കൊച്ചി> വീട്ടില്‍ കൊണ്ടുവന്ന മദ്യം കാണാതായതുസംബന്ധിച്ച വാക്കുതര്‍ക്കത്തിനിടെ വയോധികന് അടിയേറ്റു മരിച്ചു. വടക്കേ ഇരുമ്പനം മഠത്തിപ്പറമ്പില്‍ കരുണാകരനാണ് (64) മരിച്ചത്. ഇദ്ദേഹത്തിന്റെ ഇളയമകന് അവിന് എന്ന അമലിനെ (27) ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു.
ബുധന്‍ രാത്രി എട്ടോടെ നടന്ന സംഭവം പുലര്‍ച്ചെയാണ് അയല്‍ക്കാരും ബന്ധുക്കളും അറിഞ്ഞത്. കരുണാകരനും ഭാര്യ രുക്മിണിയും അമലും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂത്തമകന് അഖില്‍ തൃശൂരും അമലിന്റെ ഭാര്യയും കുഞ്ഞും അവരുടെ വീട്ടിലുമായിരുന്നു. വീട്ടില്‍ ബഹളം പതിവുള്ളതിനാല്‍ അയല്‍ക്കാരും ബന്ധുക്കളും ശ്രദ്ധിച്ചില്ല. ടിവി ശബ്ദം കൂട്ടിവച്ചശേഷമാണ് കരുണാകരനെ കുടംകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയതെന്ന് പൊലീസ് പറഞ്ഞു.
വീണുകിടന്നു പിടയുന്നതിനിടയില്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കരുണാകരന് ആവശ്യപ്പെട്ടെങ്കിലും അമല്‍ സമ്മതിച്ചില്ല. തൃശൂരിലുള്ള മകനെ പുലര്‍ച്ചെ രുക്മിണി ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. സമീപത്തു താമസിക്കുന്ന ബന്ധുക്കളെ ഇയാള്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് നോക്കുമ്പോഴാണ് തുണികൊണ്ട് മൂടിയനിലയില്‍ മൃതദേഹം കണ്ടത്. അമല്‍ വീട്ടില്‍ ഉറങ്ങുന്നുണ്ടായിരുന്നു.
ഹില്‍പാലസ് ഇന്‍സ്പെക്ടര്‍ കെ ജി അനീഷും എസ്ഐ കെ അനിലയും സംഘവും എത്തി അമലിനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്കരിക്കും.