പാലക്കാട്> മരണത്തിന്റെ മുനമ്പിൽനിന്ന് ജീവിതത്തിന്റെ മുകൾ പരപ്പിലേക്ക് എത്തിയപ്പോൾ രക്ഷപ്പെട്ടെന്ന് ബാബുവിന് വിശ്വസിക്കാനായില്ല. തന്നെ തോളേറ്റി ചെങ്കുത്തായ പാറക്കെട്ട് കയറിയ സൈനികനും സഹപ്രവർത്തകർക്കും മാറിമാറി ഉമ്മ നൽകി. നിറഞ്ഞ കണ്ണുകളോടെ നന്ദി പറഞ്ഞു. വരണ്ട തൊണ്ടയിൽ വാക്കുകൾ കുരുങ്ങി.
‘മരണം മുന്നിൽ കണ്ടാണ് ഓരോ നിമിഷവും കഴിഞ്ഞത്’–-ജീവിതത്തിലേക്ക് തിരിച്ചുകയറിയതിന്റെ അമ്പരപ്പ് ഒഴിയാതെ രക്ഷാപ്രവർത്തകരോട് പറഞ്ഞു. അവശനെങ്കിലും ഓരോരുത്തരെയും കെട്ടിപ്പിടിച്ചു. മകനെ രക്ഷിച്ച സൈന്യത്തോടും സർക്കാരിനോടും നാട്ടുകാരോടും ഉമ്മ റഷീദ നന്ദി അറിയിച്ചു.
‘നാടൊന്നാകെ മകനായി രാവുംപകലും നിന്നു. മുഖ്യമന്ത്രി ഇടപെട്ട് കാര്യങ്ങൾ വേഗത്തിലാക്കി. ആശ്വസിപ്പിക്കാൻ ഉദ്യോഗസ്ഥരും നാട്ടുകാരും ബന്ധുക്കളുമെത്തി. മകനെത്തുംവരെ തളരില്ലെന്ന് മനസ്സിലുറപ്പിച്ചിരുന്നു’–- റഷീദ പറഞ്ഞു. നെഞ്ച് തകർന്ന് രണ്ടുദിവസമായി മലയടിവാരത്ത് മകനെ കാത്തിരുന്ന റഷീദ ബാബുവുമായി ഫോണിൽ സംസാരിച്ച ഉടൻ കുഴഞ്ഞുവീണു.