തിരുവനന്തപുരം> കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് 2 യുവാക്കൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ സി എൽ ഔസേപ്പാണ് അറ്സ്റ്റിലായത്. കെഎസ്ആർടിസി കഴിഞ്ഞദിവസം ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
ഫെബ്രുവരി 7ന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് പോയ കെഎസ്ആർടിസി ബസിടിച്ചാണ് ബൈക്ക് യാത്രക്കാരായ ആദർശ്, സബിത്ത് എന്നീ യുവാക്കൾ മരിച്ചത്.
യുവാക്കളുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. യുവാക്കളും ബസ് ഡ്രൈവറും നേരത്തെ തർക്കമുണ്ടായതായി ബസിലുള്ളവർ പറഞ്ഞതായി സബിത്തിന്റെ സഹോദരൻ ശരത് പറഞ്ഞു.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. കെഎസ്ആർടിസി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്.
ലോറിയെ മറികടന്നെത്തിയ കെഎസ്ആർടിസി ബസ് പെട്ടെന്ന് വെട്ടിക്കുകയായിരുന്നു. ബസ് തട്ടാതിരിക്കാൻ യുവാക്കൾ ബൈക്ക് വെട്ടിച്ചപ്പോൾ, ലോറിയിൽ തട്ടിയശേഷം തിരികെ ബസിനടിയിൽ വീഴുന്നതായാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.