ന്യൂഡല്ഹി> ഉത്തരാഖണ്ഡില് ബിജെപി വീണ്ടും അധികാരത്തിലെത്തിയാല് ഉടനടി ഏകീകൃത സിവില് കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കര് സിംഗ് ധാമി.വിവാഹം, തലാഖ് അഥവാ വിവാഹമോചനം, ഭൂമി- സ്വത്ത് അവകാശം, ഭൂമി- സ്വത്ത് പാരമ്പര്യകൈമാറ്റം എന്നിവയ്ക്കെല്ലാം മതാതീതമായി ഒരേ തരം നിയമങ്ങളാകും ഏകീകൃതസിവില് കോഡ് നടപ്പാക്കിയാല് നിലവില് വരിക എന്നും പുഷ്കര് സിംഗ് ധാമി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാവര്ക്കും ഒരേ തരത്തില് അവകാശങ്ങള് ഉറപ്പാക്കാന് ഏകീകൃതസിവില് കോഡ് നടപ്പാക്കണം- ധാമി വാര്ത്താസമ്മേളനത്തില് പറഞ്ഞു.സംസ്ഥാനത്ത് സാമൂഹ്യനീതിയും, സമത്വവും, ലിംഗനീതിയും, വനിതാ വിമോചനവും ഉറപ്പാക്കാന് ഏകീകൃതസിവില് കോഡ് നടപ്പാക്കണം. അത് സംസ്ഥാനത്തിന്റെ ”അത്യസാധാരണമായ സാംസ്കാരിക- ആത്മീയ സ്വത്വത്തെയും പരിസരത്തെയും സംരക്ഷിക്കു”മെന്നും പുഷ്കര് സിംഗ് ധാമി അവകാശപ്പെടുന്നു.
വീണ്ടും ബിജെപി സര്ക്കാര് രൂപീകരിച്ചാല് ഉടനടി ഏകീകൃതസിവില് കോഡിനുള്ള കരട് രൂപരേഖയ്ക്കായി ഒരു സമിതി രൂപീകരിക്കുമെന്നും വാര്ത്താ ഏജന്സിയായ എഎന്ഐയ്ക്ക് നല്കിയ അഭിമുഖത്തില് പുഷ്കര് സിംഗ് ധാമി വ്യക്തമാക്കി.