തിരുവനന്തപുരം> യുഎഇയിലെ വ്യവസായികൾ കേരളത്തിൽ വൻ വ്യവസായ നിക്ഷേപം വാഗ്ദാനം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹോട്ട്പാക്ക് (200 കോടി), മുരള്യ (100കോടി), ട്രാൻസ് വേൾഡ്, ഷറഫ് ഗ്രൂപ്പ് എന്നിവരും നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചു. യുഎഇയിൽ എത്തിയപ്പോൾ ഭരണാധികാരികളിൽനിന്നും മലയാളികളിൽനിന്നും ഊഷ്മള സ്വീകരണം ലഭിച്ചു. യുഎഇ സർക്കാർ, എല്ലാ കൂടിക്കാഴ്ചയിലും ഒപ്പമുണ്ടായിരുന്ന നോർക്ക വൈസ് ചെയർമാൻ എം എ യൂസഫലി, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ എന്നിവർക്കും പ്രവാസികൾക്കും നന്ദി അറിയിക്കുന്നു.
മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന് അഭ്യർഥിച്ചു. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിനായി യുഎഇ സർക്കാർ എല്ലാ പിന്തുണയും ഉറപ്പ് നൽകി. കേരളത്തിലെ എൽഡിഎഫ് തുടർഭരണം സംസ്ഥാന വികസനത്തിന് കൂടുതൽ ഗുണമാകുമെന്ന് അബുദാബി രാജകുടുംബാംഗവും യുഎഇ ക്യാബിനറ്റ് മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. യുഎഇയുടെ വികസനത്തിൽ മലയാളികളുടെ പങ്കിനെയും അദ്ദേഹം പ്രകീർത്തിച്ചു. വ്യവസായ സഹകരണം ശക്തിപ്പെടുത്തുന്നതിനായി അബുദാബി ചേംബർ ഉന്നതതല സംഘം കേരളം സന്ദർശിക്കും. അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.
സംസ്ഥാനത്തിന്റെ പുരോഗതിക്കുള്ള തടസ്സം മറികടക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കുള്ള ഊർജമാണ് യുഎഇയിലെ പ്രതികരണങ്ങൾ. ഇതിനു ചാലകശക്തിയായത് പ്രവാസി സഹോദരങ്ങളാണ്. ഇവരുടെ സ്വന്തം നാടിനോടുള്ള സ്നേഹ വായ്പും പ്രവർത്തന സന്നദ്ധതയും വിലമതിക്കാനാകാത്തതാണ്. അവരെ ഒരിക്കൽകൂടി അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.