കൊച്ചി: കെ-റെയിൽ, ലോകായുക്ത വിഷയങ്ങളിൽ സർക്കാരിനെതിരേ തുറന്നടിച്ച് എറണാകുളം- അങ്കമാലി അതിരൂപത.പദ്ധതിയുമായി മുന്നോട്ടെന്ന മാവോ ലൈനിലാണ് സർക്കാരെന്ന് സഭ കുറ്റപ്പെടുത്തി.ലോകായുക്താ നിയമത്തിലെ 14-ാം വകുപ്പിന്റെ ഭരണഘടനാ സാധുതയെ ചോദ്യംചെയ്ത്സർക്കാർ ഇറക്കിയ ഓർഡിനൻസിലും അനാവശ്യമായ തിടുക്കമുണ്ടെന്നും എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്റെ എഡിറ്റോറിയലിൽ വിമർശിക്കുന്നു.
പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ-റെയിൽ മാത്രമാണ് കേരളത്തിന്റെ വികസന മുരടിപ്പിന് ഏക പരിഹാരമെന്ന മട്ടിൽ, മുഖ്യമന്ത്രിയും പാർട്ടിയും ആവർത്തിക്കുന്നത് മനസ്സിലാകുന്നില്ലെന്ന് ബഹുഭൂരിപക്ഷം പറയുമ്പോൾ, മനസ്സിലായാലും ഇല്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടെന്ന മാവോ ലൈനിലാണ് സർക്കാരെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
പറഞ്ഞത് പാർട്ടിയായതിനാൽ മനസ്സിലായില്ലെങ്കിലും കുഴപ്പമില്ലെന്ന കുഴപ്പംപിടിച്ച സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ് വികസനത്തിന്റെ അവസാന വണ്ടിയായി കെ-റെയിലിനെ അവതരിപ്പിക്കുന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഇത്ര വേഗത്തിൽ ഇതെങ്ങോട്ടെന്ന് മനസ്സിലാകാഞ്ഞതിനെ ഇടതുസഹയാത്രികനായ പ്രശസ്ത കവി കവിതയായി കുറിച്ചപ്പോൽ അത് കുറച്ചിലായി തോന്നിയ സഖാക്കൾ സാമൂഹ്യ മർദ്ദനമഴിച്ചുവിട്ടതാണ് നവോത്ഥാന കേരളത്തിലെ ഒടുവിലത്തെ സാംസ്കാരിക പാഠം. ജനങ്ങൾക്ക് ബോധ്യമാകാത്ത പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിന്റേതായിരുന്നു.
ഇത്രയും വലിയ സാമൂഹിക-പാരിസ്ഥിതിക-സാമ്പത്തികാഘാതമുറപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ നിയമസഭയിൽ വിശദമായി ചർച്ച ചെയ്യാത്തതെന്താണെന്ന് പ്രതിപക്ഷ കക്ഷികളുടെ സംശയത്തെ പാർട്ടി നിശ്ചയിച്ച പൗരപ്രമുഖരെ വിളിച്ചു ചേർത്താണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ചർച്ചകളെ ഒഴിവാക്കി, എതിർ സ്വരങ്ങളെ നിശബ്ദമാക്കി ഇത്ര തിടുക്കത്തിൽ ഇതെന്തിന് എന്ന ചോദ്യത്തിന് പാവപ്പെട്ടവരുടെ അടുക്കളകളിൽപ്പോലും അതിരടയാളക്കുറ്റി തറച്ചുകൊണ്ടായിരുന്നു സർക്കാർ മറുപടിയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
ലോകായുക്താ വിഷയത്തിലും സർക്കാർഅനാവശ്യമായ തിടുക്കം കാട്ടിയതായും മുഖപ്രസംഗം പറയുന്നു. നേരത്തെ ഇടതു സർക്കാർ തന്നെ നിയമമായി കൊണ്ടുവന്ന ലോകായുക്തയെ വെറും അന്വേഷണ കമ്മീഷനായി മാത്രം ചെറുതാക്കുന്ന പുതിയ ഭേദഗതി ഇടതുമുന്നണിയിൽപ്പോലും ചർച്ച ചെയ്യാതെയായിരുന്നു.നയപരമായ കാര്യങ്ങളിൽപ്പോലും സഭാ ചർച്ചകളെ ഒഴിവാക്കുന്ന പിണറായി സർക്കാരിന്, പാർലമെന്റിനെ വെറും നോക്കുകുത്തിയാക്കുന്ന കേന്ദ്രസർക്കാരിനെ വിമർശിക്കാൻ എന്താണ് അവകാശമെന്നും മുഖപ്രസംഗം ചോദിക്കുന്നു.
അറിവില്ലായ്മയെ അധികാരം സ്ഥാപിക്കാനുള്ള മാർഗ്ഗമാക്കുന്നത് പ്രാഥമികമായ ഒരു ഫാസിസ്റ്റ് തന്ത്രമാണ്. ചർച്ചകൾ ഇല്ലാതാക്കുന്നവരും സംഭാഷണങ്ങളെ ഭയപ്പെടുന്നവരും ഫാസിസ്സത്തിന്റെ വഴിയിൽത്തന്നെയാണ്. ഏതാനും സൈബർ ചാവേറുകളുടെ പ്രതിരോധബലത്തിൽ എന്തും നടത്തിയെടുക്കാം എന്ന ചിന്ത ജനാധിപത്യവിരുദ്ധമാണെന്നും സത്യദീപം ഓർമിപ്പിക്കുന്നു.
Content Highlights:Sathyadeepam against LDF Government and Pinarayi Vijayan