തുടര്‍ച്ചയായി അങ്കണവാടികള്‍ അടച്ചിടുന്നത് കുട്ടികളുടെ മാനസിക, ശാരീരിക വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 14 മുതൽ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം. കുട്ടികള്‍ക്ക് പോഷകാഹാരം ഉള്‍പ്പെടെ ഉറപ്പു വരുത്താൻ അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതേസമയം, കുട്ടികളെ കൈകാര്യം ചെയ്യുന്ന ജീവനക്കാരും രക്ഷിതാക്കളും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വകുപ്പ് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
Also Read:
സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഓൺലൈനായി ചേര്‍ന്ന യോഗത്തിൽ ഡിഡി, ആര്‍ഡിഡി, എഡി, ഡിഇഓ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഓൺലൈൻ യോഗത്തിൽ ചര്‍ച്ചയായത്.
കൂടുതൽ ക്ലാസുകള്‍ ഓഫ്‍ലൈനിലേയ്ക്ക് മാറുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മുൻപ് മുതിര്‍ന്ന ക്ലാസുകള്‍ തുറന്നപ്പോള്‍ പാലിച്ച അതേ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു തന്നെയായിരിക്കും ഇത്തവണയും സ്കൂളുകള്‍ തുറക്കുക. കുട്ടികളും അധ്യാപകരും സ്കൂളുകളിൽ കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
Also Read:
സ്കൂളുകളിൽ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിലെ പുരോഗതിയും മന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ വിലയിരുത്തിയിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനത്തോളവും ഹയര്‍ സെക്കണ്ടറി വിഭാഗത്തിൽ 75 ശതമാനവും പാഠഭാഗങ്ങള്‍ പഠിപ്പിച്ചതായാണ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചത്. നിശ്ചയിച്ച സമയത്തിനകം പാഠഭാഗങ്ങള്‍ തീര്‍ക്കാത്ത സ്കൂളുകള്‍ അധിക ക്ലാസുകള്‍ നല്‍കി ഉടൻ പാഠഭാഗങ്ങല്‍ തീര്‍ക്കണമെന്നും പഠനവിടവ് നികത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം. കൂടാതെ ബിആര്‍സി റിസോഴ്സ് അധ്യാപകരെയും എസ്എസ്കെ ഡയറ്റ് അധ്യാപകരെയും മലയോര, പിന്നോക്ക മേഖലകളിലെ സേവനത്തിനായി നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ അധ്യാപകര്‍ക്ക് കൊവിഡ് 19 ബാധിച്ചതു മൂലം പഠനം തടസ്സപ്പെട്ടാൽ താത്കാലിക അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാനും നിര്‍ദേശിച്ചു. എല്ലാ സ്കൂളുകളും ജില്ലാടിസ്ഥാനത്തിൽ പഠനത്തിൻ്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറണം. ഓഫ്ലൈൻ ക്ലാസുകള്‍ തുടങ്ങിയാലും ഓൺലൈൻ ക്ലാസുകള്‍ തുടരാനാണ് തീരുമാനം.
അതേസമയം, മുൻപു നിശ്ചയിച്ചതു പ്രകാരം മോഡൽ പരീക്ഷകള്‍ മാര്‍ച്ച് 16നു തന്നെ ആരംഭിക്കും.