തിരുവനന്തപുരം > സങ്കീർത്തനംപോലെ മലയാളിയുടെ വായനാനുഭവത്തിൽ ഇഴചേർന്ന പെരുമ്പടവം ശ്രീധരൻ ശതാഭിഷിക്തനാകുന്നു. ആയിരം പൂർണചന്ദ്ര പ്രഭയിൽ ശനിയാഴ്ച അദ്ദേഹത്തിന് 84 വയസ്സ് പൂർത്തിയാകും. ഒരു സങ്കീർത്തനം പോലെയിലെ ദസ്തയേവ്സ്കിയെയും അന്നയെയും മനസ്സിൽ കാെണ്ടുനടക്കാത്ത വായനക്കാർ മലയാളത്തിലുണ്ടാകില്ല. മക്കൾക്ക് ഈ നോവലിലെ കഥാപാത്രങ്ങളുടെ പേരുകൾ നൽകി ആരാധിച്ചവർവരെയുണ്ട്.
എറണാകുളം ജില്ലയിലെ പെരുമ്പടവമെന്ന ചെറുഗ്രാമം പരിചിതമായതും ശ്രീധരനിലൂടെയാണ്. 1964ൽ കേരള ശബ്ദം നോവൽ മത്സരത്തിൽ ആയിരം രൂപയുടെ ഒന്നാം സമ്മാനം ‘അഭയം’ നേടി വരവറിയിച്ചു. വയലാർ പുരസ്കാരവും കേരള സാഹിത്യ പുരസ്കാരവും നേടി. ഒരു സങ്കീർത്തനം പോലെ പുരസ്കാര പെരുമഴ തീർത്തു. അന്തിവെയിലിലെ പൊന്ന്, പിന്നെയും പൂക്കുന്ന കാട്, ആരണ്യഗീതം, ഒറ്റച്ചിലമ്പ്, ഇടത്താവളം, എന്റെ ഹൃദയത്തിന്റെ ഉടമ, ഗ്രീഷ്മജ്വാലകൾ തുടങ്ങി അനവധി കൃതികളെഴുതി. ഇതിനുപുറമെ ഭദ്രച്ചിറ്റ, സ്വന്തം ശാരിക, അഷ്ടപദി, മഴനിലാവ്, രാരീരം, സൂര്യദാഹം തുടങ്ങി പത്തിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചു.
നിലവിൽ “അവനി വാഴ്വ്’ എന്ന പുതിയ നോവലിന്റെ പണിപ്പുരയിലാണ്. പരേതയായ ലൈലയാണ് ഭാര്യ. മക്കൾ: അജിത, അല്ലി, രശ്മി, ശ്രീകുമാർ പെരുമ്പടവം. മരുമക്കൾ: രാജൻ, ടൈറ്റസ് എബ്രഹാം, ലസ്ലി, അനില.