തിരുവനന്തപുരം> വർഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ സംഘടിത ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ മനസ്സിലടക്കം വർഗീയവിഷം കുത്തിവയ്ക്കുന്നു. ഇതിനെതിരെ മതനിരപേക്ഷ ശക്തികൾ കൂടുതൽ ജാഗ്രത പുലർത്തണം. ഷാരൂഖ് ഖാനെതിരെ നടക്കുന്ന സൈബർ ആക്രമണം, കർണാടകത്തിലെ വിദ്യാലയങ്ങളിൽ ഹിജാബിനുള്ള നിരോധനം എന്നിവയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഷാരൂഖ് ഖാൻ പരസ്യമായാണ് ലതാ മങ്കേഷ്കറുടെ മൃതദേഹം കണ്ടത്. അതിനെപ്പോലും വർഗീയമായി ചിത്രീകരിച്ചു. വർഗീയത ഏതെല്ലാം തരത്തിൽ ആപത്ത് സൃഷ്ടിക്കുമെന്നാണ് അവിടെ കണ്ടത്. മതനിരപേക്ഷതയുടെ ഏറ്റവും വലിയ വിളനിലമാണ് ക്ലാസ് മുറികൾ. അതിനെയാണ് വർഗീയവിഷം ചീറ്റുന്ന മാനസികാവസ്ഥയിലേക്ക് മാറ്റുന്നത്. ചെറിയ കുട്ടികളിൽ വർഗീയവിഷം കുത്തിവച്ചാലുള്ള ആപത്ത് വളരെ വലുതാണ്.
മലമ്പുഴയിൽ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കുന്നതിൽ ഒരു കാലതാമസവും വന്നിട്ടില്ല. നല്ല കാര്യങ്ങൾ നടക്കുമ്പോൾ അവയെ മോശമായി ചിത്രീകരിക്കുന്ന ചിലരുണ്ട്. നിർഭാഗ്യവശാൽ കേരളത്തിലെ പ്രതിപക്ഷവും ഇതിന്റെ ഭാഗമാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.