തൃശൂർ> മാവോയിസ്റ്റ്/തീവ്രവാദ പ്രവർത്തനങ്ങളെ അമർച്ച ചെയ്യുകയെന്ന പ്രധാനലക്ഷ്യത്തോടെ, വിവിധ ഗോത്ര വിഭാഗങ്ങളിൽനിന്ന് സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ തെരഞ്ഞെടുത്ത 123 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് വ്യാഴാഴ്ച നടക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 87 യുവാക്കളും 36 യുവതികളുമാണ് പൊലീസ് കുപ്പായത്തിൽ നാടിന്റെ കാവൽക്കാരാകുക. രാവിലെ 8.30ന് രാമവർമപുരം ഇന്ത്യാ റിസർവ് ബറ്റാലിയൻ മൈതാനത്ത് നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ അഭിവാദ്യം സ്വീകരിക്കും.
ഐആർബി ട്രെയിനിങ്ങിന് സമാനമായ അതിവിദഗ്ധ പരിശീലനം 123 പേർക്കും ലഭിച്ചിട്ടുണ്ട്. തീരദേശ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് വിവിധതരം പട്രോളിങ്ങുകളിലും മറ്റിതര രക്ഷാപ്രവർത്തനത്തിലും ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റ്/തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളിൽ സേവനം നടത്തേണ്ടിവരുമെന്നതിനാൽ, ഐആർബി തണ്ടർബോൾട്ട് കമാൻഡോസ് പരിശീലനവും ഇവർ പൂർത്തീകരിച്ചു. ആയുധ പരിശീലനത്തിന്റെ ഭാഗമായി എംപി–- 5, എകെ–- 47, എസ്എൽആർ, ഗ്ലോക്ക് പിസ്റ്റൾ, ഇൻസാസ്, എൽഎംജി തുടങ്ങിയ ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഫയറിങ്ങിലും പരിശീലനം ലഭിച്ചു.
വയനാട്ടിൽനിന്ന് 84 പേരും മലപ്പുറത്തുനിന്ന് 14 പേരും പാലക്കാട്ടുനിന്ന് 25 പേരുമാണ് ഈ ബാച്ചിലുള്ളത്. കലിക്കറ്റ് സർവകലാശാലാ ബിരുദാനന്തര ബിരുദത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ സുധ വിശ്വനാഥനും ഭർത്താവ് ഷിജുവും ഈ ബാച്ചിൽ പരിശീലനം പൂർത്തിയാക്കി. പാസിങ് ഔട്ട് പരേഡിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, എഡിജിപി (ട്രെയിനിങ്) ആൻഡ് കേരള പൊലീസ് അക്കാദമി ഡയറക്ടർ ബൽറാംകുമാർ ഉപാധ്യായ, പൊലീസ് അക്കാദമി ഐജി (ട്രെയിനിങ്) സേതുരാമൻ ഓൺലൈനിലൂടെയും ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി പ്രകാശ്, കമാൻഡന്റ് ഇന്ത്യാ റിസർവ് ബറ്റാലിയൻ പദംസിങ് എന്നിവർ നേരിട്ടും സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും.