വാഷിങ്ടൺ > അമേരിക്കക്കാർ അടിയന്തരമായി ഉക്രയ്ൻ വിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. മേഖലയിൽ സ്ഥിതിഗതികൾ വേഗത്തിൽ സങ്കീർണമാകാമെന്നും റഷ്യൻ ആക്രമണം ഉണ്ടായാൽ ഉക്രയ്നിൽനിന്ന് അമേരിക്കൻ പൗരരെ തിരികെ കൊണ്ടുവരാൻ സൈന്യത്തെ അയക്കില്ലെന്നും ബൈഡൻ പറഞ്ഞു. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നാണ് റഷ്യയുടേത്. രക്ഷാദൗത്യം എന്ന പേരിൽ അമേരിക്കൻ സൈന്യം ഉക്രയ്നിലെത്തി റഷ്യൻ സൈനികരുമായി പോരാട്ടം തുടങ്ങിയാൽ ലോകയുദ്ധമായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ ഏതുനിമിഷവും ഉക്രയ്നെ ആക്രമിച്ചേക്കാമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും അവകാശപ്പെട്ടു.
റഷ്യൻ കോവിഡ് ടെസ്റ്റിന് വിസമ്മതിച്ച് മാക്രോൺ
പാരിസ് > മോസ്കോ സന്ദർശനത്തിനിടെ കോവിഡ് പരിശോധനയ്ക്ക് വിധേയനാകണമെന്ന റഷ്യൻ സർക്കാരിന്റെ ആവശ്യം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിരസിച്ചതായി റിപ്പോർട്ട്. റഷ്യ തന്റെ ജനിതക വിവരം (ഡിഎൻഎ) ശേഖരിക്കുമെന്ന ഭയമാണ് നിരസിക്കാൻ കാരണമെന്ന് മാക്രോണിന്റെ അടുത്ത വൃത്തങ്ങൾ. നീളമേറിയ മേശയുടെ ഇരുവശത്തുമിരുന്ന് ചർച്ച ചെയ്യുന്ന മാക്രോണിന്റെയും റഷ്യൻ പ്രസിഡന്റ് പുടിന്റെയും ചിത്രം മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചർച്ചയിലുടനീളം ആറുമീറ്റർ അകലം പാലിക്കുകയും ഹസ്തദാനംപോലുള്ള ഔപചാരികതകൾ ഒഴിവാക്കുകയും ചെയ്തു.