തിരുവനന്തപുരം> ലൈഫ്മിഷന്റെ മൂന്നാം ഘട്ടത്തില് ഭൂ-ഭവന രഹിതര്ക്ക് ഭൂമി ലഭ്യമാക്കാനായി സംഘടിപ്പിക്കുന്ന മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനില് ഫെഡറല് ബാങ്കും കൈകോര്ക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്ററുടെ ചേമ്പറില് വെച്ച് ഫെഡറല് ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ബാബു കെ എ ലൈഫ് മിഷനുള്ള സമ്മതപത്രം കൈമാറി. ഫെഡറല് ബാങ്കിന്റെ ലോണ് കലക്ഷന് ആന്ഡ് റിക്കവറി ഡിപാര്ട്ട്മെന്റാണ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് പ്രോപ്പര്ട്ടികള് ലൈഫ് മിഷന് കൈമാറിയത്. മൂവാറ്റുപുഴയില് ഒന്നര ഏക്കര് ഭൂമിയും പെരുമ്പാവൂരില് പന്ത്രണ്ട് സെന്റും തൃശൂര് ആമ്പല്ലൂരില് അഞ്ച് സെന്റ് ഭൂമിയുമാണ് ഫെഡറല് ബാങ്ക് ലൈഫ് മിഷനുവേണ്ടി നല്കുന്നത്.
മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഉദ്ഘാടന വേളയില് 1000 ഭൂരഹിതര്ക്ക് ഭൂമി വാങ്ങാനായി 25 കോടി രൂപ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് നല്കുവാന് ധാരണയായിരുന്നു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭൂരഹിതര്ക്ക് 50 സെന്റ് ഭൂമി സംഭാവന നല്കി സമീര് പി ബിയും ഉദ്ഘാടനവേദിയെ ഹൃദ്യമാക്കി. ഏറെ വൈകാതെ വിഖ്യാത ചലച്ചിത്രകാരനായ അടൂര് ഗോപാലകൃഷ്ണന് മന്ത്രിയെ നേരിട്ട് വിളിച്ച് അടൂരിലെ കുടുംബസ്വത്തായ 13.5 സെന്റ് ഭൂമി നല്കാന് തയ്യാറാണെന്ന് അറിയിച്ചു. തുടര്ന്നാണ് ഫെഡറല് ബാങ്ക് ഭൂ-ഭവന രഹിതര്ക്ക് മണ്ണുമായി വന്നത്.
ഫെഡറല് ബാങ്കിന്റെ നല്ല മനസ്സിന് സംസ്ഥാന സര്ക്കാരിന് വേണ്ടി നന്ദി അറിയിക്കുന്നതായി മന്ത്രി എം വി ഗോവിന്ദന് പറഞ്ഞു. ഫെഡറല് ബാങ്ക് പോലെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളും സംരംഭകരും സെലിബ്രിറ്റികളും മനസ്സോടിത്തിരി മണ്ണുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാന സര്ക്കാരിന്റെ ലൈഫ് മിഷനിലൂടെ നിരവധി നിരാലംബരായ ജനങ്ങള്ക്ക് സ്വന്തമായ വീടെന്ന സ്വപ്നം യാഥാര്ത്ഥ്യമാക്കാന് സാധിച്ചു. തീര്ത്തും അര്ഹരായ ആളുകളിലേക്കാണ് സര്ക്കാരിന്റെ കരുതല് എത്തുന്നതെന്ന് മനസ്സിലാക്കിയാണ് ഫെഡറല് ബാങ്ക് മനസ്സോടിത്തിരി മണ്ണ് നല്കുന്നതെന്ന് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ബാബു കെ എ പറഞ്ഞു. മന്ത്രിയുടെ ചേംബറില് വെച്ച് സമ്മതപത്രം കൈമാറുമ്പോള് ഫെഡറല് ബാങ്ക് വൈസ് പ്രസിഡന്റ് സാജന് ഫിലിപ്പ് മാത്യു, ജേഡി കോരാസോന്, ഷിന്ജ്യു അബ്ദുള്ള എന്നിവരും സന്നിഹിതരായിരുന്നു.