ബംഗളൂരു > കാത്തിരുന്ന ദിനമെത്തി. ഐപിഎൽ ക്രിക്കറ്റ് മഹാലേലം ഇന്നും നാളെയുമായി ബംഗളൂരുവിൽ അരങ്ങേറും. 590 കളിക്കാരാണ് പട്ടികയിൽ. 10 ടീമുകൾ. ലക്നൗ ജയന്റ്സും ഗുജറാത്ത് ടൈറ്റൻസുമാണ് പുതുമുഖങ്ങൾ. രാജ്യാന്തര താരങ്ങളാണ് ലേലപ്പട്ടികയിലെ 228 പേർ. 355 കളിക്കാർ ദേശീയകുപ്പായമിട്ടിട്ടില്ല. അസോസിയേറ്റ് രാജ്യങ്ങളിൽനിന്ന് ഏഴു കളിക്കാരുമുണ്ട്. വിദേശതാരങ്ങൾ 220. പകൽ 12 മുതൽ സ്റ്റാർ സ്പോർടസിലും ഹോട്സ്റ്റാറിലും കാണാം.
പത്ത് മാർക്വീ താരങ്ങളുണ്ട്. ഡേവിഡ് വാർണർ, ട്രെന്റ് ബോൾട്ട്, ആർ അശ്വിൻ, പാറ്റ് കമ്മിൻസ്, ക്വിന്റൺ ഡീ കോക്ക്, ശിഖർ ധവാൻ, ഫാഫ് ഡു പ്ലെസിസ്, ശ്രേയസ് അയ്യർ, കഗീസോ റബാദ, മുഹമ്മദ് ഷമി എന്നിവർ. രണ്ടുകോടി രൂപയാണ് അടിസ്ഥാനവില. ഈ വിഭാഗത്തിൽ 48 കളിക്കാരുണ്ട്. 20 കളിക്കാർക്ക് ഒന്നരക്കോടി രൂപയും 34 കളിക്കാർക്ക് ഒരുകോടി രൂപയുമാണ് അടിസ്ഥാന വില. മാർക്വീ താരങ്ങളെ കൂടാതെ ഇഷാൻ കിഷൻ, ദീപക് ചഹാർ, ജാസൺ ഹോൾഡർ, യുസ്വേന്ദ്ര ചഹാൽ, ഷാരൂഖ് ഖാൻ, ക്രുണാൾ പാണ്ഡ്യ തുടങ്ങിയവരും ലേലത്തിൽ പൊന്നുംവില സ്വന്തമാക്കാനിടയുള്ളവരാണ്. വിലക്കിനുശേഷം തിരിച്ചെത്തിയ പേസർ എസ് ശ്രീശാന്ത്, സച്ചിൻ ബേബി, വിഷ്ണു വിനോദ് തുടങ്ങിയ മലയാളി താരങ്ങളും പട്ടികയിലുണ്ട്.
നാല് കളിക്കാരെ നിലനിർത്താൻ ടീമുകളെ അനുവദിച്ചിരുന്നു. എട്ട് ടീമുകളിലായി 27 കളിക്കാരെയാണ് നിലനിർത്തിയത്. പാകിസ്ഥാൻ ഒഴികെ പ്രധാന ടെസ്റ്റ് രാജ്യങ്ങളിൽനിന്നുള്ള കളിക്കാരുണ്ട്. മുപ്പത്തൊമ്പതുകാരനായ അമിത് മിശ്രയാണ് പ്രായം കൂടിയ താരം. അണ്ടർ 19 ലോകകപ്പ് കളിച്ച ദക്ഷിണാഫ്രിക്കയുടെ പതിനെട്ടുകാരൻ ഡിവാൾഡ് ബ്രെവിസാണ് ചെറുപ്പം. മഹാരാഷ്ട്രയിലെ നാലു വേദികളിൽ മാർച്ച് അവസാനമാകും ഐപിഎൽ.