം എന്ന വാക്ക് ഉപയോഗിക്കുന്നത്. വർഷത്തിലൊരിക്കൽ ഹിമാലയത്തില് പോയി തിരിച്ചുവന്നിട്ട് ഇനി അടുത്ത വർഷം വീണ്ടും പോയിട്ടുവേണം ജീവിതം ആസ്വദിക്കാനെന്നുപറഞ്ഞ് കാത്തിരിക്കുന്ന ഒരാൾ ഒരിക്കലും ജീവിതം അനുഭവിക്കുന്ന ഒരാളാണെന്ന് തോന്നിയിട്ടില്ല. യാത്ര അനുഭവിക്കുന്ന ഒരാളെന്ന് തോന്നിയിട്ടില്ല. ഹൃദ്യമായിട്ടുള്ള ജീവിതത്തിൽ ഒരുപാട് അനുഭൂതി തരുന്ന, വെളിച്ചം തരുന്ന ഒരു യാത്ര നടത്തി തിരിച്ചുവന്നതിനു ശേഷം ദൈനംദിന ജീവിതത്തിലെ ജീവിക്കുന്ന നിമിഷങ്ങളെ കഴിയുന്നത്ര മൂല്യവത്തായി ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അവരാണ് യാത്ര ചെയ്തവര്. യഥാര്ത്ഥ യാത്രികര്.

ദീര്ഘമായ ഒരു യാത്ര കഴിഞ്ഞ് തിരിച്ചുവന്ന് വിശ്രമിക്കുമ്പോള് നമ്മുടെ മുന്നിൽ ഒരു മനുഷ്യന് അവശനായി വന്നുനിന്നെന്ന് കരുതുക. ആ മനുഷ്യന്റെ കണ്ണിലേക്ക് നാം നോക്കുമ്പോൾ അയാളുടെ ആവശ്യങ്ങൾ തിരിച്ചറിയാനുള്ള ഒരു മനസ്സ് ആ യാത്ര നമുക്ക് നൽകിയിട്ടില്ലെങ്കില് നമ്മുടെ യാത്ര പരാജയമായിരുന്നെന്ന് പറയേണ്ടി വരും.

സങ്കുചിതമായ ജീവിതസങ്കല്പങ്ങളില് നിന്ന് കുറച്ചുകൂടി വിശാലമായിട്ടുള്ള അവബോധത്തിലേക്ക് നാം സ്വയം വികസിച്ചിട്ടുണ്ടെങ്കിൽ, കുറച്ചുകൂടി കരുതലുള്ളവരായി, കരുണയുള്ളവരായി, ഉണർവുള്ളവരായി നമ്മോടുചേർന്ന് ജീവിക്കുന്ന മനുഷ്യരെ കുറച്ചുകൂടി തുറന്നറിയാനുള്ള ഒരു മനസ്സുള്ളവരായി നാം മാറിയിട്ടുണ്ടെങ്കിൽ പറയാം, നമ്മൾ നന്നായി യാത്ര ചെയ്തിരുന്നു എന്ന്. യാത്രയ്ക്ക് ശേഷം ജീവിതത്തിലുള്ള ആർത്തി കുറഞ്ഞിട്ടുണ്ടെങ്കിൽ, ധൃതികളൊക്കെ കുറഞ്ഞിട്ടുണ്ടെങ്കിൽ നാം നല്ല യാത്രികരാണ്. തന്റെ ഉത്തരവാദിത്തങ്ങളെ അല്ലെങ്കില് താൻ ചെയ്യേണ്ടതായ കാര്യങ്ങളെ ക്ഷമയോടെയും സാവകാശത്തോടെയും ആസ്വാദ്യതയോടെയും ആത്മാർഥതയോടെയും സൗമ്യഹൃദയത്തോടെയും ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ നാം യാത്ര ചെയ്തിരുന്നെന്ന് പറയാം.

യാത്രികന് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണമായി തോന്നിയിട്ടുള്ളത് ധൃതിയില്ലായ്മയാണ്. ധൃതി ഇല്ലാത്ത ഒരാൾക്കേ യാത്രയെ ആസ്വദിക്കാൻ പറ്റൂ. ധൃതി എല്ലാ ആസ്വാദനങ്ങളെയും നഷ്ടപ്പെടുത്തിക്കളയും. ധൃതിയില് സ്ഥലങ്ങള് കണ്ടുവന്നവരുടെ കയ്യിൽ കുറെ ഇടങ്ങളുടെ ലിസ്റ്റുണ്ടാകും. ഞാൻ ഈ വർഷം ഇത്ര സ്ഥലത്ത് പോയി, ഞാൻ ഇത്ര ഉയരത്തിൽ പോയി എന്നൊക്കെ പറയാമെന്നല്ലാതെ യാത്ര നൽകേണ്ടതായ ആഴമേറിയ അനുഭവം അവര്ക്ക് ആ ധൃതി സമ്മാനിച്ചിട്ടുണ്ടവണമെന്നില്ല.

യാത്ര ഒരു ദുരഭിമാനമായി മാറാതിരിക്കാന് നാം അത്രമാത്രം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ യാത്രകൾ പലപ്പോഴും ദുരഭിമാനങ്ങളാണ്. ആത്മാഭിമാനങ്ങളല്ല. കുറേ പണം സമ്പാദിച്ചാൽ, കുറേ സ്വത്ത് സമ്പാദിച്ചാൽ ഒരാൾ ജീവിതത്തിൽ വിജയിച്ചവനാണെന്ന് ധരിക്കുന്നതുപോലെയാണ് ഒരുപാടൊരുപാട് യാത്ര ചെയ്ത ആൾ മികച്ച ആളാണെന്ന്, അനുഭവമുള്ളയാളാണെന്ന് തെറ്റിദ്ധരിക്കുന്നത്.

ഏതൊരു യാത്രയും ജീവിതത്തിൽ ഗുണകരമായി മാറുമ്പോഴാണ് ഒരാൾ കൂടുതൽ യാത്ര ചെയ്യുന്ന ആളായി മാറുന്നത്. യാത്രയുടെ എണ്ണത്തിലല്ല ഗുണത്തിലാണ് നാം ശ്രദ്ധിക്കേണ്ടതെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. ഒരിക്കൽ മാത്രം ഹിമാലയത്തിൽ പോയി തിരിച്ചുവന്ന ഒരു സുഹൃത്തുണ്ടെനിക്ക്. അദ്ദേഹം നാല്പത് വർഷം മുമ്പാണ് ഹിമാലയത്തില് പോയി വന്നത്. ഇപ്പോൾ 70 വയസ്സൊക്കെ ആയിട്ടുണ്ടാകും. പിന്നീട് എന്തുകൊണ്ടാണ് യാത്ര ചെയ്യാതിരുന്നതെന്ന് ഞാനൊരിക്കല് അദ്ദേഹത്തോട് ചോദിച്ചു.

അദ്ദേഹം പറഞ്ഞു: ‘ആ ഒരു യാത്രകൊണ്ടുതന്നെ ജീവിതമാകുന്ന യാത്ര എങ്ങനെ ചെയ്യണമെന്ന് പഠിച്ചു. മെല്ലെമെല്ലെ ജീവിതത്തിൽ ധൃതിയില്ലാതെയായി. ഹിമാലയത്തിന്റെ ഔന്നത്യത്തിൽ നിന്നുകൊണ്ട് താഴ്വരയിലേക്കും ഹിമവൽ ശൃംഗങ്ങളുടെ ഔന്നത്യത്തിലേക്കും നിശ്ചലനായി നോക്കിനിന്നപ്പോൾ ഞാനെത്ര നിസ്സാരനായ ഒരു മനുഷ്യനാണെന്നും അതേസമയം എത്രയെത്ര ഉദാത്തമായ അനുഭവങ്ങളെ ഉൾക്കൊള്ളുന്ന ഒരു ബോധത്തിന് ഉടമയാണെന്നും അറിഞ്ഞു. മഹിമയും എളിമയും ഒരുപോലെ എന്റെ ബോധത്തിന് ആ യാത്ര സമ്മാനിച്ചു. അതു പിന്നെ ബോധത്തിൽ നിന്ന് വിട്ടുപോകാത്തതുകൊണ്ട് രണ്ടാമതൊരു യാത്ര ചെയ്യേണ്ടതായി വന്നില്ല.’ ഇരുപതിലധികം തവണയെങ്കിലും ഹിമാലയത്തിലേക്ക് യാത്രചെയ്ത എന്നേക്കാളും ഒരേയൊരു തവണ യാത്ര പോയിവന്ന അദ്ദേഹമാണ് കൂടുതൽ യാത്ര ചെയ്തതെന്ന് അന്നു ഞാനനുഭവിച്ചു.

നമ്മൾ യാത്രയിൽ അനുഭവിക്കുന്ന ഒരു കാര്യം ഉയരങ്ങൾ കീഴടക്കുക എന്നുള്ളതാണ്. പ്രകൃതിയെ കീഴടക്കിയിട്ടുള്ള യാത്രകളൊന്നും ഒരു യാത്രികനെയും യാത്രികനാക്കുന്നില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. പ്രകൃതിയുടെ മുമ്പിൽ കീഴടങ്ങുന്നവരാണ് യഥാർത്ഥ യാത്രികര്. പ്രകൃതിയുടെ വിശ്വവശ്യമായ ഔന്നത്യത്തിന് മുന്നിൽ, സൗന്ദര്യത്തിനു മുന്നിൽ, ആശ്ചര്യപരതയ്ക്ക് മുന്നിൽ നമ്മൾ സ്വയം തോറ്റുപോവുകയാണ് ചെയ്യുന്നത്. സ്വയം കീഴടങ്ങുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോഴാണ് യഥാർത്ഥത്തിൽ നമ്മൾ എല്ലാറ്റിനെയും കീഴടക്കുന്നത്. നമ്മുടെ അഹങ്കാരത്തെ, നമ്മുടെ ധാർഷ്ട്യത്തെ കീഴടക്കാനുള്ള വഴി പ്രകൃതിയുടെ മുന്നിൽ കീഴടങ്ങുക എന്നുള്ളതാണ്. അതുകൊണ്ട് പ്രകൃതിയെയല്ല നമ്മൾ കീഴടക്കേണ്ടത്, നമ്മെത്തന്നെയാണ്.

ഞാൻ മാത്രമാണ് ശരിയെന്ന് പറയുന്ന നമ്മുടെ ഹ്രസ്വമായ, ചുരുങ്ങിക്കിടക്കുന്ന ബോധത്തെ കീഴടക്കാൻ വേണ്ടി പ്രകൃതിയുടെ ആ മനോഹാരിതയിൽ, ആശ്ചര്യപരതയിൽ നാം കീഴൊതുങ്ങിക്കൊ ടുക്കേണ്ടതുണ്ട്. ഏതൊരു യാത്രയും പ്രകൃതിയുടെ വൈവിധ്യങ്ങൾക്കുമുന്നിൽ സ്വയം കീഴടങ്ങാൻ നമ്മെ സഹായിക്കുന്നുണ്ടെങ്കിൽ അഹന്തയെ കീഴടക്കാനുള്ള ഒരു വഴിയായി അത് മാറും. ഞാൻ ഒരു സംഭവമാണെന്നുള്ള ധാർഷ്ട്യവുമായി ജീവിക്കുന്ന ഒരാള്ക്ക് ഞാൻ ഒന്നുമല്ലെന്നും ഒരു കാറ്റടിച്ചാൽ വീണുപോകുന്ന ഇത്തിരിപ്പോന്ന ഒരു ജീവിയാണെന്നുമുള്ള അവബോധം സമ്മാനിക്കുന്ന സൗന്ദര്യാനുഭവങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നതെങ്കിൽ ആ യാത്ര അത്രയും മഹത്തരമാണ്.

യാത്ര നമ്മുടെ ബോധത്തിലെ എല്ലാ തരത്തിലുമുള്ള കല്ലിപ്പിനെയും അലിയിച്ചുകളയാൻ സഹായിക്കുന്നതാകണം. കല്ലിപ്പ് ബാധിച്ചിട്ടുള്ള നമ്മുടെ അഹങ്കാരങ്ങളെ കുറച്ചൊന്ന് അലിയിച്ചുതരാൻ നമ്മുടെ യാത്രകൾ സഹായിക്കുന്നുണ്ടെങ്കിൽ ആ യാത്രകൾ കൊള്ളാം. ഓരോ യാത്രയും കഴിഞ്ഞ് തിരിച്ചുവരുമ്പോള് ഞാൻ ഒരു യാത്രയും ഇതുവരെ ചെയ്തിട്ടില്ലല്ലോ എന്ന ഒരു ചിന്തകൂടി നമ്മുടെ നെഞ്ചിൽ ഉണ്ടാവുകയാണെങ്കിൽ നാം കുറച്ചൊക്കെ യാത്ര ചെയ്ത ആളാണെന്ന് പറയാം.

നാലോ അഞ്ചോ പത്തോ പുസ്തകങ്ങൾ വായിച്ച ഒരാൾക്ക് ഒരുപാട് പുസ്തകങ്ങൾ വായിച്ച ആളാണെന്ന് തോന്നും. എന്നാല് ആന്തരികവും ബാഹ്യവുമായ ആശയപ്രപഞ്ചങ്ങളെ ഉൾക്കൊള്ളുന്ന പുസ്തകങ്ങളിലൂടെ മെല്ലെ മെല്ലെ യാത്ര ചെയ്ത് മുമ്പോട്ടുപോകുമ്പോഴാണ് നമ്മൾ എത്ര അറിവില്ലാത്ത ആളുകളാണെന്ന് മനസ്സിലാകുക. എത്ര കുറച്ച് വായിച്ചവരാണെന്ന് ബോധ്യമാകുക. അറിഞ്ഞറിഞ്ഞുവരുന്തോറും നാം എത്ര അറിവില്ലാത്തവരാണെന്ന അനുഭവമാണ് അറിവിന്റെ ലോകം നമുക്ക് സംഭാവന ചെയ്യുക. ചില പുസ്തകങ്ങളുടെ വായനകൾ പോലെ ചില വ്യക്തികളുടെ സാന്നിധ്യങ്ങൾ നമ്മളെ വലിയ യാത്രികരാക്കി മാറ്റാറുണ്ട്.

രമണമഹർഷിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. വളരെയധികം‘യാത്ര’ ചെയ്തിട്ടുള്ള ഒരു മനുഷ്യനാണ് രമണമഹർഷി. എങ്ങനെയാണ് തിരുവണ്ണാമലയെന്ന മലയുടെ ചുറ്റുമുള്ള കുറച്ചു ഗുഹകളിൽ മാത്രം ഒരു ജീവിതകാലം മുഴുവൻ ജീവിച്ച രമണമഹർഷി ഒരുപാട് യാത്ര ചെയ്ത ആളാകുന്നത്? ഒരുപാട് യാത്ര ചെയ്താൽ ലഭിക്കേണ്ട വിനയവും വെളിച്ചവും ആ മനുഷ്യനിൽ ഉണ്ടായിരുന്നു എന്നതുകൊണ്ടാണത്.

രമണമഹർഷിയെ കുറിച്ച് കേട്ടിട്ടുണ്ടാകും. വളരെയധികം ‘യാത്ര’ ചെയ്തിട്ടുള്ള ഒരു മനുഷ്യനാണ്. എങ്ങനെയാണ് തിരുവണ്ണാമലയെന്ന മലയുടെ ചുറ്റുമുള്ള കുറച്ചു ഗുഹകളിൽ മാത്രം ഒരു ജീവിതകാലം മുഴുവൻ ജീവിച്ച രമണമഹർഷി ഒരുപാട് യാത്ര ചെയ്ത ആളാകുന്നത്? ഒരുപാട് യാത്ര ചെയ്താൽ ലഭിക്കേണ്ട വിനയവും വെളിച്ചവും ആ മനുഷ്യനിൽ ഉണ്ടായിരുന്നു എന്നതുകൊണ്ടാണത്. നമ്മുടെ ഉള്ളിൽ അറിവിന്റെ വെളിച്ചവും അലിവിന്റെ വിനയവും ഒരുപോലെ സമ്മേളിക്കുന്ന ഒരു ബോധാവസ്ഥ സമ്മാനിക്കുന്നില്ലെങ്കിൽ ഏതു യാത്രയും നിരർഥകമാണ്.

 രമണമഹർഷി

രമണമഹർഷി

ഓരോ യാത്രയിലും അപരിചിതരായിട്ടുള്ള എത്രയോ മനുഷ്യരെയാണ് കണ്ടുമുട്ടുന്നത്. ഹിമാലയത്തിലേക്ക് പോകുമ്പോൾ തിരിച്ചിറങ്ങി വരുന്ന ഓരോ മനുഷ്യരെയും നോക്കി നാം ചിരിക്കുന്നത് ആത്മസഹോദരരെ നോക്കി ചിരിക്കുന്നതുപോലെയാണ്. അവർക്ക് വെള്ളം പകരുന്നത് നമ്മുടെ ആത്മസഹോദരന് വെള്ളം കൊടുക്കുന്നതുപോലെയാണ്. തളർന്നിരിക്കുന്ന ഒരു മനുഷ്യനെ കണ്ടാൽ കുറച്ചുസമയം അയാളുടെ അടുത്തിരുന്ന് തലോടിക്കൊടുക്കും. എന്നിട്ട് പറയും; സാരമില്ല നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം എന്ന്. യാത്രയിൽ കണ്ടുമുട്ടുന്ന ഓരോ അപരിചിതനും സുപരിചിതനാണെന്നും ആത്മബന്ധുവാണെന്നുമുള്ള തോന്നൽ ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നുണ്ട്.

ഉള്ളതിൽ തൃപ്തിയോടെ ജീവിക്കാനും ജീവിതത്തെ ഒരു ഹിമാലയൻ യാത്രപോലെ തന്നെ അനുഭവിക്കാനും യാത്രയിലുണ്ടായ പ്രതിസന്ധികളെയും പ്രയാസങ്ങളെയും അനായാസതയോടെയും തൃപ്തിയോടെയും ധീരതയോടെയും അതിജീവിച്ചതുപോലെ ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളെയും പ്രതിസന്ധികളെയുമൊക്കെ നിറപുഞ്ചിരിയോടെ അതിജീവിക്കാനും കഴിയുന്നിടത്ത് യാത്ര അതിന്റെ പൂർണതയെ തൊട്ടുതുടങ്ങുന്നെന്ന് പറയാം.

യാത്രയില് തികച്ചും അപരിചിതരായ മനുഷ്യർ എതിരെ വരുമ്പോൾ അവരെ നോക്കി ചിരിക്കുകയും ദാഹിക്കുന്നവരോട് വെള്ളം വേണോ എന്ന് ചോദിക്കുകയും വെള്ളം പകരുകയും ചെയ്തതുപോലെ കടന്നുവരുന്ന എല്ലാ അപരിചിതരെയും നോക്കി ചിരിക്കാനും അവരാരും അപരിചിതരല്ല മറിച്ച്, സുപരിചിതരാണെന്ന് മനസ്സിലാക്കി അവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നമ്മിലുള്ളഒരു പങ്ക് അവർക്ക് പങ്കുവെക്കാനും കഴിയുന്നിടത്ത് നാം നടത്തിയ യാത്രകള് ഹൃദ്യമായിത്തുടങ്ങുന്നു. യാതൊരു ധൃതിയുമില്ലാതെ, സമാധാനത്തോടെ ഉള്ളതിൽ തൃപ്തരായി സാവകാശത്തോടുകൂടി ചുറ്റുപാടുള്ള താഴ്വരകളെയൊക്കെ കണ്ടാസ്വദിച്ച് ജീവിതത്തെ ജീവിച്ചാൽ മതിയെന്ന അവബോധം കൂടി നമ്മളിൽ നിറയ്ക്കാന് യാത്ര സഹായിക്കുമെങ്കിൽ നമ്മൾ യാത്രികരാണ്. സദാ യാത്രികരാണെന്ന മനോഭാവത്തെ ഉള്ളിൽ സൃഷ്ടിക്കാൻ യാത്രകള് പ്രചോദനമായെങ്കില് എന്നുമാത്രമാണ് പ്രാർഥന.

അഞ്ച്

യാത്രികനില്ലാതാകുംവരെ യാത്ര തുടരണം യാത്രയില്ലാതാകും വരെ യാത്രികന് തുടരണം.

ജീവിതത്തിന്റെ നിഗൂഢതകളറിയണമെന്ന താല്പര്യമോ കാടും മലയും അനുഭവിക്കാനുള്ള അടങ്ങാത്ത ദാഹമോ അല്ല എന്നെ യാത്രകളിലേക്ക് തള്ളിയിട്ടത്. വീട്ടില്നിന്നും ഓടിയകലാനുള്ള വെമ്പല് മാത്രമായിരുന്നു പ്രചോദനം. എല്ലാ തരത്തിലുമുള്ള കെട്ടുപാടുകളില് നിന്നും കുതറിമാറാനുള്ള ചോദന. അടങ്ങാത്ത മോഹത്തോടെ സ്വന്തമാക്കാന് കൊതിച്ചതെല്ലാം കൈപ്പിടിയിലാവുന്നതോടെ ഊര്ന്നുപോവുകയോ അതില്നിന്നും സ്വയം അകന്നുപോവുകയോ ചെയ്തു. ഒന്നുകില് അതെന്നെ വിട്ടുപോകും. അല്ലെങ്കില് ഞാനതിനെ വിട്ടുപോകും. ഒന്നും എന്നില് ഒട്ടിനിന്നില്ല; ഞാന് ആഗ്രഹിച്ചതുപോലും.

ഉള്ളില് തട്ടിയവയെ നിലനിർത്താന് ശ്രമിച്ചപ്പോഴെല്ലാം ശരീരത്തിലും മനസ്സിലും തീപടരുകയാണുണ്ടായത്. നമ്മുടെ ആഗ്രഹങ്ങള്ക്കുമപ്പുറം ജീവിതത്തിന് അതിന്റേതായ ഉൾവഴികളുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നാം സൃഷ്ടിക്കുന്ന വഴികളെക്കാള് സുനിശ്ചിതവും സുശക്തവുമാണ് ആ വഴികളെന്നും വഴിമാറിയൊഴുകാന് ശ്രമിച്ചാല് കൂടുതല് സങ്കീർണണവും സംഘര്ഷവും നിറഞ്ഞ ജീവിതമാകും സംഭവിക്കുകയെന്നും അനുഭവം പറഞ്ഞുതന്നു.
ജീവിതത്തെ, അതിന്റെ സൂക്ഷ്മമായ അന്തര്ധാരകളെ, ബോധാബോധങ്ങളില് അലയടിക്കുന്ന സൂക്ഷ്മമായ വൈകാരികപ്രപഞ്ചങ്ങളെ നിസ്സഹായനായി അനുഭവിക്കാന് യാത്രകള് സഹായിച്ചു. ഭയവും അനുഭൂതിയും ആശങ്കയും നിരാശയും പ്രത്യാശയും അനാഥത്വവും സനാഥത്വവും എല്ലാം ഒരു മഹാപ്രവാഹമായി ഉള്ളില് അലയടിച്ച യാത്രകള്!

ഷൗക്കത്ത്

ഷൗക്കത്ത്

യാഥാസ്ഥിതികമായ മതവിശ്വാസങ്ങളില്നിന്നും അകന്നുപോയിരുന്നെങ്കിലും ജീവിതത്തിന്റെ നിഗൂഢപ്രപഞ്ചത്തിലേക്ക് വലിച്ചെറിയപ്പെട്ടത് യാത്രകളിലേക്ക് വഴുതിവീണപ്പോഴാണ്. വിശ്വാസ അവിശ്വാസ ലോകങ്ങള്ക്കുമപ്പുറം വിരാജിക്കുന്ന ഒരു മഹാപ്രപഞ്ചമുണ്ടെന്നും അവിടെ എല്ലാ അതിരുകളും അറ്റുവീഴുമെന്നും അനന്തമായ ആകാശവും താഴ്വരകളിലൂടെ മന്ദമായൊഴുകന്ന വെണ്മേഘങ്ങളും മൗനമൂകമായ വനഹൃദയവും പറഞ്ഞുതന്നു. ഒരു പിഞ്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ആ വാക്കുകള്ക്ക് ചെവിയോര്ത്തു. ആത്മാവിന്റെ ആഴങ്ങളിലേക്ക് ഊര്ന്നിറങ്ങിപ്പോയ ആ വാക്കുകളാണ് പിന്നീട് ജീവിതത്തിന് പ്രത്യാശയുടെ നവോന്മേഷം പകര്ന്നത്. മുമ്പോട്ടുള്ള യാത്രയ്ക്ക് പ്രചോദനമാകത്തക്ക രീതിയില് ഇന്നിനെ നിറവുള്ളതാക്കാനും ആ സംഗീതം എന്നെ സഹായിക്കുന്നു. അപശ്രുതികളാല് ഹൃദയം കലുഷമാകുമ്പോഴെല്ലാം അകമേ വാത്സല്യസാന്നിധ്യമായി ആ കനിവ് നിറയുന്നു.

യാത്രകള് ഉള്ളിലൊരു ലോകമുണ്ടെന്ന് കാണിച്ചുതന്നു. പിടിതരാത്ത ലോകം. അടുക്കുംതോറും അകന്നകന്നു പോകുന്ന മഹാപ്രപഞ്ചം. നിസ്സഹായനായി നോക്കിയിരിക്കുക മാത്രമേ വഴിയുള്ളൂവെന്ന് അനുഭവിപ്പിച്ച യാത്രകള് ഭാവിയില് ജീവിതം എത്തിച്ചേര്ന്നേക്കാവുന്ന ഒരിടത്തേക്ക് വെളിച്ചം വീശുകയായിരുന്നിരിക്കണം.
നിയതി ക്ഷമയോടെ നമുക്കു മുമ്പില് വീണ്ടും വീണ്ടും ഒരേ കാര്യം പറഞ്ഞുതരാനായി സമാനമായ സന്ദര്ഭങ്ങള് സൃഷ്ടിക്കുകയാണെന്ന് യാത്രകളില് തോന്നിയിട്ടുണ്ട്. എന്നെങ്കിലും നാം അനുഭവത്തിനു പിന്നിലിരിക്കുന്ന മൗനമന്ദഹാസത്തിലേക്ക് ഉണരുമെന്ന് നിയതി പ്രതീക്ഷിക്കുന്നു. അന്നു നാം ഒരുപക്ഷേ, നമ്മുടെ വിഡ്ഢിത്തമോര്ത്ത് പൊട്ടിച്ചിരിക്കുമായിരിക്കും. ജീവിതാനുഭവങ്ങളെക്കുറിച്ച് ഊറ്റം കൊണ്ടിരുന്ന നമ്മുടെ അഹന്ത അവിടെ അറ്റുവീണേക്കും. പുതുപുത്തന് അനുഭവങ്ങള്ക്കായി വെമ്പല് കൊണ്ട് അലഞ്ഞുതിരിയുന്ന അന്തരംഗം അതോടെ നിശ്ചലമായേക്കും. ജീവിക്കുന്ന നിമിഷങ്ങളോട് ഉത്തരവാദിത്വമുള്ളവരായിത്തീരുന്ന അനുഗ്രഹനിമിഷങ്ങളായിരിക്കാം പിന്നീട് നമ്മില് സംഭവിക്കുക.

ഒരനുഭവത്തില് എന്തൊക്കെയാണോ സംഭവിക്കുന്നത് അത് മാത്രമേ അടുത്ത അനുഭവത്തിലും സംഭവിക്കുന്നുള്ളൂവെന്ന് ഒരാളറിയുമ്പോള് അനുഭവത്തിനുവേണ്ടിയുള്ള അന്തര്ദാഹം ശമിക്കുകയും വന്നു ഭവിക്കുന്ന അനുഭവങ്ങളെ നിശ്ചലവും നിസ്സംഗവുമായ ബോധത്തോടെ അതിശയോക്തിയില്ലാതെ അനുഭവിക്കുകയും ചെയ്യും. അങ്ങനെയുള്ള അനുഭവം പുതുമയുള്ളതായിരിക്കും.
അതൊരു നവീനമായ ഉണർവാണ്. അനുസ്യൂതമായ അനുഭവങ്ങള്ക്കു പിന്നാലെ പായുന്ന മനസ്സിന്റെ സഞ്ചാരം നിലയ്ക്കുക ഈ ഒരറിവ് അകമേ നിറയുമ്പോള് മാത്രമാണ്. ബുദ്ധിപരമായി നാം ഇതറിയുമ്പോള് അതൊരു വെറും അറിവു മാത്രമേ ആകുന്നുള്ളൂ. നമ്മുടെ സത്തയില് ഈ അറിവ് കലരുമ്പോഴേ ജീവിതത്തിന്റെ നിഗൂഢത നാം അറിഞ്ഞുതുടങ്ങുകയുള്ളൂ.

കുടുംബസുരക്ഷിതത്വത്തില് സുഖമായി കഴിഞ്ഞിരുന്ന എനിക്ക് പ്രതിസന്ധികളെ ഒരിക്കലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. ജീവിതത്തിന്റെ ഉപരിതലങ്ങളില് മാത്രം വ്യാപരിച്ചിരുന്ന ബോധത്തിന് കേവല സുഖങ്ങള്ക്കുമപ്പുറമുള്ള അനുഭൂതി ലോകങ്ങളും അനുഭവിക്കാനായില്ല. എന്നാല് യാത്രകള് സമ്മാനിച്ചത് മറ്റൊന്നായിരുന്നു.

കുടുംബസുരക്ഷിതത്വത്തില് സുഖമായി കഴിഞ്ഞിരുന്ന എനിക്ക് പ്രതിസന്ധികളെ ഒരിക്കലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. ജീവിതത്തിന്റെ ഉപരിതലങ്ങളില് മാത്രം വ്യാപരിച്ചിരുന്ന ബോധത്തിന് കേവല സുഖങ്ങള്ക്കുമപ്പുറമുള്ള അനുഭൂതി ലോകങ്ങളും അനുഭവിക്കാനായില്ല. എന്നാല് യാത്രകള് സമ്മാനിച്ചത് മറ്റൊന്നായിരുന്നു. ഇവിടെ ഇതാ ജീവിതം അതിന്റെ ആഴങ്ങളെ അനുഭവിപ്പിക്കുന്നു. സനാഥത്വത്തിന്റെയും അനാഥത്വത്തിന്റെയും ആഴങ്ങള്! ഈശ്വരാ, ജീവിതം എത്ര നിഗൂഢമാണെന്ന് പ്രാർഥിച്ചു തുടങ്ങിയത് ആ അനിശ്ചിതത്വത്തിലിരുന്നായിരുന്നു. എല്ലാ സുനിശ്ചിതത്വങ്ങളും അനിശ്ചിതത്വങ്ങളിലാണ് വിലീനമായിരിക്കുന്നതെന്ന് അറിയാനായാല് എത്ര അനായാസമായിരിക്കും ജീവിതം എന്നു പറഞ്ഞത് യാത്രകളായിരുന്നു.

സുനിശ്ചിതമായ വഴികളിലൂടെ സുഖംതേടി അലഞ്ഞലഞ്ഞ് ദുഃഖത്തിന്റെ മഹാർണവത്തില് ചെന്നുവീഴുന്ന ബോധങ്ങള്. എല്ലാ പ്രതീക്ഷകളുമറ്റ് നിസ്സഹായനായിരിക്കെ സ്വാസ്ഥ്യത്തിന്റെ വീചികള് എവിടുന്നോ ഒഴുകിയെത്തി ഉള്ളം കുളിര്പ്പിക്കുന്നു. അറിയുംതോറും അറിയാനാവാത്തവിധം നിഗൂഢമാണ് സുഖദുഃഖങ്ങള്ക്കു കാരണമായിരിക്കുന്ന പൊരുളെന്ന് ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്ക്കെല്ലാം ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്തെങ്കിലും ആയിത്തീരാനുള്ള മോഹങ്ങളില്നിന്നെല്ലാം ബോധത്തെ നിവര്ത്തിച്ച് വന്നുചേരുന്ന അനുഭവങ്ങള്ക്കു മുകളില് ധ്യാനനിരതരായാല് ജീവിതം അതിന്റെ എല്ലാ സൗകുമാര്യതയോടും വന്നുഭവിക്കുന്നത് അനുഭവിക്കാനാകും.

യാത്രകള് എല്ലാ പ്രതിരോധങ്ങളെയും കണക്കുകൂട്ടലുകളെയും തയ്യാറെടുപ്പുകളെയും തകര്ത്ത് നിസ്സഹായതയുടെ ശൂന്യതയിലേക്ക് പലപ്പോഴും നമ്മെ വലിച്ചെറിഞ്ഞേക്കാം. നിനച്ചിരിക്കാതെ വരുന്ന പ്രതിസന്ധികള് ജീവിതയാത്രയുടെ സുഗമമായ പ്രയാണത്തിന് തടസ്സമുണ്ടാക്കുമ്പോഴെല്ലാം കാത്തിരിക്കുക, ക്ഷമയോടെ കാത്തിരിക്കുക എന്ന് ഉള്ളിന്റെയുള്ളില് നിന്നും ഉണര്ന്നുവരാറുള്ള നാദം യാത്രകള് സമ്മാനിച്ച അനുഗ്രഹമല്ലാതെ മറ്റൊന്നുമായിരുന്നില്ല.
ജീവിതത്തിന് ജീവിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലെന്ന് അനുഭവിപ്പിച്ചത് യാത്രകളാണ്. നാം വിചാരിക്കുന്നതുപോലെ മാറ്റിമറിക്കാവുന്നതല്ല ജീവിതമെന്നും അതിന് അതിന്റേതായ വഴികളുണ്ടെന്നും അതോടൊപ്പം വിനീതരായി ഒഴുകുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂവെന്നും പലരില്നിന്നും അറിഞ്ഞു. അപ്പോഴൊക്കെ ഞാന് ഓര്ക്കും; ഇതുതന്നെയല്ലേ യാത്രകളും പറയുന്നതെന്ന്.

ജീവിതാനുഭവങ്ങളില് നവീനത്വമനുഭവിക്കാനായാല് ജീവിതത്തിന് രസമുണ്ടാകും. കാരുണ്യവും സ്നേഹവും നിറഞ്ഞ ഹൃദയവും സദാ ഉണര്ന്നിരിക്കുന്ന ജിജ്ഞാസുവായ ഒരുള്ളവും കാര്യങ്ങളെ നിസ്സാരമായെടുക്കാനുള്ള മനോഭാവവും അല്പം സരസതയും വലിയ നിലപാടുകളൊന്നുമില്ലാത്ത അയഞ്ഞൊരു ജീവിതദര്ശനവും കൈമുതലായുണ്ടെങ്കില് ഏത് വാസവും വലിയ ഹാനിയില്ലാതെ നയിച്ചുകൊണ്ടുപോകാവുന്നതാണെന്ന് തോന്നുന്നു. ഗൗരവതരമായ എല്ലാ കടുംപിടുത്തങ്ങളെയും ഉപേക്ഷിച്ച് സൗമ്യശാന്തമായ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാന് യാത്രകള് ഒരവസരമായേക്കും. യാത്രയുടെ ഹൃദയസ്പന്ദനവുമായി പാരസ്പര്യപ്പെടാന് അവസരമുണ്ടായിട്ടുള്ളവര്ക്ക് ആ അയവു നൽകുന്ന ഊഷ്മളത എത്രയെന്നു പറയാതെതന്നെ അറിയാം. നാം ആരാണെന്ന് അറിയുകയെന്നാല് ആരുമല്ലെന്നറിയലാണെന്ന് അറിയാന് യാത്രപോലൊരു ഉപനിഷത്തില്ല.

ആറ്

ഉപസംഹാരമായി എന്തെങ്കിലും എഴുതാനിരുന്നപ്പോഴാണ് അതോടെ യാത്രയുടെ രസം വറ്റിപ്പോകുമല്ലോ എന്നോര്ത്തത്. ഫുള്സ്റ്റോപ്പിടാതെ കോമയിലും സെമിക്കോളനിലും ഹൈഫണിലും മാത്രമേ ജീവിതത്തെ നിർവചിക്കാവൂ എന്നാണ് യാത്രകള് മൊഴിഞ്ഞത്. ഒന്നും അവസാനിക്കുന്നില്ല, തുടര്ച്ചകളേയുള്ളൂ എന്ന വെളിച്ചമാണ് യാത്രകള് പകരുന്നത്. അതെത്ര ആശ്വാസമാണ്.

തുടര്ച്ചകള്! പ്രതീക്ഷയുടെ വിത്തുകള് തളിർത്തുവരാനായി വെമ്പുകയും വിതുമ്പുകയും ചെയ്യുന്ന അർധവിരാമങ്ങളേയുള്ളൂവെന്ന് അറിയുന്ന ബോധത്തില് നിരാശയ്ക്ക് ഇടമില്ല. അതെപ്പോഴും വീണിടത്തുനിന്നും എഴുന്നേറ്റു നടക്കാന് ശ്രമിക്കുന്ന കുഞ്ഞിനെപ്പോലെയാണ്. വീണതിനെപ്രതിയുള്ള വേദനയോ നിരാശയോ കുഞ്ഞിനെ ബാധിക്കുന്നില്ല. ഏതുവിധേനയും നടക്കുകയെന്ന ഒരൊറ്റ ഉദ്ദേശമേ കുഞ്ഞിലുള്ളൂ. ഇനി എനിക്കു വയ്യെന്നു പറഞ്ഞ് ഒരു കുഞ്ഞും നടക്കാനുള്ള ഉദ്യമത്തില്നിന്ന് പിന്തിരിഞ്ഞിട്ടില്ല. നമ്മുടെ എല്ലാ യാത്രകളും നമ്മിലെ കുഞ്ഞിലുള്ള ആ ഊർജത്തെ വീണ്ടെടുക്കാനാകട്ടെ എന്ന ആശംസകളോടെ യാത്ര തുടരാം .


(ദേശാഭിമാനി വാരികയിൽ നിന്ന്).

Previous Post

പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു

Next Post

യുവതി തീവണ്ടിതട്ടി മരിച്ച സംഭവം; മരണത്തിന് കാരണം സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
30
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

September 27, 2024
33
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
31
Next Post
യുവതി-തീവണ്ടിതട്ടി-മരിച്ച-സംഭവം;-മരണത്തിന്-കാരണം-സ്ത്രീധന-പീഡനമെന്ന്-ബന്ധുക്കള്‍

യുവതി തീവണ്ടിതട്ടി മരിച്ച സംഭവം; മരണത്തിന് കാരണം സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.