തിരുവനന്തപുരം> എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം കവടിയാർ വില്ലേജിലെ 34.92 ആർ ഭൂമിയും കെട്ടിടങ്ങളും സർക്കാരിലേക്ക് വാങ്ങാൻ തീരുമാനിച്ചു. നെഗോസിയേഷൻ കമ്മിറ്റി ശുപാർശപ്രകാരം 11,24,23,814 രൂപ ന്യായവില നൽകിയായിരിക്കും ഏറ്റെടുക്കൽ. സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഉപയോഗിക്കുന്നതിനാണ് സ്ഥലവും കെട്ടിടവും വാങ്ങുന്നത്.
ആയുർവേദ ഗവേഷണകേന്ദ്രത്തിന് 34 കോടികൂടി
കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ തുടർഘട്ടങ്ങൾക്ക് ഭൂമിയേറ്റെടുക്കാൻ 34 കോടി രൂപകൂടി അനുവദിച്ചു. നേരത്തേ 80 കോടി രൂപയ്ക്ക് അനുമതിയായിരുന്നു.114 കോടി രൂപ കിഫ്ബിയിൽനിന്നു തേടുന്നതിന് ഭരണാനുമതി നൽകും.
പദ്ധതി നിർദേശങ്ങൾ അംഗീകരിച്ചു
റീബിൽഡ് കേരള ഇനീഷ്യേറ്റീവിനുകീഴിൽ ഏറ്റെടുക്കുന്നതിന് വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതി നിർദേശങ്ങൾ അംഗീകരിച്ചു. 27.67 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി.
കേരള വാട്ടർ അതോറിറ്റി പമ്പ് ഹൗസുകളുടെ ഓട്ടോമേഷൻ, വർക്കല മുനിസിപ്പാലിറ്റിക്ക് സെപ്റ്റേജ് സംസ്കരണ പ്ലാന്റ്, കൊല്ലത്തെ മയ്യനാട് പഞ്ചായത്തിൽ സ്വീവേജ് സംസ്കരണ പ്ലാന്റ് സ്ഥാപിക്കൽ തുടങ്ങിയ നിർദേശങ്ങൾ നടപ്പാക്കും.
മാനേജിങ് ഡയറക്ടർമാർക്ക് നിയമനം
പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർമാരെ നിയമിക്കാൻ തീരുമാനിച്ചു. ടി ജി ഉല്ലാസ് കുമാറിനെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിന്റെയും കെ ലക്ഷ്മി നാരായണനെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും എംഡിമാരായി നിയമിക്കും. വി കെ പ്രവിരാജ് ഓട്ടോ കാസ്റ്റ് ലിമിറ്റഡിന്റെയും ഇ എ സുബ്രഹ്മണ്യൻ കെഎസ്ഡിപി ലിമിറ്റഡിന്റെയും എംഡിമാരാകും.