43 മണിക്കൂറിലേറെ മലമ്പുഴയിലെ പാറ ഇടുക്കിൽ കുടുങ്ങിയ ബാബുവിനെ തിരികെ കൊണ്ടുവരാനുള്ള രക്ഷാദൗത്യം ശ്വാസം അടക്കിപിടിച്ചാണ് കേരളം കണ്ടു നിന്നത്. ചുട്ടുപൊള്ളുന്ന വെയിലും രാത്രിയിലെ തണുപ്പിനെയും അതിജീവിച്ചാണ് ബാബു ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. പ്രതിസന്ധികളെ നിശ്ചയദാർഢ്യവും മനക്കരുത്തും കൊണ്ട് നേരിട്ട ഒരുപാട് ‘ബാബു’മാർ കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. പ്രേക്ഷകർ ശ്വാസമടക്കി പിടിച്ച് കണ്ടുതീർത്ത അത്തരം സിനിമകൾ നിരവധിയാണ്.
ബാബുവിന് സമാനമായ സാഹചര്യത്തെ നേരിട്ട പർവതാരോഹകനായ ആരോൺ റാൾസ്റ്റൻ നടത്തിയ മടങ്ങി വരവ് പുസ്തകവും പിന്നീട് സിനിമയുമായിരുന്നു. ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ‘127 അവേഴ്സ്’ എന്ന സിനിമ റാൾസ്റ്റന്റെ അതിജീവനമാണ്. ഹോളിവുഡിലും ബോളിവുഡിലും തുടങ്ങി മലയാളത്തിൽ വരെ വെള്ളിത്തിരയിൽ അതിജീവനത്തിന്റെ ഗംഭീര കാഴ്ചകളുണ്ട്. അത്തരത്തിലുള്ള ചില സിനിമകളെ പരിചയപ്പെടാം.
● 127 അവേഴ്സ്
സ്ലംഡോഗ് മില്ല്യണയര് സംവിധാനം ഡാനി ബോയൽ 2010ൽ ഒരുക്കിയ ചിത്രമാണ് ‘127 അവേഴ്സ്’. ആരോടും പറയാതെ യൂട്ടായിലെ കാന്യോൺലാൻഡ്സ് നാഷണൽ പാർക്കിൽ ട്രെക്കിങ് നടത്തുന്നതിനിടെയാണ് റാൾസ്റ്റന് അപകടം സംഭവിക്കുന്നത്. റാൾസ്റ്റന്റെ വലതു കൈ പാറക്കെട്ടിന് ഇടയിൽ കുടുങ്ങുകയായിരുന്നു. 127 മണിക്കൂറുകൾക്കൊടുവിൽ സ്വന്തം കൈ സ്വയം മുറിച്ചുകളഞ്ഞാണ് റാൾസ്റ്റൻ ജീവിതത്തിലേക്ക് പൊരുതിക്കയറിയത്. കുടിക്കാൻ ഒരിറ്റ് വെള്ളമില്ലാതെയും തന്റെ നിലവിളി കേൾക്കാൻ ആരുമില്ലാതെയിരുന്ന അപകട നിമിഷങ്ങൾ പശ്ചാത്തലമാക്കി റാർസ്റ്റൺ എഴുതിയ ‘ബിറ്റ്വീൻ എ റോക്ക് ആൻഡ് എ ഹാർഡ് പ്ലേസ്’ എന്ന പുസ്തകമാണ് സിനിമയാക്കിയത്.
ജെയിംസ് ഫ്രാങ്കോയാണ് ചിത്രത്തില് ആരോണിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ അതിഥി താരമായി ആരോണ് എത്തുകയും ചെയ്തിരുന്നു. എ ആര് റഹ്മാനാണ് സംഗീതം ഒരുക്കിയത്. മികച്ച ചിത്രം, മികച്ച നടന് എന്നിവയടക്കം ആറ് ഓസ്കാർ നാമനിർദേശങ്ങളും 127 അവേഴ്സിന് ലഭിച്ചിരുന്നു.
●എവറസ്റ്റ്
1996ലുണ്ടായ എവറസ്റ്റ് ദുരന്തമാണ് സിനിമയുടെ പശ്ചാത്തലം. മോശം കാലാവസ്ഥയെ തുടർന്നുണ്ടായ ദുരന്തത്തിൽ 12 ജീവനുകളാണ് നഷ്ടമായത്. കനത്ത മഞ്ഞുവീഴ്ചയും ഓക്സിജൻ ക്ഷാമവും നേരിട്ട രണ്ട് പര്വതാരോഹക സംഘങ്ങളുടെ അതിജീവനമാണ് സിനിമയുടെ പ്രമേയം.
2015ല് പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം സംവിധാനം ചെയ്തത് ബാല്തസാര് കോര്മക്കൂര് ആണ്. മലമുകളിൽ പ്രതിസന്ധികളെ തരണം ചെയ്തു ജീവൻ രക്ഷിക്കാനുള്ള പർവതാരോഹകരുടെ ചലച്ചിത്ര ഭാഷ്യമാണ് എവറസ്റ്റ്.
● ദ് ഗ്രേ
ലിയാം നീസന് നായകനായി 2011ല് പുറത്തിറങ്ങിയ സര്വൈവല് ത്രില്ലര് ആണ് ‘ദ ഗ്രേ’. ഇയാന് മക്കെന്സിയുടെ ‘ഗോസ്റ്റ് വാക്കെര്’ എന്ന കഥയുടെ ആവിഷ്കാരമാണ് ചിത്രം. ജോ കര്നഹെന് സംവിധാനം ചെയ്ത ചിത്രം അലാസ്കയിലെ മഞ്ഞുമലകളില് ഒരു വിമാനാപകടത്തില് പെട്ട് പോയ ഒരു കൂട്ടം എണ്ക്കമ്പനി ജീവനക്കാരുടെ അതിജീവനത്തിന്റെ കഥയാണ്.
കൊടും തണുപ്പും നരഭോജികളായ ചെന്നയ്കളെയും അതിജീവിച്ച് വേണം ഇവർക്ക് ഇവിടെ നിന്നും രക്ഷപ്പെടാൻ. അതിനായുള്ള ജീവനക്കാരുടെ ശ്രമങ്ങളാണ് ചിത്രം പറയുന്നത്. ‘ജോണ് ഓട്ട് വേ’ എന്ന കഥാപാത്രമായി ലിയാം നീസന്റെ മികച്ച പ്രകടനം സിനിമയുടെ മികവാണ്.
● കാസ്റ്റ് എവേ
സര്വൈവല് ഡ്രാമ ചിത്രങ്ങളുടെ ആരാധകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ ചിത്രമാണ് കാസ്റ്റ് എവേ. വിമാനാപകടത്തിനെ തുടർന്ന് തെക്കന് പെസഫിക്കിലെ വിജനമായ ഒരു ദ്വീപില് അകപ്പെടുകയാണ് ചിത്രത്തിലെ നായകന്. ഇവിടെ നിന്ന് രക്ഷപെടാനുള്ള അയാളുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
റോബര്ട്ട് സെമക്കിസിനാണ് 2000ല് പുറത്തിറങ്ങിയ ഈ ഹോളിവുഡ് ചിത്രത്തിന്റെ സംവിധായകൻ. നായക കഥാപാത്രമായ ചക്ക് നോളണ്ടിനെ അവതരിപ്പിച്ച ടോം ഹാങ്ക്സിന് മികച്ച നടനുള്ള ഓസ്കാർ പുരസ്കാരവും ലഭിച്ചു.
● ട്രാപ്പ്ഡ്
കാമുകിയുടെ അറേഞ്ച്ഡ് വിവാഹത്തിനു തൊട്ടുമുന്പ് അവളുമൊന്നിട്ട് ഒരു പുതിയ ജീവിതം തുടങ്ങാനായി കോള് സെന്റര് ജീവനക്കാരനായ ശൗര്യ ഒരു താമസസ്ഥലം അന്വേഷിക്കുകയാണ്. ഇതിനിടെ ഒരു അപ്പാർട്മെന്റിൽ ശൗര്യ കുടുങ്ങി പോകുന്നു. വെള്ളവും വെളിച്ചവുമൊന്നുമില്ലാത്ത അവിടെ നിന്ന് അയാൾ രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളുമായാണ് സിനിമ മുന്നോട്ട് പോകുന്നത്.
ദിവസങ്ങൾ ഇവിടെ കുടുങ്ങി ശൗര്യ പുറത്ത് എത്തുന്നതും തുടർന്ന് അയാൾ മനസ്സിലാക്കുന്ന ജീവിത യാഥാർഥ്യങ്ങളും കൂടി സിനിമ വരച്ചിടുന്നുണ്ട്. വിക്രമാദിത്യ മോട്ട്വാനെ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 2016ല് പ്രദര്ശനത്തിനെത്തി. ശൗര്യയായി രാജ്കുമാര് റാവുവും കാമുകിയായി ഗീതാഞ്ജലി ഥാപ്പയുമാണ് അഭിനയിക്കുന്നത്.
● ഹെലെന്
അതിജീവന ത്രില്ലർ ശ്രേണിയിൽ മലയാളത്തിൽ നിന്നും മികച്ച സിനിമകളുണ്ടായിട്ടുണ്ട്. സമീപകാലത്ത് ഏറെ ശ്രദ്ധേയമായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ ഈ വിഭാഗത്തിലുൾപ്പെട്ട ചിത്രമാണ്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിലെ ചിക്കന് ഹബില് ജോലി ചെയ്യുന്ന പെണ്കുട്ടി സ്ഥാപനത്തിലെ ഫ്രീസര് റൂമില് രാത്രി കുടുങ്ങിപ്പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മൈനസ് 18 ഡിഗ്രിയാണ് ഇവിടത്തെ താപനില.
ഈ കൊടും തണുപ്പിനെ അതിജീവിക്കാനുള്ള ശ്രമമാണ് ചിത്രം. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച അന്ന ബെന്നിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. മാത്തുക്കുട്ടി സേവ്യറിന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഹെലൻ. സിനിമ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെ്യ്തിരുന്നു.
● മാളൂട്ടി
അതിജീവനവും അതിനായുള്ള രക്ഷാദൗത്യങ്ങളും ഓർത്തെടുക്കുമ്പോൾ മലയാളിക്ക് മറക്കാനാകാത്ത ചിത്രമാണ് മാളൂട്ടി. ജോൺ പോളിന്റെ രചനയിൽ ഭരതൻ ഒരുക്കിയ ചിത്രം. 1990ല് ഒരുക്കിയ ചിത്രത്തിൽ ടൈറ്റില് കഥാപാത്രമായ എത്തിയത് ബേബി ശ്യാമിലിയായിരുന്നു.
ഒരു പഴയ കുഴല് കിണറിലേക്ക് അഞ്ച് വയസുകാരി വീഴുന്നതും കുട്ടിയെ പുറത്തെത്താക്കാനുള്ള തീവ്രശ്രമങ്ങളുമാണ് ചിത്രം. കുഴൽകിണർ അപകടങ്ങളുണ്ടാകുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് പലപ്പോഴും എത്തുന്നത് മാളൂട്ടിയിലെ രംഗങ്ങളാണ്. അതിവൈകാരികമായ നിമിഷങ്ങൾ തളം കെട്ടി നിൽകുന്ന ചിത്രം മലയാളിയോട് അത്രമേൽ ഇഴുകിചേർന്നിട്ടുണ്ട്. സിനിമാന്ത്യം കുട്ടി രക്ഷപെടുന്നത് കാണുമ്പോള് ആശ്വസിക്കുന്നവരിൽ പ്രേക്ഷകനുമുണ്ട് എന്നതാണ് സിനിമയുടെ മികവ്. ജയറാമും ഉർവശിയുമാണ് മാളൂട്ടിയുടെ മാതാപിതാക്കളായി അഭിനയിച്ചത്.
● അറം
2017ൽ പുറത്തിറങ്ങിയ നയൻതാര കേന്ദ്രകഥാപത്രത്തെ അവതരിച്ച ‘അറം’ കൈകാര്യം ചെയ്തതും മാളൂട്ടിക്ക് സമാനമായ പ്രമേയമാണ്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഉപയോഗ ശൂന്യമായ കുഴൽ കിണറിലേക്ക് കുട്ടി വീഴുന്നതും അതിനായി നടത്തുന്ന രക്ഷാദൗത്യവുമാണ് ഗോപി നൈനാൻ ചിത്രം പറയുന്നത്. രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന ജില്ലാ കലക്ടർ മാധവിയായാണ് നയൻതാര വേഷമിടുന്നത്. ഭൂപ്രഭുകൾ തങ്ങളുടെ ഭൂമിയിൽ അനധികൃതമായി നിർമിക്കുന്ന കുഴൽക്കിണറുകളും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതവും സിനിമ ഓർമപ്പെടുത്തുന്നുണ്ട്. ശക്തമായ രാഷ്ട്രീയം പറയുന്ന തമിഴ് സിനിമ ശ്രേണിയിൽ ഉൾപ്പെട്ട ചിത്രം കൂടിയാണ് നയൻ താരയുടെ അറം.