കണ്ണൂർ > “ഉത്തർപ്രദേശിൽ കൂലി കൃത്യമായി ലഭിക്കില്ല. ചോദിച്ചാൽ മർദനമാകും. കേരളത്തിൽ അന്നുതന്നെ കൂലി കിട്ടും. യുപിയിൽ ഭൂരിഭാഗംപേരും അർധപട്ടിണിയിലാണ്. ഇവിടെ ജീവിതം സന്തോഷമാണ്, സുരക്ഷിതവും’. വോട്ടർമാർക്ക് അബദ്ധം പറ്റിയാൽ യുപി കേരളമാകുമെന്ന മുഖ്യമന്ത്രി ആദിത്യനാഥിന്റെ അധിക്ഷേപത്തെ ജീവിതാനുഭവംകൊണ്ട് തിരുത്തുകയാണ് ഉത്തർപ്രദേശുകാരൻ ആബിദ്. യുപിയിലെ സാരംഗ്പുരിൽനിന്ന് നാലുവർഷംമുമ്പ് കുടുംബത്തോടൊപ്പം കണ്ണൂരിലെത്തി സലൂൺ തൊഴിലാളിയായ ആബിദിന് കേരളം സ്വർഗമാണ്.
‘‘ഇവിടെ നല്ല കൂലി ലഭിക്കുന്നു. അഞ്ചു മക്കളും തൊട്ടടുത്തുള്ള ദൈവത്താർകണ്ടി സ്കൂളിൽ നന്നായി പഠിക്കുന്നു. താമസിക്കാൻ വാടകയ്ക്കെങ്കിലും സുരക്ഷിതമായൊരിടം. ഈ നാടിനേക്കാൾ നല്ലൊരിടം വേറെയില്ല’’ – മക്കളെയും ഭാര്യ രേഷ്മയെയും ചേർത്തുപിടിച്ച് ആബിദ് മനസ് തുറന്നു. കേരളത്തിലെത്തിയാൽ ജീവിതം രക്ഷപ്പെട്ടു എന്നാണ് യുപിയിലുള്ളവർ പറയുക. ഇതുകേട്ടാണ് സഹോദരനൊപ്പം ആബിദും കേരളത്തിലേക്ക് വണ്ടികയറിയത്. കോവിഡ് അടച്ചുപൂട്ടലിൽ ഭക്ഷണവും മരുന്നും എത്തിച്ച് മലയാളികളാകെ ഒപ്പമുണ്ടായിരുന്നു. ജീവിക്കാൻ കേരളം സൂപ്പറാണെന്ന് ആബിദ് പറഞ്ഞു.