ന്യൂഡൽഹി
ജെഎൻയു വൈസ് ചാൻസലറായി നിയമിക്കപ്പെട്ട ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് ഗുരുതരമായ അച്ചടക്കനടപടി നേരിട്ട വ്യക്തി. പുണെ സാവിത്രിബായ് ഫുലേ സർവകലാശാല പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ വകുപ്പിൽ പ്രൊഫസറായിരുന്ന അവസരത്തിൽ ചട്ടവിരുദ്ധമായി പ്രവർത്തിച്ചതിന് ശാന്തിശ്രീയുടെ ഇൻക്രിമെന്റ് അഞ്ചുവർഷത്തേക്ക് തടഞ്ഞിരുന്നു.
2002 മുതൽ 2007വരെ സർവകലാശാലയിലെ ഇന്റർനാഷണൽ സ്റ്റുഡന്റ്സ് സെന്റർ (ഐഎസ്സി) ഡയറക്ടറായിരുന്ന ശാന്തിശ്രീ വിവിധ കോഴ്സുകൾക്ക് ചട്ടം ലംഘിച്ച് വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ ഇടപെട്ടെന്നാണ് ആരോപണം. ജസ്റ്റിസ് ജെ എ പാട്ടീൽ (റിട്ട.) നടത്തിയ അന്വേഷണം ആരോപണം ശരിവച്ചു. ശാന്തിശ്രീയെ ജെഎൻയു വിസിയായി പരിഗണിക്കവെ അച്ചടക്കനടപടിയുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് പുണെ സർവകലാശാല വിദ്യാഭ്യാസമന്ത്രാലയത്തിന് കൈമാറിയിരുന്നു.















