തിരുവനന്തപുരം> പ്രാഥമിക സഹകരണ സംഘങ്ങളിലെ പലിശ നിരക്കുകൾ പുതുക്കി. നിക്ഷേപങ്ങൾക്ക് പലിശ ഉയരും. വായ്പയ്ക്ക് കുറയും. രണ്ടുവർഷത്തിന് മുകളിലെ നിക്ഷേപങ്ങളുടെ പലിശ ആറരയിൽനിന്ന് ഏഴ് ശതമാനമാക്കി.
15 മുതൽ 45 ദിവസംവരെ നിക്ഷേപങ്ങൾക്ക് അഞ്ച് ശതമാനമാക്കി. മൂന്നുമാസം (46 മുതൽ 90 ദിവസംവരെ ) നിക്ഷേപങ്ങളുടെ പലിശ 5.25 ൽനിന്നും അഞ്ചര ശതമാനമാക്കി. ആറുമാസം (91 മുതൽ 180 ദിവസംവരെ ) നിക്ഷേപങ്ങൾക്ക് ആറ് ശതമാനവും ഒരുവർഷത്തിന് ( 181 മുതൽ 364 ദിവസം ) 6.25 ശതമാനവും ഒരു വർഷത്തിനു മുകളിൽ ഏഴ് ശതമാനവും പലിശ ലഭിക്കും.
വായ്പാ പലിശ നിരക്കിൽ അര ശതമാനംവരെ കുറവുവരുത്തി.
വായ്പയുടെ സ്വഭാവം അനുസരിച്ചായിരിക്കും നിരക്കിലെ കുറവ്. സഹകരണ മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണയ സമിതി യോഗത്തിലാണ് തീരുമാനം. കാർഷിക വായ്പാ സഹകരണ സംഘങ്ങൾ, സർവീസ് സഹകരണ ബാങ്കുകൾ, അർബൻ, റീജണൽ റൂറൽ കോഓപ്പറേറ്റീവ്, എംപ്ലോയീസ്, അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സംഘങ്ങൾ ഉൾപ്പെടെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പുതുക്കിയ നിരക്ക് ബാധകമാണ്.