ന്യൂഡൽഹി: ബിജെപി അധികാരത്തിൽ വന്നില്ലെങ്കിൽ ഉത്തർപ്രദേശ് കേരളം പോലെയാകുമെന്ന യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. താൻ നേതൃത്വം കൊടുത്ത സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനവും മുൻപ് സംസ്ഥാനം ഭരിച്ചവരുടെ പ്രവർത്തനവുമായി താരതമ്യം ചെയ്യുകയായിരുന്നു യോഗി ആദിത്യനാഥ്.അതോടൊപ്പം, കഴിഞ്ഞ അഞ്ച് വർഷം കേരളം ഭരിച്ച സർക്കാരുമായിട്ടുള്ള താരതമ്യവും നടത്തി. അതിനെകേരളത്തിനെതിരെയുള്ള പ്രചാരണമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും കേരളം എന്ന ചെറിയ സംസ്ഥാനം അതിനെക്കാൾ മൂന്നിരട്ടി വലുപ്പമുള്ള യുപിയെക്കാൾ മുന്നിലെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തെ പിണറായി സർക്കാരിന്റെ നേട്ടം മാത്രമാണെന്ന് പറയുന്നത് ശരിയല്ല. കേരളത്തിലെ ഗുണ്ടാരാജിനെ കുറിച്ചാണ് യോഗി പരാമർശിച്ചത്. യുപിയിൽ മുൻകാലത്തെ അപേക്ഷിച്ച് ക്രമസമാധാനത്തിൽ വലിയ നേട്ടമുണ്ടാക്കാൻ യോഗിക്ക് കഴിഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു.
കേരളത്തിൽ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചാൽ എന്താണ് അവസ്ഥയെന്ന് കഴിഞ്ഞ രണ്ട് ദിവസമായി സൈബർ അറ്റാക്ക് നേരിടുന്ന മാധ്യമപ്രവർത്തകർക്ക് അറിയാം. യുപി മുഖ്യമന്ത്രിയോട് ആർക്കും ചോദ്യം ചോദിക്കാമെന്നും അദ്ദേഹം സമാധാനമായി ഉത്തരം നൽകുമെന്നും മുരളീധരൻ പറഞ്ഞു. യുപിയിൽ ബലാത്സംഗം നടക്കുന്നതിനെ പരാമർശിക്കുന്നവർക്ക് വണ്ടിപ്പെരിയാറിലെ ഡിവൈഎഫ്ഐ നേതാക്കളുടെ ബലാത്സംഗത്തെ കുറിച്ച് മിണ്ടാട്ടമില്ല.
കേരളത്തെക്കുറിച്ചാണ് എന്നുപറഞ്ഞ് നടത്തുന്ന പ്രചാരണവേലയിൽ കോൺഗ്രസും വി.ഡി സതീശനും നിലപാട് വ്യക്തമാക്കണം.കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന കാര്യങ്ങളെ സതീശനും കോൺഗ്രസും പൂർണമായി പിന്തുണയ്ക്കുന്നുണ്ടോയെന്നും മുരളീധരൻ ചോദിച്ചു. ബംഗാളിലെ കാര്യത്തിലേക്ക് വന്നാൽ തൃണമൂൽ ഭരണത്തിൽ ഒരു കേന്ദ്ര മന്ത്രിക്ക് പോലും രക്ഷയില്ലെന്ന് തനിക്ക് നേരിട്ട് അനുഭവമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
Content Highlights: v muraleedharan supports yogi adithyanaths statement