തിരുവനന്തപുരം> കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കുവച്ച ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന്റെ (എച്ച്എൽഎൽ) കേരളത്തിലെ ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള സാധ്യത സംസ്ഥാന സർക്കാർ പരിശോധിക്കുന്നു. കമ്പനി സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നടത്തുന്ന ലേല നടപടികളിൽ പങ്കെടുക്കുന്നതിനും കേരളത്തിലെ ആസ്തികൾ ഏറ്റെടുക്കുന്നതിനുമുള്ള സാധ്യതകൾ പരിശോധിക്കാൻ കെഎസ്ഐഡിസിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
കരട് മാർഗരേഖയ്ക്ക് അംഗീകാരം
നവകേരളം കർമപദ്ധതി രണ്ടിന്റെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന കരട് മാർഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി.
ലാബ് അസിസ്റ്റന്റ്: 24 പുതിയ തസ്തിക
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനുകീഴിൽ 24 ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്) തസ്തിക സൃഷ്ടിക്കും. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളിൽ നാലു വീതവും കോട്ടയം, തൃശൂർ, മഞ്ചേരി, എറണാകുളം, ഇടുക്കി, കൊല്ലം മെഡിക്കൽ കോളേജുകളിൽ രണ്ടു വീതവും തസ്തിക സൃഷ്ടിക്കും.
ലീഗൽ അഡ്വൈസർ
പൊലീസ് വകുപ്പിൽ ക്രൈം ബ്രാഞ്ചിൽ നാല് ലീഗൽ അഡ്വൈസർ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
ചിത്രാംഗണിയുടെ കുടുംബത്തിന് 10 ലക്ഷം
കോഴിക്കോട് പുതിയങ്ങാടി എടക്കാടിലെ ചിത്രാംഗണിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു. സ്വകാര്യ ആശുപത്രിയിലെ മലിനജല സംസ്കരണ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് ചിത്രാംഗണി മരിച്ചത്.
സ്പെഷ്യൽ സ്കൂൾ: യോഗ്യതാ മാനദണ്ഡത്തിൽ മാറ്റം
സ്പെഷ്യൽ സ്കൂളുകളിലെ സ്പീച്ച് തെറാപിസ്റ്റ് തസ്തികയുടെ പേര് ഓഡിയോളജിസ്റ്റ് കം സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്/സ്പീച്ച് തെറാപിസ്റ്റ് എന്ന് മാറ്റാൻ തീരുമാനിച്ചു.ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബിഎഎസ്എൽപി)/ബിഎസ്സി സ്പീച്ച് ആൻഡ് ഹിയറിങ് അല്ലെങ്കിൽ ആർസിഐ രജിസ്ട്രേഷനുള്ള ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പാത്തോളജിസ്റ്റ്/ സ്പീച്ച് തെറാപിസ്റ്റ് തത്തുല്ല്യ യോഗ്യതയും വിദ്യാഭ്യാസയോഗ്യതയായി ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കും.