തിരുവനന്തപുരം > സംസ്ഥാനത്ത് അതിദരിദ്രരായി കണ്ടെത്തിയവരിൽ ഭൂരിപക്ഷവും ജീവിതവഴിയിൽ ഒറ്റയ്ക്കായവർ. അതി ദരിദ്രരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണവകുപ്പ് 73,677 പേരുടെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയിരുന്നു. ഇതിൽ 49,826 പേരാണ് ഒറ്റയ്ക്ക് താമസിക്കുന്നത്. അനാഥർ, ഉപേക്ഷിക്കപ്പെട്ടവർ, രോഗം തുടങ്ങിയവയാണ് ഇവരുടെ ഒറ്റപ്പെടലിന് പിന്നിൽ.
സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി അതി ദരിദ്രർക്കായി സൂക്ഷ്മ പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ പദ്ധതിയിൽ ഇവർക്ക് പ്രത്യേക ശ്രദ്ധയും പിന്തുണയും ലഭിക്കും. ഗ്രാമസഭ അംഗീകാരിച്ചലേ നിലവിലെ പട്ടിക അന്തിമമാകൂ. 80 ശതമാനം ഗ്രാമസഭയും പട്ടിക അംഗീകരിച്ചു കഴിഞ്ഞു. ഒറ്റ അംഗങ്ങളുടെ കുടുംബങ്ങൾക്ക് മരുന്ന്, ഭക്ഷണം, സുരക്ഷ തുടങ്ങിയവയിൽ ഊന്നിയുള്ള വ്യക്തി കേന്ദ്രീകൃത പദ്ധതിയാകും തയ്യാറാക്കുക. ഓരോരുത്തരുടെയും സാഹചര്യം വ്യത്യസ്തമായതിനാലാണിത്.
സാമ്പത്തികപിന്തുണയും ആവശ്യം വരും. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങൾ പ്രത്യേക പദ്ധതി തയ്യാറാക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം സമ്പൂർണമായി അതിദാരിദ്ര്യം തുടച്ചുനീക്കാൻ മുന്നിട്ടിറങ്ങുന്നത്.