പേരാമ്പ്ര > വിനോദസഞ്ചാരകേന്ദ്രമായ പെരുവണ്ണാമൂഴി റിസര്വോയറില് സൗരോര്ജ ബോട്ട് സര്വീസ് ആരംഭിക്കുന്നു. 13 കിലോമീറ്റർ ദൈർഘ്യമുള്ള റിസർവോയറിലൂടെയുള്ള ബോട്ട് യാത്ര ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ഏര്പ്പെടുത്തുന്നത്. ജലസേചന വകുപ്പ് സഹകരണ ബാങ്കുമായി കരാര് വയ്ക്കുന്നത് ഉള്പ്പെടെയുള്ള നടപടികള് പൂര്ത്തീകരിച്ച് രണ്ടാഴ്ചയ്ക്കകം സര്വീസ് ആരംഭിക്കും.
14 കോടി രൂപ ചെലവഴിച്ചുള്ള ടൂറിസ്റ്റ് കേന്ദ്രം നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ബോട്ട് സർവീസ് കൂടി ആരംഭിക്കുന്നതോടെ കൂടുതല് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്ഷിക്കാന് സാധിക്കും. 20 പേര്ക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ടും 10 പേര്ക്ക് യാത്രചെയ്യാവുന്ന മറ്റൊരു സൗരോര്ജ ബോട്ടുമാണ് ആദ്യഘട്ടത്തില് തുടങ്ങുന്നത്. രണ്ടു ബോട്ടുകളും പെരുവണ്ണാമൂഴി റിസര്വോയറിൽ ട്രയല് യാത്ര നടത്തി. രണ്ടാം ഘട്ടത്തില് കല്ലാനോട് തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിലും ബോട്ട് സര്വീസ് ആരംഭിക്കാനുള്ള ടെന്ഡര് നടപടികള് പുരോഗമിക്കുകയാണ്.