കോഴിക്കോട്: ശാസ്ത്രീയ ചികിത്സാവിദ്യയുടെ പിതാവായി കണക്കാക്കപ്പെടുന്ന ഹിപ്പോക്രാറ്റസിന്റെപേരിൽ നടപ്പിലുള്ള പ്രതിജ്ഞയ്ക്കുപകരം ആയുർവേദാചാര്യൻ മഹർഷി ചരകന്റെ പേരിലുള്ള പ്രതിജ്ഞ മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ നടപ്പാക്കാൻ ആലോചന. മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ എടുക്കുന്ന ഹിപ്പോക്രാറ്റസ് ഓത്തിന് പകരമായാണ് മഹർഷി ചരക് ശപഥ് നടപ്പാക്കാൻ ആലോചിക്കുന്നത്. കഴിഞ്ഞദിവസം ചേർന്ന ദേശീയ മെഡിക്കൽ കമ്മിഷനാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.
ഇതിനെതിരേ ഐ.എം.എ. ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന് ഉതകുന്ന തരത്തിലുള്ളതല്ല ചരകന്റെ പ്രതിജ്ഞയെന്നാണ് കാരണമായി പറയുന്നത്. ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഇനി വേണ്ട എന്നത് ദേശീയ മെഡിക്കൽ കമ്മിഷൻ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഒന്നുമാത്രമാണ്. മെഡിക്കൽ വിദ്യാർഥികൾക്ക് യോഗ നിർബന്ധ പഠനവിഷയമാക്കണം എന്നതാണ് മറ്റൊരു നിർദേശം.
പഴയകാലത്ത് എഴുതപ്പെട്ട ഹിപ്പോക്രാറ്റസ് പ്രതിജ്ഞയല്ല, പകരം, കാലികപ്രസക്തിയനുസരിച്ച് ഓരോ അഞ്ചുവർഷത്തിലും പരിഷ്കരിച്ചുകൊണ്ടിരിക്കുന്നതാണ് നിലവിലുള്ള ഹിപ്പോക്രാറ്റിക് ഓത്ത് എന്നതാണ് ഐ.എം.എ. മുന്നോട്ടുവെക്കുന്ന വാദം.
ഐ.എം.എ. കാണുന്ന പ്രധാന പ്രശ്നങ്ങൾ
മഹർഷി ചരകൻ അറിയപ്പെടുന്നത് ആയുർവേദത്തിന്റെ ആചാര്യൻ എന്ന നിലയ്ക്കാണ്. അതുകൊണ്ടുതന്നെ അദ്ദേഹം അന്ന് മുന്നോട്ടുവെച്ച പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിനു യോജിക്കുന്നതല്ല. മെഡിക്കൽ വിദ്യാർഥികൾ നിലവിൽ എടുക്കുന്ന പ്രതിജ്ഞ കാലികമായി മാറ്റങ്ങൾ കൃത്യമായ ഇടവേളകളിൽ വരുത്തിക്കൊണ്ടിരിക്കുന്നതാണ്. ഈശ്വരവിശ്വാസിയല്ലാത്ത ഒരാൾക്ക് ചരകശപഥം എടുക്കുന്നതിൽ തടസ്സം നേരിടും.
സ്ത്രീരോഗികളെ പുരുഷഡോക്ടർ പരിശോധിക്കുമ്പോൾ ഭർത്താവിന്റെയോ ബന്ധുക്കളായ സ്ത്രീകളുടെയോ സാമീപ്യം ആവശ്യമാണെന്നതാണ് ചരക പ്രതിജ്ഞയിലുള്ളത്. ഗുരുവിനെ ചോദ്യംചെയ്യാതെ നിർദേശങ്ങൾ ശിരസാവഹിക്കണമെന്നത് ആധുനിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിനു വിരുദ്ധമാണ്. ജാതീയമായ ഒരു മേൽക്കോയ്മയും ഈ പ്രതിജ്ഞയിൽ പരാമർശിക്കപ്പെടുന്നുണ്ട്.
– ഡോ. എം. മുരളീധരൻ, സംസ്ഥാന ചെയർമാൻ, ഐ.എം.എ., പൊതുജന ആരോഗ്യ ബോധവത്കരണ സമിതി