തിരുവന്തപുരം
പൊതുവിദ്യാലയങ്ങളിൽ 90 കോടി രൂപ ചെലവിട്ട് നിർമിച്ച 53 ഹൈടെക് സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ച് രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടികൾക്ക് ഗംഭീര തുടക്കം.
പൂവച്ചൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് ആധുനിക കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നൂറുദിന പരിപാടികൾക്ക് തുടക്കമിട്ടു. മറ്റിടങ്ങളിൽ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം നടത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി 9,34,000 വിദ്യാർഥികൾ പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറുദിന പരിപാടിയിൽ കെ-–- ഫോണിലൂടെ 140 നിയമസഭാ മണ്ഡലത്തിലായി 100 കുടുംബത്തിനുവീതവും 30,000 സർക്കാർ ഓഫീസിനും ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ഒരുക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ മാതൃകയിൽ ഉന്നത വിദ്യാഭ്യാസമേഖലയെയും ശാക്തീകരിക്കും. 150 വിദ്യാർഥികൾക്ക് നവകേരള ഫെലോഷിപ്, 1500 ഗ്രാമീണ റോഡ്, മാങ്കുളം ജലവൈദ്യുത പദ്ധതി, ചേർത്തല മെഗാ ഫുഡ് പാർക്ക്, 23 ലക്ഷത്തോളം തൊഴിൽദിനം സൃഷ്ടിക്കൽ തുടങ്ങി 1557 പദ്ധതിയുണ്ടാകും. 17,183 കോടി രൂപ ഇതിൽ മുതൽമുടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. സ്കൂൾകെട്ടിടങ്ങളുടെ താക്കോൽ ജി സ്റ്റീഫൻ എംഎൽഎ മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. മന്ത്രിമാരായ ആന്റണി രാജു, ജി ആർ അനിൽ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.















