കോഴിക്കോട് > ഉത്തർ പ്രദേശിൽ തങ്ങളെ കോൺഗ്രസ് മുന്നണിയിലെടുക്കാത്തതിന് പിന്നിൽ ‘ഹിന്ദുത്വബാധ’യാണെന്ന ആരോപണവുമായി മുസ്ലിംലീഗ്. തീവ്രവർഗീയവാദിയായ അസദുദ്ദീൻ ഒവൈസിയുമായി സഖ്യമുണ്ടാക്കിയതിനെ ന്യായീകരിച്ചാണ് ലീഗ് കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത്.ഒവൈസിയുടെ അടുത്ത് എത്തിച്ചതിൽ കോൺഗ്രസിനും പങ്കുണ്ടെന്നാണ് ലീഗ് വിശദീകരണം.
സഖ്യകക്ഷിയാക്കാനും സീറ്റ്തരാനും കോൺഗ്രസ് മനസ് കാട്ടിയില്ല. അതിനാലാണ് ലീഗ് മറ്റൊരു മുന്നണിയിൽ പോയതെന്നാണ് ന്യായവാദം. ലീഗ് ഉന്നതാധികാരസമിതി അംഗം സാദിഖലി തങ്ങൾഇത് പരസ്യമായി സൂചിപ്പിച്ചു. മുന്നണിയിലെ പ്രധാനകക്ഷിയാണ് ആരെ കൂട്ടണമെന്ന് നിശ്ചയിക്കേണ്ടത് – യുപിയിൽ കോൺഗ്രസ് മുന്നണിയിൽ ലീഗില്ലാത്തതെന്തേ എന്ന ചോദ്യത്തിനോടുള്ള സാദിഖലി തങ്ങളുടെ പ്രതികരണം ഇതായിരുന്നു. സാദിഖലി യേക്കാൾ കടുപ്പിച്ച അഭിപ്രായമാണ് ലീഗ് സൈബർപോരാളികളും പ്രാദേശിക നേതാക്കളും പ്രകടിപ്പിക്കുന്നത്. കോൺഗ്രസിന്റെ ഹിന്ദുത്വ മനസാണ് ലീഗിനെ അകറ്റിയതെന്നാണ് അവരുയർതുന്ന പ്രധാന ആക്ഷേപം.
യുപിയിൽ കോൺഗ്രസിന് പച്ചപ്പേടിയാണെന്ന ആരോപണവും സമൂഹമാധ്യമങ്ങളിൽ ഉന്നയിക്കുന്നു. ഒപ്പം കൂട്ടിയാൽ ഹിന്ദുവോട്ട് നഷ്ടമാകുമെന്ന പേടിയല്ലേ എന്നാണ് ലീഗുകാർ കോൺഗ്രസുകാരോട് ഉയർത്തുന്ന ചൊദ്യം. വയനാട് അനുഭവം മറന്നിട്ടില്ലെന്നാണ് കോൺഗ്രസുകാരുടെ മറുപടി. ലോകസഭ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽഗാന്ധിയുടെ പ്രചരണത്തിൽ ലീഗും പച്ചക്കൊടിയും സജീവമായത് ദോഷമായെന്ന് കോൺഗ്രസ് വിലയിരുത്തിയിരുന്നു. അമേഠിയിലടടക്കം ഉത്തരേന്ത്യയിയിലാകെയുണ്ടായ വൻ തിരിച്ചടിക്കും ലീഗ്കൊടി കാരണമായെന്നായിരുന്നു നിഗമനം. വർഗീയമുദ്ര ചാർത്തി കോൺഗ്രസ് യുപിയിൽ അകറ്റിയെന്ന ലീഗിന്റെ വിമർശം ഇത് മനസിൽവെച്ചാണ്. എന്നാൽ യുപിയിലല്ല കേരളത്തിന് പുറത്തൊരിടത്തും ലീഗിന് പ്രസക്തിയില്ലെന്നും കോൺഗ്രസ് നേതാക്കളിൽ ഒരുവിഭാഗം പറയുന്നു. ലീഗാകട്ടെ വല്ലാത്ത കുരുക്കിലാണ്. ഒവൈസി ബന്ധത്തിനാപ്പം കോൺഗ്രസ് അകറ്റിയതിനും അണികളോട് ഉത്തരം നൽകേണ്ട നിസഹായാവസ്ഥയിലാണ് നേതൃത്വം.