പാലക്കാട്> ‘രക്ഷാപ്രവർത്തനത്തിനുള്ള റോപ് ഉൾപ്പെടെ ഓരോരുത്തരുടെയും ചുമലിൽ 30 കിലോയിലേറെ ഭാരം, വന്യജീവികളുടെ വിഹാരകേന്ദ്രമായ കൊടുംകാട്, സമയം പുലർച്ചെ രണ്ട്. ഒട്ടും പരിചിതമല്ലാത്ത വനമേഖലയിലൂടെ നാലര മണിക്കൂർ നടത്തം. ഒടുവിൽ ബാബു കുടുങ്ങിക്കിടന്ന മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയുടെ മുകളിലെത്തുമ്പോൾ നേരം വെളുത്തു’–- കേരള പൊലീസിന്റെ ഹൈ ആൾട്ടിറ്റ്യൂഡ് റസ്ക്യൂ ടീം തലവൻ അസിസ്റ്റന്റ് കമാൻഡന്റ് ആർ സ്റ്റാർമോന്റെ വാക്കുകൾ.
രക്ഷാദൗത്യത്തിന് വേഗം കൂട്ടാൻ സൈന്യത്തിന് സഹായകമായത് ഹൈ ആൾട്ടിറ്റ്യൂഡ് റസ്ക്യൂ ടീമിന്റെ എട്ടംഗ സംഘമാണ്. മലമുകളിൽ നങ്കൂരമിടൽ ഉൾപ്പെടെ ശ്രമകരമായ ജോലി മുപ്പതംഗ സൈന്യത്തോടൊപ്പം ഇവർ ഏറ്റെടുത്തു. സൈന്യത്തിന്റെ റോപ്പിന് നീളം കുറവായതിനാൽ ബാബുവിനെ രക്ഷിക്കാൻ ഉപയോഗിച്ചത് ഹൈ ആൾട്ടിറ്റ്യൂഡ് റസ്ക്യൂ സംഘത്തിന്റെ പോളി പ്രൊപ്പിലീൻ റോപ്പാണ്. 200 മീറ്ററിലേറെ നീളമുള്ള രണ്ട് റോപ് കൂട്ടിക്കെട്ടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബാബുവിനെ സുരക്ഷിതമായി മുകളിലെത്തിച്ച് ഹെലികോപ്റ്ററിൽ കയറ്റിവിടുന്നതുവരെ സംഘം മലമുകളിൽ അക്ഷീണം പ്രയത്നിച്ചു. പകൽ രണ്ടോടെയാണ് ഇവർ മലയിറങ്ങിയത്.
ഇടുക്കി കുട്ടിക്കാനത്തുനിന്നാണ് സംഘം മലമ്പുഴയിലെത്തിയത്. ജീവൻ രക്ഷിച്ച ചാരിതാർഥ്യത്തോയൊടെയാണ് മടങ്ങുന്നതെന്ന് സ്റ്റാർമോൻ പറഞ്ഞു. എപിഎസ്ഐ ഉണ്ണിക്കൃഷ്ണൻ, എപിഎഎസ്ഐ നിബു ജോർജ്, ഹവിൽദാർമാരായ ജോബി വി ജോൺ, റെനീഷ്, എ പി ബൈജു, ഉദയകൃഷ്ണൻ, കെ ബി രജീഷ്, പി സി ഷിബിൻ എന്നിവരാണ് സംഘത്തിലുണ്ടായത്.