കോഴിക്കോട്> വർഗീയ–-മതതീവ്രവാദ പ്രചാരകനായ അസദുദ്ദീൻ ഒവൈസിയുമായുള്ള മുസ്ലിംലീഗിന്റെ കൂട്ട് തള്ളിപ്പറയാനാകാതെ കെപിസിസി. യുപിയിൽ കോൺഗ്രസ് വിരുദ്ധ മുന്നണിയിൽ മതതീവ്രവാദ ശക്തികളുമായി ലീഗ് സഖ്യത്തിലേർപ്പെട്ടതിൽ പൂർണ നിശബ്ദത പാലിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഒവൈസിയുടെ പേരിൽ ലീഗിന്റെ അനിഷ്ടം വാങ്ങേണ്ടന്നാണ് നിലപാട്. ഒവൈസിയുമായുള്ള ബന്ധം അപകടകരമെന്ന് പറയാൻപോലും നേതാക്കൾക്കാവുന്നില്ല. അതേസമയം കേരളത്തിലെ ലീഗ് നേതാക്കളടക്കം ഒവൈസി സഖ്യ സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങിയതിനെ കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധിക്കുന്നുണ്ട്.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമൊന്നും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന നാട്യത്തിലാണ്. അതേസമയം മുൻ പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ തുടങ്ങി ഒട്ടേറെ നേതാക്കൾ വർഗീയ–-തീവ്രവാദ ബന്ധത്തെ ശക്തമായി എതിർക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒവൈസി ചർച്ചയായാൽ തിരിച്ചടി ഇവർ ഭയക്കുന്നു. പഞ്ചായത്ത്–-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ്, ജമാഅത്തെ ഇസ്ലാമിയുമായി യോജിച്ചിരുന്നു. ലീഗിന്റെ താൽപ്പര്യത്തിലായിരുന്നു സഖ്യം.
ജമാഅത്തെക്കാൾ ആപത്താണ് ഒവൈസിയുമായുള്ള ബന്ധമെന്നാണ് മുല്ലപ്പള്ളി അടക്കമുള്ളവരുടെ നിലപാട്. മതനിരപേക്ഷ ചേരിയെ ദുർബലമാക്കാനുള്ള ബിജെപിയുടെ ഏജന്റാണ് അസദുദ്ദീൻ ഒവൈസിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നടിച്ചു. ന്യൂനപക്ഷ സംരക്ഷണമല്ല, സ്ഥാപിത താൽപ്പര്യമാണ് ഒവൈസിയെ നയിക്കുന്നത്. യുപി തെരഞ്ഞെടുപ്പിലും ഇതേ അജൻഡയാണ് നിറവേറ്റുന്നത് മുല്ലപ്പള്ളി പറഞ്ഞു.