കൊല്ലം: വിവാഹാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു ഇളമാട് അമ്പലംമുക്കിലെ ഷാനു ഹൗസിൽ. വ്യാഴാഴ്ച രാവിലെ ഏഴിന് വിവാഹത്തിനു പുറപ്പെടാനുള്ള ഒരുക്കങ്ങളിലായിരുന്നു വരനായ അമൽ ഷാജിയും ബന്ധുക്കളും. വധുവിനു നൽകാനുള്ള പുടവയുമായി അമലിന്റെ ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളും ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ഇളമാട് അമ്പലംമുക്കിൽനിന്ന് അഞ്ച് വാഹനങ്ങളിൽ യാത്ര തുടങ്ങിയത്. ഒന്നേകാലോടെയാണ് അടൂരിൽവെച്ച് അപകടമുണ്ടായ വിവരം അമ്പലംമുക്കിൽ അറിഞ്ഞത്.
അമലിന്റെ ബന്ധുക്കളായ ശകുന്തളയും ഇന്ദിരയും കുടുംബസുഹൃത്ത് ശ്രീജയും മരിച്ച വിവരം വിശ്വസിക്കാനാകുമായിരുന്നില്ല അയൽവാസികൾക്കും കൂട്ടുകാർക്കും. അമ്പലംമുക്ക് പെട്രോൾ പമ്പിനടുത്താണ് അമലിന്റെ വീട്. അടുത്തുതന്നെയാണ് ഇന്ദിരയും മകളും താമസിച്ചിരുന്നത്. ശകുന്തളയുടെ വീടും ഇതിനടുത്തുതന്നെയായിരുന്നു. ഒന്നരവർഷംമുമ്പ് ഈ വീട് വിറ്റതിനുശേഷം ശകുന്തളയും കുടുംബവും ആക്കാപൊയ്കയിൽ വാടകവീട്ടിലേക്ക് മാറുകയായിരുന്നു.
ശ്രീജയും അമലിന്റെ വീടിനടുത്തായിരുന്നു മുമ്പ് താമസിച്ചിരുന്നത്. പിന്നീട് തേവന്നൂർ എസ്റ്റേറ്റ് ജങ്ഷനിൽ വീടുവെച്ച് താമസം തുടങ്ങി. അമലിന്റെ കുടുംബവുമായി നല്ല സൗഹൃദത്തിലായിരുന്നു ശ്രീജയും ഭർത്താവ് പ്രകാശും. പുടവ കൈമാറൽച്ചടങ്ങിനു പോകുന്നില്ലെന്നാണ് ശ്രീജ തീരുമാനിച്ചിരുന്നത്. എന്നാൽ, സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി അവസാനനിമിഷം യാത്ര പുറപ്പെടുകയായിരുന്നു. കശുവണ്ടി ഫാക്ടറിയിലും തൊഴിലുറപ്പുജോലിക്കും പോയിരുന്നു ഇന്ദിരയും ശകുന്തളയും. ശ്രീജ എസ്റ്റേറ്റ് മുക്കിൽ തയ്യൽക്കട നടത്തിയിരുന്നു. എല്ലാവരുമായും മൂവരും നല്ല സൗഹൃദത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ മരണവാർത്തയറിഞ്ഞ് വിതുമ്പുകയായിരുന്നു അയൽവാസികളും പരിചയക്കാരും.
ഗൂഗിൾ മാപ്പ് നോക്കിയാണ് കാർ ഓടിച്ചതെന്ന് അഗ്നിരക്ഷാ സേന
അടൂരിൽ കാർ കനാലിലേക്ക് മറിയാൻ കാരണം ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവർ വാഹനം ഓടിച്ചതാണെന്ന് അഗ്നിരക്ഷാ സേന. ഹരിപ്പാട്ടേക്ക് വേഗത്തിൽ പോവുകയായിരുന്ന വാഹനം അടൂർ ബൈപ്പാസ് ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിയണമെന്ന് ഗൂഗിൾ മാപ്പിൽ കണ്ടു. ബ്രേക്ക് ചെയ്യാനാണ് ഡ്രൈവർ ശ്രമിച്ചത്. എന്നാൽ, അബദ്ധവശാൽ ആക്സിലേറ്ററിലാണ് ചവിട്ടിയതെന്നും അഗ്നിരക്ഷാ സേന പറഞ്ഞു. ഇത് ശരിവെക്കുന്ന തരത്തിൽ പരിക്കേറ്റ യാത്രക്കാർ പറഞ്ഞതായും അവർ അറിയിച്ചു. കാർ ഡ്രൈവർ അപകടത്തിന് തൊട്ടുമുമ്പ് മൊബൈൽ ഫോണിൽ നോക്കിയെന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ മൊഴി നൽകിയതായി പോലീസും പറഞ്ഞു.
ഒരേമനസ്സോടെ നാട്ടുകാർ
രക്ഷാപ്രവർത്തനം നടത്തുമ്പോഴും പലരുടെയും മുഖത്ത് കാണാമായിരുന്നു ആശങ്ക. ഈ സമയം പുറത്തുനിന്ന നൂറുകണക്കിന് ആളുകൾ ഒരേ മനസ്സോടെ പ്രാർഥിച്ചു. അപകടസ്ഥലത്ത് എത്തിയവർ കാഴ്ചക്കാരായി നിൽക്കാതെ കാർ വെള്ളത്തിൽനിന്ന് കയറ്റുന്നതിനും പുറത്ത് റോഡിൽ ഗതാഗത ക്രമീകരണം നടത്തുന്നതിനും സഹകരിച്ചു. ആദ്യം നാട്ടുകാർതന്നെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീടാണ് അഗ്നിരക്ഷാസേനയും പോലീസുമൊക്കെ എത്തിയത്.
പരിക്കുപറ്റി കിടക്കുന്നവരെ അടൂർ ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സി.പി.എം. ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ. ജില്ലാസെക്രട്ടറി എ.പി.ജയൻ, സി.പി.എം. ഏരിയാ സെക്രട്ടറി അഡ്വ. മനോജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ, അടൂർ നഗരസഭാ ചെയർമാൻ ഡി. സജി എന്നിവർ സന്ദർശിച്ചു. മൃതദേഹങ്ങൾ വ്യാഴാഴ്ച രാവിലെ അടൂർ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും.
വഴുതിയത് കൈയരികിൽനിന്ന്; വിതുമ്പലോടെ ജയകുമാർ
എന്റെ കൈയിൽനിന്ന് തൊട്ടൂ, തൊട്ടില്ല എന്ന അവസ്ഥയിലായിരുന്നു ഒരാൾ ഒഴുകിപ്പോയത്. അല്ലെങ്കിൽ ഒരാളുടെ ജീവൻകൂടി രക്ഷിക്കാമായിരുന്നു -അടൂരിൽ കനാലിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ അടൂർ വൈദ്യുതിവകുപ്പ് ജീവനക്കാരൻ എസ്.ജയകുമാർ പറഞ്ഞു. ജയകുമാറാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ജോലിസംബന്ധമായ ആവശ്യത്തിന് ഇറങ്ങിയതാണ് നെയ്യാറ്റിൻകര ആലത്തൂർ തെക്കേവിള പുത്തൻവീട്ടിൽ എസ്.ജയകുമാർ.
സഹപ്രവർത്തകനൊപ്പം ബൈക്കിൽ വരുമ്പോഴാണ് അടൂർ കരുവാറ്റ പള്ളിക്കുസമീപം കനാലിലേക്ക് കുറച്ചുപേർ നോക്കിനിൽക്കുന്നത് കണ്ടത്. വിവരം തിരക്കിയപ്പോൾ ഒരുകാർ കനാലിലേക്ക് മറിഞ്ഞതായി ആളുകൾ അറിയിച്ചു. അപ്പോഴാണ് ഒരു യുവതി വെള്ളത്തിലൂടെ ഒഴുകിവരുന്നത് ജയകുമാർ കണ്ടത്. ഉടനെ കൈയിലെ ഫോണും, പഴ്സും സഹപ്രവർത്തകനെ ഏല്പിച്ച് കനാലിൽ ചാടുകയായിരുന്നു ഇദ്ദേഹം. ആദ്യം യുവതിയെ കനാലിനരികിൽ കിടന്ന കേബിൾ പൈപ്പിനോട് ചേർത്തുനിർത്തി. രക്ഷപ്പെട്ടവരിലുള്ള അശ്വതി കൃഷ്ണയായിരുന്നു ഇത്. അപ്പോഴേക്കും 14 വയസ്സുകാരൻ അലൻ ഒഴുകിയെത്തി. അലനേയും ഇതേ പൈപ്പിൽ പിടിപ്പിച്ചു.
തുടർന്നാണ് ബിന്ദു ഒഴുകിയെത്തിയത്. ഏറെ പാടുപ്പെട്ട് ബിന്ദുവിനെ കൈപ്പിടിയിൽ ഒതുക്കി താഴേക്കുനീന്തി കനാൽ അരികിലെ കാട്ടിൽ പിടിച്ചുനിന്നു. ഈ സമയം ഇന്ദിര ഒഴുകിയെത്തിയെങ്കിലും ജയകുമാർ കൈ നീട്ടിയപ്പോഴേക്കും ഒഴുകിപ്പോയി. ഇവരെ രക്ഷിക്കാൻ രണ്ടുപേർകൂടി കനാലിൽ ചാടിയെങ്കിലും പിടിക്കാൻ സാധിച്ചില്ല. തുടർന്ന്, നാട്ടുകാരുടെ സഹായത്തോടെ ബിന്ദുവിനെ കരയ്ക്കുകയറ്റി. പിന്നീട് അശ്വതിയെയും അലനെയും കരയിലേക്കുകയറ്റി. ഈ സമയം നാട്ടുകാരും സഹായത്തിനായി കനാലിലേക്ക് ഇറങ്ങിവന്നതായി ജയകുമാർ പറഞ്ഞു. കനാലിൽ വലിയ അടിയൊഴുക്കുണ്ടായിരുന്നു.
രക്ഷാപ്രവർത്തകർക്ക് പരിക്കേറ്റു
കരുവാറ്റ കനാലിൽവീണ കാറിനുള്ളിൽ അകപ്പെട്ടവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ ഏറെ ബുദ്ധിമുട്ടി. വെള്ളത്തിൽവീണ കാർ ഒഴുകി കനാൽ പാലത്തിനടിവശത്തെ കേബിളിൽ കുടുങ്ങുകയായിരുന്നു. ഇതിന്റെകൂടെ ശക്തമായ ഒഴുക്കുകൂടി ആയതോടെ കാറിനടുത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചില്ല. അഗ്നിരക്ഷാസേനയുടെ കയർ ഉൾപ്പെടെ ഉപയോഗിച്ചാണ് കാർ കെട്ടി പാലത്തിന് മറുവശത്തെത്തിച്ചത്. ഈ സമയം കനാലിന്റെ അരികിലും കാറിന്റെ ഭാഗങ്ങളിലുംമുട്ടി അഗ്നിരക്ഷാ സേനയിലെ രണ്ട് അംഗങ്ങൾക്കും നാട്ടുകാരായ രക്ഷാപ്രവർത്തകർക്കും പരിക്കേറ്റു. അഗ്നിരക്ഷാ സേനയിലെ അരുൺജിത്ത്, അനിൽകുമാർ എന്നിവർക്ക് പരിക്കുണ്ട്. പന്നിവിഴ സ്വദേശി വിഷ്ണുവിന്റെ കാലിനും കൈയ്ക്കും പരിക്കേറ്റു. കുത്തൊഴുക്കുകാരണം രക്ഷാപ്രവർത്തകർ പലരും അവശരായി. പലരും വെള്ളത്തിൽ ഇറങ്ങിയെങ്കിലും കാറിനരികിലെത്താൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു.
ഭയമടങ്ങുന്നില്ല ബൈജുവിന്
ജീവനുതുല്യം സ്നേഹിക്കുന്ന കുടുംബം അപകടത്തിൽപ്പെട്ട വിവരമറിഞ്ഞതുമുതൽ ഭയപ്പാടിലായിരുന്നു അമ്പലംമുക്ക് കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിൽ ബൈജു. അപകടത്തിൽ മരിച്ച ഇന്ദിരയുടെ മരുമകനാണ് ബൈജു. കെട്ടിടനിർമാണജോലികൾ കരാറെടുത്ത് ചെയ്യുകയാണ് ബൈജു. ബുധനാഴ്ച ജോലിയുണ്ടായിരുന്നതിനാൽ ചടങ്ങിന് പോയിരുന്നില്ല. ഭാര്യ ബിന്ദുവും മക്കളായ അലനും അനന്തുവും ഭാര്യാമാതാവും ചടങ്ങിനു പുറപ്പെടുന്ന വിവരം ബൈജുവിനെ വിളിച്ചറിയിച്ചിരുന്നു.
ഒന്നരയോടെ അടൂരിൽനിന്ന് പോലീസ് വിളിക്കുമ്പോഴാണ് ബൈജു അപകടവിവരമറിഞ്ഞത്. ഉടൻതന്നെ അടൂരിലെ ആശുപത്രിയിലെത്തി. അപ്പോഴാണ് ഇന്ദിരയുടെ മരണവിവരം അറിയുന്നത്. ബിന്ദുവിനും അലനും പരിക്കുണ്ടായിരുന്നു. രാത്രി വൈകി അലനെയും ബിന്ദുവിനെയും ഇളമാട്ടേക്ക് കൊണ്ടുവന്നു. വീടിനു തൊട്ടുമുന്നിലുള്ള പെട്രോൾ പമ്പിലെ ജീവനക്കാരിയാണ് ബിന്ദു.
ശകുന്തള മടങ്ങി; സ്വപ്നവീട്ടിൽ അന്തിയുറങ്ങുംമുമ്പ്
സ്വന്തമായി ഒരു വീട്. ശകുന്തളയുടെയും ഭർത്താവ് രാജന്റെയും മകൻ രാഹുലിന്റെയും സ്വപ്നമായിരുന്നു അത്. ആക്കാപൊയ്കയിലെ വാടകവീട്ടിൽ താമസിച്ച് അതിനായി പ്രയത്നിക്കുകയായിരുന്നു മൂവരും. ശകുന്തള തോട്ടത്തറയിലെയും ആയൂരിലെയും കശുവണ്ടി ഫാക്ടറികളിൽ ജോലിക്ക് പോയിരുന്നു. അവിടെ പണിയില്ലാത്ത ദിവസങ്ങളിൽ തൊഴിലുറപ്പുജോലിക്കും പോയിരുന്നു. രാജനും തൊഴിലുറപ്പ് തൊഴിലാളിയാണ്. രാഹുൽ ഓട്ടോ ഡ്രൈവറാണ്.
ഇളമാട് സ്കൂളിനടുത്ത് വാങ്ങിയ മൂന്ന് സെന്റ് സ്ഥലത്ത് ഇവർ വീടുനിർമാണം തുടങ്ങിയിരുന്നു. അടിസ്ഥാനം പൂർത്തിയാക്കി മണ്ണിടൽ ജോലികൾക്കായി കുടുംബം ഇവിടെ എത്തിയിരുന്നു. വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ ശകുന്തള ബന്ധുക്കളോടും സുഹൃത്തുക്കളോടും പങ്കുവെച്ചിരുന്നു.
Content Highlights:Three die as car overturns into a canal in Pathanamthitta