ചെറുതോണി
‘ധീരജേട്ടൻ ഞങ്ങളുടെ എല്ലാവരുടെയും ഏട്ടനായിരുന്നു, ഞങ്ങളോടെല്ലാം സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. പുറത്തുനിന്ന് എത്തിയവരാണ് പ്രശ്നമുണ്ടാക്കിയത്, അതുകൊണ്ട് ഞങ്ങൾ ഇനി കെഎസ്യുവിലേക്കില്ല’–- ഇടുക്കി എൻജിനിയറിങ് കോളേജിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ആഷിക്കിന്റേതാണ് ഈ വാക്കുകൾ.
ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തെ തുടർന്ന് അടച്ചിട്ടിരുന്ന പൈനാവ് എൻജിനിയറിങ് കോളേജ് തുറക്കുന്നത് സംബന്ധിച്ച് ആലോചിക്കാൻ കലക്ടർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലായിരുന്നു ആഷിക്ക് വികാരാധീനനായി ഇക്കാര്യം പറഞ്ഞത്. ഡിസിസി സെക്രട്ടറികൂടി പങ്കെടുത്ത യോഗത്തിലാണ് മുഹമ്മദ് ആഷിക്കിന്റെ പ്രതികരണം.
തിരുവനന്തപുരം സ്വദേശിയാണ് ആഷിക്ക്. ധീരജ് കോളേജിലെ പാട്ടുകാരനും എല്ലാവർക്കും പ്രിയപ്പെട്ട വിദ്യാർഥിയുമായിരുന്നു. പുറത്തുനിന്നെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളായ 12 അംഗ സംഘത്തിന്റെ തലവൻ നിഖിൽ പൈലിയാണ് ധീരജിനെ കൊലപ്പെടുത്തിയത്. സഹപാഠിയെ സ്വന്തം പാർടിക്കാർ അരുംകൊല ചെയ്തതിലുള്ള അമർഷവും സ്വന്തം ചേട്ടനേപോലെ കരുതിയ ഉറ്റകൂട്ടുകാരന്റെ വിയോഗത്തിലുള്ള വേദനയുമാണ് ആഷിക്കിലൂടെ പുറത്തുവന്നത്.















