പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബു ആശുപത്രി വിട്ടു. ഇനി വീട്ടിൽ വിശ്രമം. യാത്രകൾ ഇഷ്ടമാണെന്നും മലകയറാൻ തോന്നിയാൽ ഇനിയും കയറുമെന്നും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനുപിന്നാലെ ബാബു പറഞ്ഞു. മലയിടുക്കിൽ നിന്ന് സ്വയം താഴേക്കിറങ്ങിരക്ഷപ്പെടാനും ഇതിനിടയിൽ ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും ബാബു വ്യക്തമാക്കി.
കൂട്ടുകാർ മല കയറാൻ വിളിച്ചപ്പോൾ പോവുകയായിരുന്നു. അവര് പകുതി വഴിക്കുവെച്ച് തിരിച്ചിറങ്ങിയെന്നും താൻ കാൽ തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നും ബാബു പറഞ്ഞു. തുടർന്ന് ഫയർഫോഴ്സിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
രാത്രി ഗുഹയിൽ ഇരുന്നു. ശക്തമായ തണുപ്പു കാരണമാണ് താഴേക്കിറങ്ങിയത്. രക്ഷാപ്രവർത്തകർ വിളിക്കുമ്പോൾ അവർക്ക് മറുപടി നൽകി. ഫയർ ഫോഴ്സ് വന്ന് പെട്ടെന്ന് രക്ഷപ്പെടുത്താൻ സാധിച്ചാൽ രക്ഷപ്പെടാം അല്ലെങ്കിൽ താഴോട്ട് ഇറങ്ങിവന്ന് രക്ഷപ്പെടാം എന്നായിരുന്നു വിചാരിച്ചിരുന്നത്. കുടുങ്ങിയിടത്തുനിന്ന് എല്ലാവരേയും കാണാമായിരുന്നു. ആൾക്കാരുംഹെലികോപ്ടറും ഒക്കെ വരുന്നത് കാണുന്നുണ്ടായിരുന്നു. രക്ഷപ്പെടുത്തും എന്നുതന്നെ ആയിരുന്നു പ്രതീക്ഷയുണ്ടായിരുന്നത്. വീട്ടുകാരോട് ഫുട്ബോൾ കളിക്കാൻപോയിരിക്കുകയാണെന്നാണ് പറഞ്ഞത്,ബാബു പറഞ്ഞു.
ബാബുവിനെ സ്വീകരിക്കാൻ സുഹൃത്തുക്കളും ആളുകളുമായി വലിയൊരു ജനക്കൂട്ടം തന്നെ ആശുപത്രിക്ക് പുറത്തും വീട്ടിലും എത്തിയിരുന്നു.
Content Highlights: Rescued trekker R Babus reaction after discharge