തിരുവനന്തപുരം
സംസ്ഥാനത്ത് എമർജൻസി മെഡിസിൻ പിജി കോഴ്സിന് അനുമതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്ന് സീറ്റിനാണ് നാഷണൽ മെഡിക്കൽ കമീഷൻ അനുമതി നൽകിയത്. അടിയന്തര വിദഗ്ധ ചികിത്സ നൽകാനുള്ള ആരോഗ്യവകുപ്പിന്റെ സമഗ്ര ട്രോമ കെയറിന്റെ ഭാഗമായുള്ള അത്യാഹിത വിഭാഗത്തിന് കരുത്തേകുന്നതാണ് പുതിയ തീരുമാനം. ഈ വർഷംതന്നെ കോഴ്സ് ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മറ്റ് പ്രധാന മെഡിക്കൽ കോളേജുകളിലും കോഴ്സിന്റെ അനുമതിക്ക് ശ്രമിക്കും.
ഇതുവഴി കൂടുതൽ ഡോക്ടർമാരെ അത്യാഹിതവിഭാഗത്തിൽ ഉൾപ്പെടുത്താനാകും. കുറഞ്ഞ നാൾകൊണ്ട് 18 സ്പെഷ്യാലിറ്റി സീറ്റിനും ഒമ്പത് സൂപ്പർ സ്പെഷ്യാലിറ്റി സീറ്റിനും അനുമതി നേടിയെടുക്കാനുമായി. അത്യാഹിത വിഭാഗം പ്രധാനയിടങ്ങളിൽ സമഗ്ര ട്രോമ കെയറിൽ സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജ് ആശുപത്രികളിൽ അത്യാഹിത വിഭാഗം ആരംഭിച്ചിട്ടുണ്ട്. മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ് തുടങ്ങി വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണിത്. 108 തസ്തികയും സൃഷ്ടിച്ചു. ഓപ്പറേഷൻ തിയറ്റർ, തീവ്ര പരിചരണ വിഭാഗം, സ്കാനിങ് തുടങ്ങി വിവിധ സംവിധാനങ്ങൾ ഒരു കുടക്കീഴിൽ ഏകോപിപ്പിച്ചുണ്ട്. അതിവേഗ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കാൻ തിരുവനന്തപുരത്ത് അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്റർ (എടിഇഎൽസി) ആരംഭിച്ചു.
നിരവധി ആരോഗ്യപ്രവർത്തകർക്ക് ഇവിടെ വിദഗ്ധ പരിശീലനം നൽകി.















