ബംഗളൂരു> സ്കൂളിലും കോളേജിലും ഹിജാബിന് വിലക്കേര്പ്പെടുത്തിയത് ചോദ്യംചെയ്ത വിദ്യാര്ത്ഥികളുടെ ഹർജികൾ വിശാല ബെഞ്ചിന് വിട്ട് കർണാടക ഹെെക്കോടതി. ഇടക്കാല ഉത്തരവിനും സിംഗിൾ ബെഞ്ച് വിസമ്മതിച്ചു. ഇക്കാര്യവും വിശാല ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് പറഞ്ഞു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് വിഷയം ഉടൻ പരിഗണിക്കാൻ അഭ്യര്ത്ഥിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇടക്കാല ഉത്തരവ് വന്നാൽ അത് ഹർജികൾ പരിഗണിക്കുന്നതിന് തുല്യമാകുമെന്ന് കർണാടക സർക്കാരിന് വേണ്ടി ഹാജരായ എജി പ്രഭൂലിംഗ് നവദഗി പറഞ്ഞു. കർണാടക വിദ്യാഭ്യാസ നിയമത്തിൽ യൂണിഫോം സംബന്ധിച്ച് ഒന്നും പറയുന്നില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ സജ്ഞയ് ഹെഗ്ഡെ ചൂണ്ടിക്കാട്ടി.
സ്കൂള് പരിസരത്ത് പ്രതിഷേധത്തിന് വിലക്ക്
ഹിജാബ് വിഷയത്തിൽ സംഘർഷം വ്യാപിക്കുന്നതിനാൽ ബംഗളൂരുവിൽ സ്കൂളുകൾക്കും കോളേജുകൾക്കും 200 മീറ്റർ ചുറ്റളവിൽ പ്രതിഷേധിക്കുന്നത് രണ്ടാഴ്ചത്തേക്ക് പൊലീസ് വിലക്കി.
ഒരു തരത്തിലുള്ള പ്രകടനങ്ങളും കൂട്ടംകൂടലും അനുവദിക്കില്ലെന്ന് പൊലീസ് മേധാവിയുടെ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് ഹൈസ്കൂളിനും കോളേജിനുമടക്കം മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.