തിരുവനന്തപുരം > സിൽവർ ലൈൻ സംബന്ധിച്ചുള്ള ജനങ്ങളുടെ പരാതിക്കും സംശയത്തിനും ഓൺലൈനിലൂടെ മറുപടി നൽകുന്നതിനുള്ള ട്രയൽ രണ്ടാഴ്ചയ്ക്കകം നടത്തും. സൂം മീറ്റിങ്, യൂട്യൂബ്, ഇ–- മെയിൽ, സമൂഹമാധ്യമങ്ങൾ തുടങ്ങിയവ വഴി മുൻകൂട്ടി സമയവും വിഷയവും നിശ്ചയിച്ച് സംവാദം നടത്താനാണ് കെ–- റെയിൽ പദ്ധതി. ഏത് സംവിധാനമാണെന്നതിൽ അന്തിമ തീരുമാനമായില്ല. ചോദ്യങ്ങൾ നേരത്തേ വാങ്ങി വിദഗ്ധർ മറുപടി നൽകും.
ഭൂമി ഏറ്റെടുക്കലാണെങ്കിൽ റവന്യൂ വകുപ്പ്, സാങ്കേതികമാണെങ്കിൽ ആ രംഗത്തുള്ളവരും മറുപടി നൽകും. ഫെബ്രുവരി അവസാനത്തോടെ ട്രയലും ആദ്യ സെഷനും പൂർത്തിയാക്കും. തുടർന്ന് മന്ത്രിമാരെ ഉൾപ്പെടുത്തി മറുപടി നൽകാനും ആലോചിക്കുന്നു. ഇതിന് സർക്കാരിന്റെ അനുമതി വേണം.
‘ജനസമക്ഷം സിൽവർ ലൈൻ ’ കോഴിക്കോട്, കാസർകോട് ഒഴികെ പാത കടന്നുപോകുന്ന മറ്റ് ജില്ലകളിൽ നടത്തി. പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ യോഗത്തിനായി. പരിപാടി മാറ്റിവച്ച കോഴിക്കോട്ടും കാസർകോട്ടും കോവിഡ് നിയന്ത്രണത്തിൽ ഇളവ് വന്നാൽ ഉടൻ നടത്തും.