തിരുവനന്തപുരം: മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചതിന് പിന്നാലെ തന്നെയും ആർമിയിൽ എടുക്കണമെന്നാണ് പറഞ്ഞതെന്ന് കേണൽ ഹേമന്ദ് രാജ്. ബാബുവിനെ രക്ഷപ്പെടുത്തി മലക്ക് മുകളിൽ എത്തിച്ചപ്പോഴായിരുന്നു ഇക്കാര്യം തങ്ങളോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് സൂപ്പർപ്രൈം ടൈമിൽ സംസാരിക്കുന്നതിനിടെയാണ് ഹേമന്ദ് രാജ് ബാബുവിന്റെ പ്രതികരണം വെളിപ്പെടുത്തിയത്.
കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലാണ് സൈന്യം ബാബുവിനായുള്ള രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. എത്ര കഠിനായ അവസ്ഥയിലാണെങ്കിലും ഇന്ത്യൻ ആർമി കീ ജയ് എന്ന് വിളിക്കുമ്പോൾ ഞങ്ങൾക്ക് തന്നെ കിട്ടുന്ന ഒരു ഊർജമാണ് ഏറ്റവും പ്രധാനം. എല്ലാവർക്കും വേണ്ടിയാണ് ഞങ്ങളുടെ പ്രവർത്തനം ഹേമന്ദ് രാജ് പറഞ്ഞു.
കുത്തനെയുള്ള മലയടിവാരത്തിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താൻ ബെംഗളൂരു, മദ്രാസ് റെജിമെന്റുകളിൽനിന്നായി സൈന്യത്തിന്റെ രണ്ട് സംഘങ്ങളാണെത്തിയത്.
രാത്രി പത്തരയോടെയാണ് മദ്രാസ് െറജിമെന്റിലെ ലഫ്. കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള സൈനികറെത്തിയത്. ഏഴുപേർ മലകയറി. രാത്രി മൂന്നോടെ മുകളിലെത്തിയ സംഘം മറ്റു രക്ഷാപ്രവർത്തകരോടൊപ്പം ചേർന്ന് സ്ഥിതി വിലയിരുത്തി. വീണ്ടും മലകയറി ബാബു ഇരിക്കുന്ന സ്ഥലം നിരീക്ഷിച്ച് തൊട്ടുതാഴെ സുരക്ഷിതമായ സ്ഥലത്ത് തങ്ങി.
ഇവർക്കുപിന്നാലെ ബെംഗളൂരുവിൽനിന്ന് ആർമി ട്രെയിനിങ് ഓഫീസർ കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിൽ 19 അംഗ സൈനികരും ദേശീയ ദുരന്തനിവാരണസേനയുടെ രണ്ടാമത്തെ സംഘവും രാത്രിയോടെത്തന്നെ ഇവർക്കൊപ്പം ചേർന്നു. തുടർന്നാണ് സംയുക്ത രക്ഷാപ്രവർത്തനം തുടങ്ങുന്നത്.
കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ഏഴംഗ സൈനികർ ബുധനാഴ്ച രാവിലെ ആറരയോടെയാണ് ദൗത്യം തുടങ്ങിയത്. ദേശീയ ദുരന്ത നിവാരണസേനയുടേതുൾപ്പെടെയുള്ള പ്രവർത്തകരും സഹായിക്കാൻ മുകളിൽ അണിനിരന്നു. മലയുടെ മുകളിൽനിന്ന് മറ്റൊരു ഭാഗത്തേക്ക് 400 മീറ്ററോളം താഴ്ചയിലാണ് ബാബു ഇരുന്നിരുന്നത്. ബാബുവിന് വെള്ളമെത്തിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ഇതിനായി ഡ്രോണുകൾ ഉപയോഗിച്ച് ബാബു ഇരിക്കുന്ന പ്രദേശത്തിന്റെ ഘടന മനസ്സിലാക്കി.
തുടർന്ന് കയർ കെട്ടി ഒരു സൈനികൻ അല്പദൂരം ഇറങ്ങി സ്ഥിതി വിലയിരുത്തി. ഇതിനുശേഷമാണ് സൈനികൻ ബി. ബാലകൃഷ്ണൻ വടം ഉപയോഗിച്ച് താഴെയിറങ്ങി ബാബുവിന് സമീപമെത്തിയത്. വടം ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കി. ശേഷം ബാലകൃഷ്ണന്റെ കാൽമുട്ടിൽ ബാബുവിനെ ഇരുത്തി സുരക്ഷാ ബെൽറ്റുകളിട്ടശേഷം വടം വഴി മുകളിലേക്ക് വലിച്ചുകയറ്റി. ദൗത്യം 10 മണിയോടെ പൂർത്തിയായി.