തിരുവനന്തപുരം
സ്വന്തം നിലനിൽപ്പ് തകിടം മറിയുമെന്ന് ഭയക്കുന്നവരാണ് വികസന പദ്ധതികളെ എതിർക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതുകൊണ്ടാണ് ഭാവി തലമുറയെ കരുതിയുള്ള അർധ അതിവേഗ റെയിൽപ്പാത ഉൾപ്പെടെയുള്ള പദ്ധതികളെ എതിർക്കുന്നത്. സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മെയ് 20ന് അവസാനിക്കുന്ന 100 ദിന കർമപദ്ധതിക്ക് 53 സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ വികസനം ഉറപ്പാക്കലാണ് സർക്കാരിന്റെ ലക്ഷ്യം. ഭാവി തലമുറയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനായില്ലെങ്കിൽ അത് കുറ്റമാണ്. വികസനത്തിന് ചെറുതും വലുതുമായ അനേകം പദ്ധതികളാണ് നടപ്പാക്കുന്നത്. ജനങ്ങൾക്ക് ഉപകരിക്കുമെങ്കിൽ ചെറിയ പദ്ധതി പോലും വലുതാണെന്ന് കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയം ഉൾപ്പെടെയുള്ള ദുരന്തങ്ങളെ അഭിമുഖീകരിച്ചപ്പോൾ കേരളത്തിന് പിടിച്ചു നിൽക്കാനാകുമോയെന്ന് സംശയിച്ചവരുണ്ട്. 31,000 കോടി രൂപയുടെ നഷ്ടമാണ് പ്രളയകാലത്ത് കേരളത്തിനുണ്ടായതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സമിതികൾ വിലയിരുത്തിയത്. ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാരിൽനിന്നുപോലും ആവശ്യമായ സഹായം ലഭിച്ചില്ല. ചിലർ സഹായിക്കാൻ തയ്യാറായപ്പോൾ ‘ ഞങ്ങൾക്ക് സഹായം വേണ്ട’ എന്ന് കേന്ദ്രംവിലക്കി. എന്നാൽ ജനം ഒരുമിച്ചുനിന്ന് അതിജീവിച്ചു. എൽഡിഎഫ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതും ജനങ്ങൾക്ക് ഞങ്ങളെ അറിയാമെന്ന ഉറപ്പിലാണ്. അത് തെളിയിക്കുന്നതായിരുന്നു ജനവിധി. ചരിത്രം തിരുത്തി വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിലേറി. പ്രായോഗിക, രാഷ്ട്രീയ, സാമ്പത്തിക ബദൽ കേരളം ഉയർത്തി. രാജ്യമാകെ അംഗീകരിക്കപ്പെട്ടു.
വിഭാഗീയ ചിന്തകൾക്ക് അതീതമായി മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ് എൽഡിഎഫ് സർക്കാർ ഉയർത്തിപ്പിടിച്ചത്. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം സർക്കാരുണ്ടാകും എന്ന ബോധ്യം എല്ലാവരിലുമുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.















