ന്യൂഡല്ഹി> കര്ണാടകയിലെ ഹിജാബ് വിഷയം ഉചിതമായ സമയത്ത് കേള്ക്കുമെന്ന് സുപ്രീം കോടതി. ഹിജാബ് വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നിരസിച്ച് കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കര്ണാടക ഹൈക്കോടതി ഉത്തരവ് ഇതുവരെ കണ്ടിട്ടില്ലെന്നും, ഉചിതമായ സമയം വരട്ടെയെന്നും ചിഫ് ജസ്റ്റിസ് എന് വി രമണ പറഞ്ഞു.
കര്ണാടകയില് നടക്കുന്ന കാര്യങ്ങള് നിരീക്ഷിക്കുന്നുണ്ടെന്നും ന്യായവിരുദ്ധമായ കാര്യങ്ങള് സംഭവിച്ചിട്ടുണ്ടെങ്കില് സംരക്ഷിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ദേശീയ തലത്തിലേക്ക് വിഷയത്തെ വളര്ത്തരുതെന്നും, ഭരണഘടനാ അവകാശങ്ങള് എല്ലാവര്ക്കുമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹര്ജികളില് തീര്പ്പ് ആവുന്നതു വരെ ഹിജാബ് ധരിക്കരുതെന്ന് നിര്ദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് മുസ്ലീം വിദ്യാര്ഥികളുടെ മൗലിക അവകാശം ഹനിക്കുന്നതാണെന്ന് അപ്പീലില് പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹര്ജികളില് തുടര്വാദം കേള്ക്കുമെന്നും അതുവരെ മതവസ്ത്രങ്ങള് ധരിക്കുന്നതില് നിര്ബന്ധം പിടിക്കരുതെന്നുമാണ് വ്യാഴാഴ്ച ഹൈക്കോടതിയുടെ ഫുള് ബെഞ്ച് നിര്ദേശിച്ചത്.